വിശ്വപ്രശസ്ത സാഹിത്യകാരന് എം.ടി. വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളില്‍നിന്നും ഒന്‍പത് ചലച്ചിത്രങ്ങളുടെ നിര്‍മ്മിതി എന്ന സ്വപ്നം പൂര്‍ത്തിയായതിന് പിന്നാലെ അതിന്റെ ഒടിടി കരാറില്‍നിന്ന് നെറ്റ്ഫ്ളിക്സ് പിന്മാറിയെന്ന വാര്‍ത്ത പ്രചരിച്ചത് കഴിഞ്ഞ ദിവസങ്ങളിലാണ്. ഇതിന്റെ നിജസ്ഥിതി അറിയാന്‍കൂടിയാണ് ഈ പ്രൊജക്ടിന്റെ ലൈന്‍ പ്രൊഡ്യൂസര്‍ കൂടിയായ സുധീര്‍ അമ്പലപ്പാടിനെ വിളിച്ചത്.
‘ഇങ്ങനെയൊരു വാര്‍ത്ത ഞങ്ങളുടെ ശ്രദ്ധയിലും പെട്ടിരുന്നു. അനാവശ്യ വിവാദങ്ങളിലേയ്ക്ക് പോകണ്ടായെന്ന് കരുതി പ്രതികരിക്കാതിരുന്നതാണ്. വാസ്തവത്തില്‍ സംഭവിച്ചത് ഇതൊന്നുമല്ല.’ സുധീര്‍ ആമുഖമായി പറഞ്ഞു.
‘നെറ്റ്ഫ്ളിക്സുമായി സരിഗമ ഇന്ത്യ കരാറില്‍ ഒപ്പ് വയ്ക്കുമ്പോള്‍ ഈ പ്രൊജക്ടിന് ഇത്രയും വലിപ്പം ഉണ്ടായിരുന്നില്ല. എം.ടി. കഥകളുടെ ആന്തോളജി എന്ന നിലയിലായിരുന്നു തുടക്കം. മുഖ്യധാരാ ആര്‍ട്ടിസ്റ്റുകളൊന്നും പ്രൊജക്ടിന്റെ ഭാഗമായിരുന്നില്ല. എന്നാല്‍ പിന്നീട് ഞാനും ഈ പ്രൊജക്ടിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസറും എം.ടി. സാറിന്റെ മകളുമായ അശ്വതി വി. നായരും ചേര്‍ന്നാണ് മലയാളത്തിലെ മുന്‍നിര താരങ്ങളെ സമീപിച്ചത്. എം.ടി. സാറിനുള്ള ആദരം എന്ന നിലയില്‍ ഈ പ്രൊജക്ടിന് മറ്റൊരു മാനം വന്നുചേരുകയായിരുന്നു. ഞങ്ങള്‍ സമീപിച്ച എല്ലാ താരങ്ങളും, അത് മമ്മൂക്കയാകട്ടെ, ലാലേട്ടനാകട്ടെ, കമല്ഹാസന് സാറാകട്ടെ എല്ലാവരും ഈ പ്രൊജക്ടിനൊപ്പം സഹകരിക്കാന്‍ തയ്യാറായി. അതോടെ ആദ്യം പ്ലാന്‍ ചെയ്തിരുന്നതില്‍നിന്ന് വ്യത്യസ്തമായി ഒരു ബ്രഹ്മാണ്ഡ പ്രൊജക്ടായി അത് മാറുകയായിരുന്നു.’
‘ഈ പ്രൊജക്ടിന് ഫണ്ട് ചെയ്തത് നെറ്റ്ഫ്ളിക്സായിരുന്നില്ല. സരിഗമ ഇന്ത്യയാണ്. പ്രിയദര്ശന് (ഓളവും തീരവും, ശിലാലിഖിതം), സന്തോഷ് ശിവന് (അഭയം തേടി വീണ്ടും), രഞ്ജിത്ത് (കഡുകണ്ണാവ ഒരു യാത്രാക്കുറിപ്പ്), ജയരാജ്(സ്വര്‍ഗ്ഗം തുറക്കുന്ന സമയം), ശ്യാമപ്രസാദ് (കാഴ്ച), മഹേഷ് നാരായണന്(ഷെര്‍ലക്ക്), രതീഷ് അമ്പാട്ട് (കടല്‍ക്കാറ്റ്), അശ്വതി വി. നായര്‍ (വില്‍പ്പന) എന്നിവര്‍ ചേര്‍ന്നാണ് എം.ടി. സാറിന്റെ ഒന്‍പത് വ്യത്യസ്ത തിരക്കഥകള്‍ ഒന്‍പത് മികച്ച ചലച്ചിത്രാനുഭവങ്ങളാക്കി മാറ്റിയത്. സ്വാഭാവികമായും ചിത്രത്തിന്റെ ബജറ്റും വര്‍ദ്ധിച്ചു.’
‘ഈ ചലച്ചിത്രങ്ങളുടെ റിലീസിന് മുന്നോടിയായി എം.ടി. സാറിന് ആദരമര്‍പ്പിച്ച് ഒരു വലിയ ലോഞ്ചിംഗ് ഫങ്ഷന് സംഘടിപ്പിക്കണമെന്നുള്ളത് ഞങ്ങളുടെ ഒരു വലിയ ആഗ്രഹമായിരുന്നു. പക്ഷേ അതിനോട് നെറ്റ്ഫ്ളിക്സിന് താല്‍പ്പര്യമുണ്ടായിരുന്നില്ല. നെറ്റ്ഫ്ളിക്സുമായി സരിഗമ ഉണ്ടാക്കിയ കരാറനുസരിച്ച് പരസ്പരം ഒത്തുപോകാന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ പിന്വാങ്ങാവുന്ന ഒരു വ്യവസ്ഥകൂടി ഉണ്ടായിരുന്നു. അതല്ലാതെ ഇപ്പോള്‍ പ്രചരിക്കുന്നതുപോലെ നെറ്റ്ഫ്ളിക്സ് ഏകപക്ഷീയമായി പിന്മാറിയതല്ല. നിലവില്‍ ഡിസ്നി ഹോട്ട്സ്റ്റാര്‍, സോണി ലൈവ്, ആമസോണ്‍, സീ ഫൈവ്, ജിയോ തുടങ്ങിയ വമ്പന്‍ കമ്പനികളാണ് ഡിജിറ്റല്‍ റൈറ്റ്സിനായി ഞങ്ങളെ സമീപിച്ചിട്ടുള്ളത്. വരും ദിവസങ്ങളില്‍ ഇതു സംബന്ധിച്ച് വ്യക്തമായ തീരുമാനമുണ്ടാകും.’ സുധീര്‍ തുടര്‍ന്നു.
‘മഹാരഥന്മാരായ സംവിധായകരും അഭിനേതാക്കളും ടെക്നീഷ്യന്മാരും ഒത്തുചേരുന്ന ഒരു ബ്രഹ്മാണ്ഡ പ്രൊജക്ട് ഇന്ത്യയില്‍ ഇതാദ്യമാണ്. കമല്ഹാസന് സാറാണ് ചിത്രത്തിന്റെ തമിഴ് പതിപ്പിന് വേണ്ടി വോയ്സ് ഓവര്‍ നല്‍കിയിരിക്കുന്നത്. ഹിന്ദിയില്‍നിന്ന് അമിതാഭ് ബച്ചന് സാര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ ഭാഷാചിത്രങ്ങളിലുള്ള സൂപ്പര്‍താരങ്ങളാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. ഈ പ്രൊജക്ടിന് ഇത്രയും വലിയൊരു ഹൈപ്പ് ഉണ്ടാകാന്‍ കാരണം എം.ടി. വാസുദേവന്‍ നായര്‍ എന്ന പ്രതിഭയോടുള്ള ആദരം ഒന്നുകൊണ്ടുമാത്രമാണ്.’ സുധീര്‍ പറഞ്ഞുനിര്‍ത്തി.
Recent Comments