എന്റെ സഹോദരന്റെ വീട്ടില്‍ പോയിട്ട് ഞാന്‍ കഴിഞ്ഞ ദിവസം മടങ്ങിയെത്തിയത് രാത്രി വളരെ വൈകിയാണ്. അതിരാവിലെ ഗ്രൂപ്പുകളില്‍ സുധിച്ചേട്ടന്റെ വിയോഗവാര്‍ത്ത പരക്കുന്നത് കണ്ടപ്പോള്‍ സത്യമായിരിക്കല്ലേ എന്നാണ് ആദ്യം പ്രാര്‍ത്ഥിച്ചത്. തൊട്ടുപിന്നാലെ ടിനിയേട്ടന്റെ ഫെയ്സ്ബുക്ക് പോസ്റ്റും കണ്ടു. അതോടെ തളര്‍ന്നുപോയി.
2014 മുതല്‍ 2016 വരെ സുധിച്ചേട്ടനും പാഷാണം ഷാജിക്കൊപ്പമുള്ള സ്റ്റേജ് ഷോകളില്‍ ഞാനുമുണ്ടായിരുന്നു. കേരളത്തിലും ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമടക്കം നിരവധി സ്റ്റേജ് ഷോകള്‍ ഞങ്ങള്‍ അവതരിപ്പിച്ചു. ആ രണ്ട് വര്‍ഷക്കാലം ഞങ്ങള്‍ ഒരുമിച്ചുതന്നെയായിരുന്നു. എല്ലാവരെയും സ്നേഹിക്കാന്‍ മാത്രമേ സുധിയേട്ടന് കഴിഞ്ഞുള്ളൂ. ഏറ്റവും സ്നേഹമുള്ളവരെ അദ്ദേഹം മക്കളേ എന്നാണ് അഭിസംബോധന ചെയ്തിരുന്നത്. സുധിയേട്ടന് ആരോടും ദേഷ്യപ്പെട്ട് ഞാനിതുവരെ കണ്ടിട്ടില്ല. ആര്‍ക്കുമാര്‍ക്കും ശല്യമില്ലാത്ത ഒരാള്‍. ആരോടും ശത്രുത ഇല്ലാത്ത ഒരാള്‍. പക്ഷേ സ്റ്റേജില്‍ അദ്ദേഹം പുലിയായിരുന്നു. തട്ടില്‍ കയറിയാല്‍ മട്ട് മാറും എന്നൊക്കെ കേട്ടിട്ടില്ലേ. അതുപോലെയായിരുന്നു സുധിച്ചേട്ടനും. അദ്ദേഹത്തിന്റെ ചില കൗണ്ടറുകളൊക്കെ കേട്ടാല്‍ ഷോയ്ക്കിടയിലാണെങ്കിലും നമ്മള് ചിരിച്ചുപോകും.
സുധിച്ചേട്ടന്റെ വിയോഗവാര്‍ത്ത സത്യമായിരിക്കല്ലേ എന്ന് വിശ്വസിക്കാനാണ് ഞാനിപ്പോഴും ആഗ്രഹിക്കുന്നത്. കാരണം എനിക്കത് താങ്ങാനാവുന്നില്ല. അപ്പോള്‍ സുധിച്ചേട്ടനെ ജീവനുതുല്യം സ്നേഹിക്കുന്ന ചേച്ചിയുടെയും മക്കളുടെ കാര്യമോ? ദൈവമേ അവര്‍ക്ക് എല്ലാം സഹിക്കാനുള്ള കരുത്ത് നല്കണമേ.
Recent Comments