പ്രശസ്ത നിര്‍മ്മാതാവ് പി.കെ.ആര്. പിള്ള നിര്യാതനായി. പാലക്കാട് കണ്ണാറയിലുള്ള വീട്ടില്‍വച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. 97 വയസ്സായിരുന്നു. കുറച്ചുകാലമായി അസുഖബാധിതനായിരുന്നു. സംസ്കാരച്ചടങ്ങുകള്‍ നാളെ നടക്കും.
വ്യവസായി എന്ന നിലയിലാണ് പി.കെ.ആര്. പിള്ളയുടെ തുടക്കം. മുംബയ് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന സ്റ്റാര്‍നൈറ്റ് ഗ്രൂപ്പിന്റെ ഉടമയായിരുന്നു. പിന്നീടാണ് സിനിമാരംഗത്ത് സജീവമാകുന്നത്. സുകുമാരിയും അടൂര്‍ഭാസിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച വെപ്രാളം ആയിരുന്നു ആദ്യ നിര്‍മ്മാണ സംരംഭം. അതിലൊരു പ്രധാന വേഷം ചെയ്തതും പി.കെ.ആര് ആണ്. പി.കെ.ആര് പിള്ളയെ മലയാളികള്‍ക്കിടയില്‍ സുപരിചിതനാക്കിയത് ‘ചിത്രം’ എന്ന സിനിമയുടെ നിര്‍മ്മാതാവ് എന്ന നിലയിലാണ്. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഡൂപ്പര്‍ ചിത്രങ്ങളില്‍ ഒന്നായ ‘ചിത്ര’ത്തിന്റെ വിജയത്തോടെ പി.കെ.ആര്. പിള്ളയും അദ്ദേഹത്തിന്റെ നിര്‍മ്മാണ കമ്പനിയായ ഷിര്‍ദ്ധിസായി പ്രൊഡക്ഷന്‍സും ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. കടുത്ത സായി ഭക്തനായിരുന്നു പി.കെ.ആര്. അതുകൊണ്ടാണ് നിര്‍മ്മാണ കമ്പനിക്ക് ഷിര്‍ദ്ധിസായി പ്രൊഡക്ഷന്‍ എന്ന് പേരിട്ടത്. അദ്ദേഹത്തിന്റെ വീട്ടുപേരും സായി നിവാസ് എന്നായിരുന്നു.
മോഹന്‍ലാലിനെ വച്ച് കൂടുതല്‍ സിനിമകള്‍ ചെയ്ത നിര്‍മ്മാതാവ് എന്ന ഖ്യാതിയും പി.കെ.ആര്. പിള്ളയ്ക്കുണ്ട്. ശോഭ്രാജ്, അമൃതംഗമയ, ചിത്രം, വന്ദനം, അര്‍ഹത, കിഴക്കുണരും പക്ഷി, അഹം എന്നിവ അദ്ദേഹം ലാലിനെവച്ച് നിര്‍മ്മിച്ച ചിത്രങ്ങളായിരുന്നു. ജയസൂര്യ നായകനായ പ്രണയമണിത്തൂവലാണ് അദ്ദേഹം ഏറ്റവും ഒടുവിലായി നിര്‍മ്മിച്ച ചിത്രം.
വ്യവസായ പ്രതിസന്ധികളും സിനിമയിലെ പരാജയവും പി.കെ.ആറിന്റെ സാമ്പത്തിക സ്ഥിതിയെ വല്ലാതെ ബാധിച്ചു. കൂത്താട്ടുകൂളത്തെ കൊട്ടാരസദൃശ്യമായ വീട് വിറ്റ് അദ്ദേഹം പാലക്കാട്ട് സ്ഥിരതാമസമാക്കി. ഇതിനിടെ നടന് കൂടിയായ ഇളയ മകന് സിദ്ധുവിന്റെ അകാലമരണം അദ്ദേഹത്തിന്റെ ജീവിതത്തെ തകിടം മറിച്ചു. അവസാനനാളുകളില്‍ ഓര്‍മ്മക്കുറവും ഉണ്ടായി. കടുത്ത ദാരിദ്ര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ അവാസന നാളുകളെന്ന് ചില വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അത് പൂര്‍ണ്ണമായും ശരിയായിരുന്നില്ല.
മൂത്തമകന് രാജേഷ് ദൂബായിലാണുള്ളത്. ഇന്ന് വൈകുന്നേരത്തോടെ അദ്ദേഹം നാട്ടിലെത്തും. ശവസംസ്കാര ചടങ്ങുകള്‍ നാളെ നടക്കും.
Recent Comments