‘ഇന്നലെ വടകരയിലായിരുന്നു പരിപാടി. 24 ചാനലിന്റെ ആഭിമുഖ്യത്തിലുള്ള ഒരു ചാരിറ്റി ഷോയായിരുന്നു അത്. ഞാനും ടിനിയും കൊല്ലം സുധിയും വിനു അടിമാലിയും ഉല്ലാസും മഹേഷും പരിപാടിയുടെ ഭാഗമായിരുന്നു. ഷോ ഗംഭീരമായിരുന്നു. ഒരുമിച്ച് ഭക്ഷണം കഴിച്ചിട്ട് ഇറങ്ങാമെന്ന് സുധി ഞങ്ങളോട് പറഞ്ഞതാണ്. വഴിയില്‍ എവിടെനിന്നെങ്കിലും ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞ് ഞങ്ങള്‍ ഇറങ്ങി. യാത്ര പറഞ്ഞിറങ്ങുംമുമ്പ് ഒരുമിച്ചൊരു ഫോട്ടോ വേണമെന്ന് സുധി പറഞ്ഞു. സന്തോഷത്തോടെ ഞാനും ടിനിയും സുധിയും വിനു അടിമാലിയും ഫോട്ടോയ്ക്ക് പോസ് ചെയ്തു. അതിനുശേഷമാണ് യാത്ര പറഞ്ഞിറങ്ങിയത്.’
‘രാവിലെയാണ് ആ ദുഃഖവാര്‍ത്ത കേട്ടത്. ശരിക്കും ഷോക്കായിപ്പോയി. കഴിഞ്ഞ ദിവസം സന്തോഷത്തോടെയാണ് ഞങ്ങള്‍ പിരിഞ്ഞത്. അക്കൂട്ടത്തില്‍ ഒരാള്‍ ഓര്‍മ്മയായിരിക്കുന്നു. തൃശൂരിന് സമീപം കൈപ്പമംഗലത്ത് വച്ചായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ്. കാറ് അത്യാവശ്യം സ്പീഡിലായിരുന്നുവെന്നാണ് കേട്ടത്.’
‘സാധാരണ മിമിക്രി വേദികളില്‍ ആര്‍ട്ടിസ്റ്റുകളുടെ ശബ്ദം അനുകരിക്കുന്നവരാണ് ശ്രദ്ധേയരാകുന്നവരിലധികവും. കൊല്ലം സുധിയെ സംബന്ധിച്ചിടത്തോളം അദ്ദേഹം സ്കിറ്റിലെ താരമായിരുന്നു. സുധിയുടെ മുഖത്ത് വിരിയുന്ന ചില എക്സ്പ്രഷനുകളും ആര്‍ക്കും അനുകരിക്കാനാകുമായിരുന്നില്ല. എല്ലവരോടും സ്നേഹമുള്ള ഒരാളായിരുന്നു സുധി. അദ്ദേഹത്തിന് ഒന്നിലും പരാതിയും പരിഭവവുമില്ലായിരുന്നു. ആ സുഹൃത്തിന്റെ വേര്‍പാട് എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല.’
Recent Comments