രതീഷ് രഘുനന്ദന് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രത്തിന്റെ സെക്കന്റ് ഷെഡ്യൂള്‍ കട്ടപ്പനയില്‍ ആരംഭിച്ചു. ദിലീപ് സെറ്റില്‍ ജോയിന്‍ ചെയ്തു. അന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന ഈ ഷെഡ്യൂളോടെ ചിത്രീകരണം പൂര്‍ത്തിയാകും.
അഞ്ഞൂറോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമായി കോട്ടയം സി.എം.എസ് കോളേജില്‍ ജനുവരി 28 ന് ചിത്രീകരണം തുടങ്ങിയ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഈരാറ്റുപേട്ട, പൂഞ്ഞാര്‍, കാഞ്ഞിരപ്പളളി, കൂട്ടിക്കല്‍, കുട്ടിക്കാനം, പീരുമേട് എന്നിവടങ്ങളിലായി മാര്‍ച്ച് എട്ടിനാണ് പൂര്‍ത്തിയായത്.
ദിലീപിനും നായികമാരായ നീത പിളള, പ്രണിത സുഭാഷ് എന്നിവര്‍ക്കും പുറമെ മലയാളത്തിലേയും തമിഴിലേയും ഒരു വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജോണ്‍ വിജയ്, സമ്പത്ത് റാം, അജ്മല്‍ അമീര്‍, സുദേവ് നായര്‍, സിദ്ദിഖ്, മനോജ് കെ. ജയന്, കോട്ടയം രമേഷ്, മേജര്‍ രവി, സന്തോഷ് കീഴാറ്റൂര്‍, അസീസ് നെടുമങ്ങാട്, തൊമ്മന് മാങ്കുവ,ജിബിന്‍ ജി, അരുണ്‍ ശങ്കരന്, മാളവിക മേനോന്, രമ്യ പണിക്കര്‍, മുക്ത, ശിവകാമി, അംബിക മോഹന്‍, സ്മിനു എന്നിവരാണ് മറ്റഭിനേതാക്കള്‍.
ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത് തെന്നിന്ത്യയിലെ പ്രഗത്ഭരായ നാല് ഫൈറ്റ് മാസ്റ്റേഴ്സ് ചേര്‍ന്നാണ്. രാജശേഖരന്, സ്റ്റണ്‍ ശിവ, സുപ്രീം സുന്ദര്‍, മാഫിയ ശശി എന്നിവരാണ് മാസ്റ്റേഴ്സ്.
സെക്കന്റ് ഷെഡ്യൂളിലെ ചില സുപ്രധാന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനായി കട്ടപ്പനയ്ക്കടുത്ത് രണ്ടരയേക്കര്‍ സ്ഥലത്ത് ആര്‍ട്ട് ഡയറക്ടര്‍ മനു ജഗത് വന്‍ സെറ്റാണ് ഒരുക്കുന്നത്. ആയിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അണിനിരക്കുന്ന രംഗങ്ങള്‍ പതിനഞ്ച് ദിവസങ്ങള്‍ കൊണ്ട് ഈ സെറ്റിലാണ് ചിത്രീകരിക്കുന്നത്.
സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര് ബി ചൗധരിയും ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിരയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ഉടന്‍ പ്രഖ്യാപിക്കും.
Recent Comments