പ്രശസ്ത സംവിധായകന് ജോഷിയുടെ മകന് അഭിലാഷ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ടൈറ്റില്‍ ക്യാരക്ടറിനെ അവതരിപ്പിക്കുന്നത് ദുല്‍ഖര്‍ സല്‍മാനാണ്. പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ്സ് പുറത്ത് വിട്ടിരിക്കുകയാണ് നടന് ഷമ്മി തിലകന്. കിംഗ് ഓഫ് കൊത്തയില്‍ ദുല്‍ഖറിന്റെ അച്ഛന് കഥാപാത്രത്തെ അവതരിപ്പിക്കുന്നത് താനാണെന്ന് ഷമ്മി പറയുന്നു.
‘കൊത്തരവി എന്നാണ് കഥാപാത്രത്തിന്റെ പേര്. ദുല്‍ഖറിന്റെ അച്ഛന് കഥാപാത്രം. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളുണ്ട്. രാമേശ്വരം, കാരക്കുടി എന്നീ ലൊക്കേഷനുകളിലായിരുന്നു ഞാന്‍ അഭിനയിച്ച ഭാഗങ്ങളേറെയും ഷൂട്ട് ചെയ്തത്. വിവിധ കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം, കൃത്യമായ സസ്പെന്‍സും നിലനിര്‍ത്തുന്നുണ്ട്. കൂടുതലൊന്നും സിനിമയെക്കുറിച്ച് പറയാനില്ല.’ ഷമ്മി തിലകന് തുടര്‍ന്നു.
‘ജോഷിസാറിന്റെ ചിത്രങ്ങളിലെ എന്റെ കഥാപാത്രത്തെക്കുറിച്ച് ഞാന്‍ അറിയുന്നത് മിക്കപ്പോഴും ഇടനിലക്കാരനിലൂടെയാണ്. പക്ഷേ, ‘പ്രജ’യിലേക്കും ‘പാപ്പനി’ലേക്കും എന്നെ അദ്ദേഹം നേരിട്ട് ക്ഷണിക്കുകയായിരുന്നു. പാപ്പന്റെ കഥാചര്‍ച്ച നടക്കുന്ന സമയത്താണ് ജോഷിസാര്‍ അഭിലാഷിന്റെ പുതിയ സിനിമയെക്കുറിച്ച് പറയുന്നത്. അതിലെ എന്റെ കഥാപാത്രത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചിരുന്നു. കഥയും തിരക്കഥയും കേട്ടുകഴിഞ്ഞപ്പോള്‍ കിംഗ് ഓഫ് കൊത്തയോടുള്ള എന്റെ ആവേശവും വര്‍ദ്ധിച്ചു. അഭിലാഷ് ജോഷിയുടെ മേക്കിംഗ് രീതി വേറെ ലെവല്‍ തന്നെയാണ്. ജോഷി സാറുമായി അതിനെ താരതമ്യം ചെയ്യുന്നത് അനാവശ്യവുമാണ്.’ ഷമ്മി തിലകന് പറഞ്ഞു.
വന്‍ താരനിരയും പ്രേക്ഷകരെ ത്രസിപ്പിക്കുന്ന രംഗങ്ങളും ഇഴചേരുന്ന മാസ്സ് ചിത്രമാണ് കിംഗ് ഓഫ് കൊത്ത. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് സീ സ്റ്റുഡിയോസും വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ്. ഓണത്തിന് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
Recent Comments