ശുദ്ധജല ക്ഷാമം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന ജനതയാണ് കുട്ടനാട്ടുകാര്‍. അവര്‍ക്ക് ഇനി ആശ്വസിക്കാം. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഓട്ടോമേറ്റഡ് കുടിവെള്ളം പ്ലാന്റ് സ്ഥാപിച്ചിരിക്കുകയാണ് മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്. കുട്ടനാട്ടിലെ എടത്വ ഒന്നാം വാര്‍ഡിലെ 300 ഓളം കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ഗുണഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന ഇലക്ട്രോണിക് കാര്‍ഡ് ഉപയോഗിച്ച് ഓരോ കുടുംബത്തിനും ആവശ്യമായ ശുദ്ധജലം പ്ലാന്റില്‍നിന്ന് സൗജന്യമായി എടുക്കാവുന്നതാണ്. കുട്ടനാട്ടിലെ ഭൂജലത്തില്‍ സാധാരണയായി കണ്ടുവരുന്ന ആരോഗ്യത്തിന് ഹാനികരമായ ഇരുമ്പ്, കാല്‍സ്യം, ക്ലോറൈഡ്, ഹെവി മെറ്റല്‍സ് എന്നിവ നീക്കം ചെയ്യാന്‍ കഴിവുള്ളതാണ് ഈ പ്ലാന്റ്. ഒപ്പം കോളിഫോം, ഇകോളി തുടങ്ങിയ രോഗകാരികളായ ബാക്ടീരിയകളെ നശിപ്പിക്കാനും പ്ലാന്റിന് കഴിയും.
ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് വിശ്വശാന്തി ഫൗണ്ടേഷന് മാനേജിംഗ് ഡയറക്ടര്‍ മേജര്‍ രവി പ്ലാന്റ് ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. ഇലക്ട്രോണിക് കാര്‍ഡിന്റെ വിതരണം സജി സോമനന് നിര്‍വ്വഹിച്ചു. കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശമുണ്ടെന്ന് സജി സോമന് പറഞ്ഞു. ചടങ്ങില്‍ EYGDS കേരള ഹെഡ് വിനോദ്, വിശ്വശാന്തി പ്രൊജക്ട് കണ്‍സള്‍ട്ടന്റ് അരുണ്‍, വാര്‍ഡ് മെമ്പര്‍ ദീപ ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Recent Comments