ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫ് അലിയുടെ അനുജന് അഷ്റഫ് അലിയുടെ മകളുടെ വിവാഹത്തിന് എത്തിയതായിരുന്നു ഫോട്ടോഗ്രാഫര്‍ ജയപ്രകാശ് പയ്യന്നൂരും. അഷ്റഫ് അലിയുടെ നേരിട്ടുള്ള ക്ഷണപ്രകാരമാണ് ജയപ്രകാശ് അവിടെ ഫോട്ടോഗ്രാഫറായി എത്തിയത്. മുമ്പും പല സന്ദര്‍ഭങ്ങളിലും ആ കുടുംബത്തിന്റെ മികച്ച ചിത്രങ്ങള്‍ പകര്‍ത്താന്‍ ജെ.പിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ആ നിലയില്‍ തന്നെയാണ് ക്ഷണവും ഉണ്ടായത്. സിനിമാ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്ന നിലയിലും ജയപ്രകാശ് പ്രശസ്തനാണ്. ജെ.പി. സിനിമയില്‍ അരങ്ങേറ്റം കുറിച്ചിട്ട് 25 വര്‍ഷങ്ങളാകാന്‍ പോകുന്നു.
അബുദാബിയിലെ എമിറേറ്റ്സ് പാലസില്വച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍. ചടങ്ങില്‍ പങ്കുകൊള്ളാന്‍ മമ്മൂട്ടിയും മോഹന്‍ലാലും ഭാര്യാസമേതം എത്തിയിരുന്നു. ജെ.പി. പകര്‍ത്തിയ അവരുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ആ ചിത്രങ്ങള്‍ പകര്‍ത്തിയ അപൂര്‍വ്വ നിമിഷത്തെക്കുറിച്ച് ജെ.പി. കാന്‍ ചാനലുമായി സംസാരിക്കുന്നു.
‘ലാലേട്ടനാണ് ചടങ്ങില്‍ ആദ്യം എത്തിയത്. തൊട്ടുപിന്നാലെ മമ്മൂക്കയും. കഴുത്തില്‍ മൂന്ന് ക്യാമറകളും തൂക്കി നടന്നിരുന്ന എന്നെ മമ്മൂക്ക ആദ്യമേ ശ്രദ്ധിച്ചിരുന്നു. ഏത് ക്യാമറയാണ് ഉപയോഗിക്കുന്നതെന്ന് ആ തിരക്കിനിടയിലും അദ്ദേഹം തിരക്കി. നിക്കോണിന്റെ ഏറ്റവും പുതിയ മോഡലായ Z9 എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം കൗതുകത്തോടെ കേട്ടു. മമ്മൂക്ക എത്തിയതോടെ ലാലേട്ടന് എഴുന്നേറ്റ് നിന്ന് ഹസ്തദാനം നല്കി. ആ സമയം അവരുടെ ഒരു പടം എടുക്കണമെന്ന് മനസ്സ് കൊതിച്ചു. എന്റെ മനസ്സ് വായിച്ചെടുത്തിട്ടെന്നപോലെ അവര്‍ എന്റെ ക്യാമറയ്ക്ക് നേരെ പോസ് ചെയ്തു.’
‘ഇരുവരെയും ഒരുമിച്ച് നിര്‍ത്തി ഞാനൊരു ഫോട്ടോ എടുക്കുന്നത് ഇതാദ്യമല്ല. അഞ്ചാംതവണയാണ്. ഉദയനാണ് താരത്തിന്റെ നൂറ്റിയമ്പതാം വിജയാഘോഷ ചടങ്ങില്‍വച്ചായിരുന്നു ആദ്യ പടം പകര്‍ത്തിയത്. പിന്നീട് സൂര്യ ചാനലിന്റെ ഒരു സംഗീത പരിപാടിയില്‍, മഴവിലഴകില് അമ്മ എന്ന അമ്മയുടെ താരഷോയില്‍, അബുദാബിയില്‍ അരങ്ങേറിയ ഏഷ്യനെറ്റ് ഷോയില്‍. അപ്പോഴെല്ലാം ഇരുവരും എന്റെ ക്യാമറയ്ക്ക് മുന്നില്‍ ഒരുമിച്ചു. എത്ര കണ്ടാലും മതിവരാത്ത ഫ്രെയിമാണത്.’
‘മമ്മൂക്കയുടെയും ലാലേട്ടന്റെയും പടമെടുത്തുകൊണ്ടിരിക്കുമ്പോള് സുചിത്ര ചേച്ചിയും അവിടെയെത്തി. ‘എന്റെയും ഒരു ഫോട്ടോ’ എന്ന് പറഞ്ഞ് ചേച്ചിയും അവര്‍ക്കൊപ്പം ചേര്‍ന്നു. ആദ്യം അവരുടെ സൈഡില്‍നിന്നാണ് പടം എടുത്തത്. അത് പോര, രണ്ടുപേരുടെയും മധ്യത്തില്‍ വേണമെന്ന് പറഞ്ഞ് ചേച്ചിതന്നെ അവര്‍ക്കിടയിലേയ്ക്ക് കയറിനിന്നു. പെട്ടെന്ന് മമ്മൂക്ക സുല്ഫത്തിനെകൂടി വിളിച്ചു. അവര്‍ നാലുപേരെയും നിര്‍ത്തി ഞാന്‍ ഫോട്ടോ എടുത്തു. അവരുടെ കുടുംബചിത്രം പകര്‍ത്തുന്നത് ഇതാദ്യമാണ്. ഇത്തരം അപൂര്‍വ്വ നിമിഷങ്ങള്‍ പകര്‍ത്താന്‍ കഴിയുക എന്നത് ഒരു ഫോട്ടോഗ്രാഫറെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഭാഗ്യം തന്നെയാണ്. വെളിച്ചക്കുറവ് ഉണ്ടായിരുന്നത് മാത്രമാണ് ആ സമയത്ത് ഒരു നല്ല പടം എടുക്കുന്നതില്‍ എനിക്ക് തടസ്സമായി നിന്നത്.’ ജയപ്രകാശ് പറഞ്ഞുനിര്‍ത്തി.
Recent Comments