‘എസ്.ജെ. സിനു ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചലച്ചിത്രം പേട്ടറാപ്പിന്റെ ഷൂട്ടിംഗിന് വേണ്ടിയാണ് പുതുശ്ശേരിയില്‍ എത്തിയത്. ജൂണ്‍ 15 ന് ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. ഒരു ദിവസംകൂടി കഴിഞ്ഞാണ് ഞാന്‍ ജോയിന്‍ ചെയ്തത്. യന്തിരന് 2 ന് ശേഷം ഞാന്‍ അഭിനയിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രം കൂടിയാണ് പേട്ടറാപ്പ്.’
‘പ്രഭുദേവയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അന്ന് ലൊക്കേഷനില്‍ പ്രഭുദേവയും ഉണ്ടായിരുന്നു. ഞാന്‍ ആദ്യമായാണ് അദ്ദേഹത്തെ കാണുന്നതും പരിചയപ്പെടുന്നതും. സ്റ്റേജ് ഷോകളില്‍ അദ്ദേഹത്തിന്റെ നിരവധി ഹിറ്റ് ഗാനങ്ങള്‍ ഞാന്‍ പാടിയിട്ടുണ്ട്. അതിന് ചുവടു വച്ചിട്ടുണ്ട്. അതൊക്കെ ഞാന്‍ പ്രഭുദേവയോട് പറഞ്ഞു. നിറഞ്ഞ പുഞ്ചിരിയോടെ അദ്ദേഹം എന്നെ കേട്ടിരുന്നു. മലയാള സിനിമയെക്കുറിച്ച് ആവേശത്തോടെയാണ് പ്രഭുദേവ സംസാരിച്ചത്. ‘ മലയാളത്തില്‍ പുതുതായി ധാരാളം സംവിധായകരും തിരക്കഥാകൃത്തുക്കളും എത്തുന്നുണ്ട്. അവരുടെയെല്ലാം സിനിമകള്‍ ഞാന്‍ കണാറുണ്ട്. എല്ലാം ഒന്നിനൊന്ന് മികച്ചതാണ്.’ അദ്ദേഹം പറഞ്ഞു. ഒരു നല്ല നടനുമപ്പുറം തികഞ്ഞ മനുഷ്യസ്നേഹി കൂടിയാണ് പ്രഭുദേവയെന്ന് ഞാന്‍ തിരിച്ചറിയുകയായിരുന്നു.’
‘മൈക്കിള്‍ എന്നാണ് പേട്ടറാപ്പില് ഞാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഒരല്‍പ്പം ഹ്യൂമര്‍ കലര്‍ന്ന വില്ലന്‍വേഷം. കഥയും കഥാപാത്രവും എനിക്ക് ഇഷ്ടമായി. രണ്ട് ദിവസത്തെ വര്‍ക്കാണ് എനിക്കുണ്ടായിരുന്നത്. ഇനി 30-ാം തീയതി ജോയിന്‍ ചെയ്താല്‍ മതി. സെക്കന്റ് ഷെഡ്യൂള്‍ ചെന്നൈയിലാണ്. പേട്ടറാപ്പിന്റെ ലൊക്കേഷനില്‍നിന്ന് നേരെ ഞാന്‍ കണ്ണൂരിലെത്തുകയായിരുന്നു. നിഥിന് രഞ്ജിപണിക്കര്‍ സംവിധാനം ചെയ്യുന്ന മധുവിധു എന്ന വെബ് സീരീസില്‍ പങ്കെടുക്കാന്‍ എത്തിയതാണ്.’ കലാഭവന്‍ ഷാജോണ്‍ കാന്‍ ചാനലിനോട് പറഞ്ഞു.
Recent Comments