ഇന്ന് രാവിലെയാണ് മറുനാടന്‍ മലയാളി ആ വാര്‍ത്ത ബ്രേക്ക് ചെയ്തത്. തടി തപ്പാന്‍ പൃഥ്വിരാജ് 20 കോടി പിഴയടച്ചു എന്ന തലക്കെട്ടുമായി വീഡിയോ ചെയ്തത് ഷാജന് സ്കറിയയാണ്. ഇന്ന് മലയാളമനോരമ പത്രത്തില്‍ വന്ന വാര്‍ത്തയുടെ ചുവട് പിടിച്ചുകൊണ്ടായിരുന്നു ഷാജന് സ്കറിയയുടെ വീഡിയോ.
മലയാള സിനിമാമേഖലയില്‍ വിദേശത്തുനിന്ന് വന്‍തോതിലുള്ള കള്ളപ്പണ നിക്ഷേപം വരുന്നതായുള്ള ഇന്റലിജന്‍സ് വിവരത്തെത്തുടര്‍ന്ന് ആദായനികുതി വകുപ്പും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നടപടികള്‍ ശക്തമാക്കിയെന്നും മലയാള സിനിമയിലെ അഞ്ച് നിര്‍മ്മാതാക്കള്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണെന്നും ഒരാള്‍ 25 കോടി പിഴയടച്ചുവെന്നും ബാക്കി നാല് പേരെ ഈഡി ചോദ്യം ചെയ്യുന്നുവെന്നായിരുന്നു മനോരമ റിപ്പോര്‍ട്ട് ചെയ്തത്.
ഈ വാര്‍ത്തയെ പിന്തുടര്ന്ന് താന്‍ നടത്തിയ അന്വേഷണത്തില്‍ 25 കോടി രൂപ പിഴയടച്ച നടന് കൂടിയായ നിര്‍മ്മാതാവ് പൃഥ്വിരാജാണെന്ന് ഷാജന് സ്കറിയ തന്റെ വാര്‍ത്താവതരണത്തില്‍ ശക്തമായി ചൂണ്ടിക്കാട്ടുന്നു. 25 കോടിയല്ല, അത് 20 കോടിയാണെന്നും ഷാജന് മനോരമയെ തിരുത്തിക്കൊണ്ട് പറയുന്നുണ്ട്.
ഈ ആരോപണം തീര്‍ത്തും അസത്യവും അടിസ്ഥാനരഹിതവും അത്യന്തം അധിക്ഷേപകരവുമെന്നാണ് പൃഥ്വിരാജ് ഫെയ്സ് ബുക്കിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞത്. അതുകൊണ്ടുതന്നെ മറുനാടന്‍ മലയാളി എന്ന ചാനലിനെതിരെ ശക്തമായ നിയമനടപടികള്‍ക്കൊരുങ്ങുകയാണെന്നും പൃഥ്വിരാജ് പറയുന്നു. വസ്തുതകള്‍ ഉറപ്പ് വരുത്തിയതിനുശേഷം മാത്രമേ ഇതിനുമേല്‍ തുടര്‍വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാവൂ എന്ന് ഉത്തരവാദിത്തമുള്ള എല്ലാ മാധ്യമങ്ങളോടും പൃഥ്വിരാജ് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നുമുണ്ട്.
Recent Comments