2009 ലെ ഐ.ഇ.എസ്. തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജിലെ ബി.ടെക് വിദ്യാര്‍ത്ഥിയാണ് റെജിന്‍ എസ്. ബാബു. അക്കാലത്ത് അദ്ദേഹം ചെയ്ത ഒരു ഷോര്‍ട്ട് ഫിലിമാണ് മോഡ്യൂള്‍ ഫൈവ്. സഹപാഠികളായ നിരവധിപ്പേര്‍ അന്നും റെജിനൊപ്പം ആ ഷോര്‍ട്ട് ഫിലിമിനുവേണ്ടി പ്രവര്‍ത്തിച്ചു. എഞ്ചിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കി റെജിന്‍ ഉള്‍പ്പെടെ എല്ലാവരും പല വഴികളിലേയ്ക്ക് തിരിഞ്ഞു. സിനിമാസ്വപ്നങ്ങള്‍ക്ക് പിറകെയായിരുന്നു അപ്പോഴും റെജിന്‍. പക്ഷേ എങ്ങും എവിടെയും എത്താതെ റെജിന്‍ കര്‍മ്മവഴികളില്‍ സാഹസപ്പെടുന്നത് കണ്ടപ്പോള്‍ പഴയ കൂട്ടുകാര്‍ വീണ്ടും ഒന്നിച്ചു. റെജിന്റെ സിനിമാസ്വപ്നങ്ങള്‍ക്ക് പിറകെ അവരും കൂടി. അവരിലൊരാള്‍ നിര്‍മ്മാതാവായി. മറ്റൊരാള്‍ കോ-പ്രൊഡ്യൂസറും. ഇനിയുമൊരാള്‍ സംഗീത സംവിധായകനുമായി. അതാണ് പെന്‍ഡുലം എന്ന സിനിമയുടെ ഒരു പശ്ചാത്തലക്കഥ. ഇനിയുള്ള കഥകള്‍ റെജിനില്നിന്നുതന്നെ കേള്‍ക്കാം.
‘ലൂസിഡ് ഡ്രീമിംഗ് ഗണത്തില്‍ പെടുത്താവുന്ന മലയാളത്തിലെ ആദ്യത്തെ ചിത്രമാണ് പെന്‍ഡുലം. ഇതിന്റെ കഥ ഞാന്‍ ആദ്യം പറയുന്നതും എന്റെ സുഹൃത്തുക്കളോടാണ്. ലൂസിഡ് ഡ്രീമിംഗ് എന്ന അത്ഭുത ലോകത്തിന്റെ മായിക കാഴ്ച്ചകള്‍ മുത്തശ്ശികഥപോലെ പറയുന്ന പെന്‍ഡുലം ഒരു ബിഗ് സ്ക്രീനില്‍ കാണണമെന്ന് അവരെല്ലാം ആഗ്രഹിച്ചു. പിന്നീട് ഞാനിതിന്റെ കഥ പറയുന്നത് വിജയ് ബാബുവിനോടാണ്. കഥ കേട്ടയുടന്‍ അദ്ദേഹം ഡേറ്റ് തന്നിട്ട് സിനിമ ചെയ്യാമെന്നാണ് പറഞ്ഞത്. പിന്നീട് ആര്‍ട്ടിസ്റ്റിനെ ഉള്‍പ്പെടെ ഈ സിനിമയുടെ ഭാഗമാക്കിയത് അദ്ദേഹമാണ്. വാസ്തവത്തില്‍ ഈ സിനിമയെ ഒരു പ്രൊജക്ടാക്കി എനിക്ക് തന്നത് വിജയ് ബാബുവാണ്.’
‘ഒരു മണിക്കൂര്‍ 45 മിനിറ്റ് ദൈര്‍ഘ്യമുള്ള പെന്ഡുലത്തില് വിജയ് ബാബുവിനെ കൂടാതെ അനുമോളും ദേവകി രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അതിഥിവേഷമാണെങ്കിലും ഇന്ദ്രന്‍സ് ചേട്ടനും ഇതില്‍ വളരെ ശക്തമായ കഥാപാത്രമാണ്. സുനില്‍ സുഖത, ഷോബി തിലകന് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രം ജൂണ്‍ 16 ന് തീയേറ്ററുകളിലെത്തുകയാണ്.’
‘ലൈറ്റ് ഓണ്‍ സിനിമാസ്, ബാറ്റ് ബ്രോസ് ഇന്റര്‍നാഷണല്‍ എന്നീ ബാനറുകളില്‍ ഡാനിഷ് കെ.എ., ലിഷ ജോസഫ്, ബിനോജ് വില്ല്യ, മിഥുന് മണി മാര്‍ക്കറ്റ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഭിനന്ദ് രാമാനുജന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച അരുണ്‍ ദാമോദരനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സമീര്‍ ബിന്‍സി, ബിറ്റോ പി. പാപ്പച്ചന്, ലിഷാ ജോസഫ് എന്നിവരുടെ വരികള്‍ക്ക് ജീന്‍ സംഗീതം പകരുന്നു. കോപ്രൊഡ്യൂസര്‍ അഖില്‍ ഇറക്കില്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അരുണ്‍ പ്രസാദ്, ബിജു അലക്സ്, ലൈന്‍ പ്രൊഡ്യൂസര്‍, പോള്‍ജോര്‍ജ്, ജോസ് ലാസര്‍, ശ്രീഹരി കെ. മാരാര്‍, ക്രിയേറ്റീവ് ഡയറക്ടര്‍ ജിഥിന് എസ്. ബാബു.’ റെജിന്‍ പറഞ്ഞുനിര്‍ത്തി.
Recent Comments