ഒരു ഇടവേളയ്ക്കുശേഷം രാജ് ബാബു സംവിധാനം ചെയ്ത ചിത്രമാണ് ചാട്ടുളി. അട്ടപ്പാടിയിലായിരുന്നു ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം ചിത്രീകരിച്ചത്. ഷൂട്ടിംഗ് പൂര്‍ത്തിയായ ചാട്ടുളിയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. ജൂണ്‍ അവസാനം തീയേറ്ററുകളില്‍ എത്തിക്കാനുള്ള ഒരുക്കങ്ങളും നടക്കുന്നു.
ഇതിനിടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ജാഫര്‍ ഇടുക്കിയും ഷൈന്‍ ടോം ചാക്കോയും കലാഭവന്‍ ഷാജോണുമാണ് പോസ്റ്ററിലുള്ളത്. ഗോത്രവാസിയായ മാരിയെ അവതരിപ്പിക്കുന്നത് ജാഫറാണ്. പോലീസ് ഉദ്യോഗസ്ഥന് സാംസണ് ആന്റണിയെ ഷൈന്‍ ടോം ചാക്കോയും പ്രാദേശിക രാഷ്ട്രീയ നേതാവ് ശിവദാസനെ കലാഭവന്‍ ഷാജോണും അവതരിപ്പിക്കുന്നു.
കേരളത്തിലെ ഒരു ആദിവാസി സമൂഹത്തിനിടയില്‍ നടക്കുന്ന സംഭവമാണ് ചാട്ടുളിയുടെ പ്രമേയം. ചാട്ടുളി എന്നത് ഗോത്ര വിഭാഗക്കാര്‍ മീന്‍ പിടിക്കാന്‍ ഉപയോഗിക്കുന്ന ഒരു ആയുധമാണ്. വളരെ ക്ഷമാപൂര്‍വ്വം കാത്തിരുന്നാണ് അവര്‍ ഈ ആയുധം ഉപയോഗിക്കുന്നത്. ഒരിക്കല്‍ ഉപയോഗിച്ചാല്‍ അത് ലക്ഷ്യസ്ഥാനത്ത് തറയ്ക്കുകയും ചെയ്യും. ചാട്ടുളി സിനിമയുടെ ടൈറ്റിലായി മാറുമ്പോള്‍ കഥ എന്താണോ പറയാനാഗ്രഹിക്കുന്നത് അത് കുറിക്ക് കൊള്ളുമെന്ന് സംവിധായകന് രാജ് ബാബു പറയുന്നു.
കാര്‍ത്തിക് വിഷ്ണു, ശ്രുതി ജയന്, ലതാ ദാസ്, വര്‍ഷാ പ്രസാദ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. നെല്‍സണ്‍ ഐപ്പ് സിനിമാസ്, ഷാ ഫൈസി പ്രൊഡക്ഷന്‍സ്, നവതേജ് ഫിലിംസ് എന്നീ ബാനറുകളില്‍ നെല്‍സണ്‍ ഐപ്പ്, ഷാ ഫൈസി, സുജന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജയേഷ് മൈനാഗപ്പള്ളി കഥയും തിരക്കഥയും സംഭാഷണവും എഴുതുന്ന ചാട്ടുളിയുടെ ഛായാഗ്രഹണം പ്രമോദ് കെ. പിള്ള നിര്‍വ്വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്ട്രോളര് ഷാജി പട്ടിക്കര. ഫോട്ടോ: അനില്‍ പേരാമ്പ്ര.
Recent Comments