ട്വന്റി ട്വന്റിക്കുശേഷം താരസംഘടനയായ അമ്മ വീണ്ടും സിനിമ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു. ഇന്നലെ കൊച്ചിയില്‍ കൂടിയ അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇങ്ങനെയൊരു തീരുമാനം ഉ ണ്ടായത്. സംഘടനയുടെ ധനശേഖരണാര്‍ത്ഥമാണ് സിനിമ നിര്‍മ്മിക്കുന്നത്.
നിലവിലെ ഔദ്യോഗിക ഭാരവാഹികളുടെ കാലാവധി അടുത്ത വര്‍ഷം ജൂണില്‍ അവസാനിക്കുകയാണ്. അതിനുമുമ്പ് തന്നെ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങും.
ടി.കെ. രാജീവ്കുമാര്‍ മോഹന്‍ലാലിനോട് ഒരു കഥ പറഞ്ഞിട്ടുണ്ട്. ഇന്നലത്തെ മീറ്റിംഗില്‍ രാജീവ്കുമാര്‍ കൂടി പങ്കെടുക്കേണ്ടതായിരുന്നു. പക്ഷേ അദ്ദേഹം തിരുവനന്തപുരത്ത് ക്വാറന്റൈയിനിലായതിനാല് എത്തിച്ചേരാനായില്ല. അദ്ദേഹം കൂടി പങ്കെടുക്കുന്ന അടുത്ത മീറ്റിംഗില്‍വച്ച് തീരുമാനങ്ങള്‍ ഉണ്ടാകും.
കലൂരില്‍ പൂര്‍ത്തിയായ അമ്മയുടെ ആസ്ഥാനമന്ദിരനിര്മ്മാണത്തിനായി വന്‍ തുകയാണ് ഇതിനോടകം ചെലവായത്. അംഗങ്ങള്‍ക്ക് മാസംതോറും നല്‍കിവരുന്ന കൈനീട്ടത്തിനും ഒരു വലിയ തുക വേണ്ടിവരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഫണ്ടിനുവേണ്ടി അമ്മ മുന്നിട്ടിറങ്ങിയത്.
സ്റ്റേജ്ഷോയെക്കുറിച്ചാണ് ആദ്യം ആലോചിച്ചത്. ഒരു ചാനലുമായി അനൗദ്യോഗിക ചര്‍ച്ചകളും നടന്നിരുന്നു. പക്ഷേ കോവിഡ് പശ്ചാത്തലത്തില്‍ അത് സാധ്യമല്ലാത്തതിനാല്‍ സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പാര്‍വ്വതി തിരുവോത്തിന്റെ രാജികാര്യവും എക്സിക്യൂട്ടീവ് കമ്മിറ്റി ചര്‍ച്ച ചെയ്തു. രാജിവച്ച് ഒഴിയാന്‍ സ്വയം തീരുമാനിച്ച സാഹചര്യത്തില്‍, അത് സ്വീകരിക്കുകമാത്രമാണ് കരണീയമാര്ഗ്ഗമെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി ഏകകണ്ഠമായി വിലയിരുത്തി. ഇതോടെ അമ്മയില്‍നിന്ന് പുറത്തായിരിക്കുകയാണ് പാര്‍വ്വതി. ഇനി മാതൃസംഘടനയിലേയ്ക്ക് അവര്‍ക്ക് തിരിച്ചു വരണമെങ്കില്‍ ആദ്യം മുതല്‍ അംഗത്വമെടുത്തുവേണം വരാന്‍.
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ജയിലിലുള്ള ബിനീഷ് കോടിയേരിക്കെതിരേയും നടപടി വേണമെന്ന് അംഗങ്ങള്‍ മീറ്റിംഗില്‍ ആവശ്യപ്പെട്ടു. ഒരംഗത്തെ പുറത്താക്കാന്‍ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് അധികാരം ഇല്ലെന്നിരിക്കെ രണ്ട് കാര്യങ്ങളാണ് കമ്മിറ്റി ചര്‍ച്ച ചെയ്തത്. ഒന്ന് ബിനീഷിനെ സസ്പെന്റ് ചെയ്തശേഷം വിശദീകരണം തേടുക. രണ്ട് വിശദീകരണം തേടിയശേഷം സസ്പെന്റ് ചെയ്യുക. രണ്ടാമത്തെ നിലപാടിനോടാണ് അംഗങ്ങളില്‍ ഏറെയും യോജിച്ചത്. ഇനി ബിനീഷില്‍നിന്ന് വിശദീകരണം തേടിയശേഷം തുടര്‍നടപടി ഉണ്ടാവും.
പണി പൂര്‍ത്തിയായ അമ്മയുടെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം ജനുവരിയില്‍ നടത്തും. ഇക്കഴിഞ്ഞ് ജൂണില്‍ അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗിനോടൊപ്പം മന്ദിരത്തിന്റെ ഉദ്ഘാടനവും നടത്താനിരുന്നതാണ്. അപ്പോഴാണ് ലോക്ഡൗണ്‍ എത്തുന്നത്. അതോടെ ഉദ്ഘാടനം മാറ്റിവച്ചു. ഇനിയും വച്ച് വൈകിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ജനുവരിയില്‍ തന്നെ ആസ്ഥാനമന്ദിരം തുറന്നുകൊടുക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കും ഉദ്ഘാടന പരിപാടികള്‍ നിശ്ചയിക്കുക.
‘ഹോളിഡേ ഇന്നി’ല്‍ കൂടിയ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഗണേഷ്കുമാറും ആസിഫ് അലിയും ഇന്ദ്രന്‍സും അജുവര്‍ഗ്ഗീസും ഉണ്ണി ശിവപാലും ഹണിറോസും ഒഴിച്ച് മറ്റുള്ള അംഗങ്ങളെല്ലാം പങ്കെടുത്തിരുന്നു. അടുത്ത മാസം വീണ്ടും അമ്മ എക്സിക്യൂട്ടീവ് കൂടും.
തൊടുപുഴയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍നിന്നാണ് സിദ്ധിഖ് എക്സിക്യൂട്ടീവ് മീറ്റിംഗില്‍ പങ്കെടുക്കാന്‍ എത്തിയത്. 7 മണിക്ക് മുമ്പായി തിരിച്ചുപോകണമെന്നും പറഞ്ഞിരുന്നു. അതിന്റെ ഭാഗമായി 6 മണിക്ക് അദ്ദേഹം എല്ലാവരോടും അനുവാദം ചോദിച്ച് ഇറങ്ങുകയും ചെയ്തു. ഇതിനെയാണ് സിദ്ധിഖ് മീറ്റിംഗില്‍നിന്ന് ഇറങ്ങിപ്പോയി എന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടത്.
എം.എല്‍.എമാരായ മുകേഷും ഗണേഷ്കുമാറുമാണ് ബിനീഷ് കോടിയേരിക്ക് അനുകൂലമായ നിലപാട് എക്സിക്യൂട്ടീവ് മീറ്റിംഗില്‍ എടുത്തതെന്ന് രീതിയിലുള്ള വാര്‍ത്തകളും ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. സത്യത്തില്‍ മീറ്റിംഗില്‍ ഗണേഷ്കുമാര് പങ്കെടുക്കുകപോലും ഉണ്ടായില്ല.
Recent Comments