ജന്മനക്ഷത്ര പ്രകാരം ജൂണ്‍ 30 നായിരുന്നു കെ. രവീന്ദ്രനാഥന്‍ നായര്‍ എന്ന അച്ചാണി രവിയുടെ പിറന്നാള്‍ (മിഥുനത്തിലെ വിശാഖം നാളിലായിരുന്നു ജനനം). മൂന്ന് ദിവസങ്ങള്‍ കൂടി പിന്നിട്ട ശേഷമായിരുന്നു നവതി ആഘോഷം. അത് കഴിഞ്ഞ് അഞ്ച് പകലുകളുടെയും അഞ്ച് രാത്രികളുടെയും ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, രവീന്ദ്രനാഥന്‍ നായര്‍ ഈ ഭൂമുഖത്തുനിന്ന് ഓര്‍മ്മയാകാന്‍. പക്ഷേ അദ്ദേഹം അവശേഷിച്ചുപോയത് ഒരു ചരിത്ര നിര്‍മ്മിതി തന്നെയാണ്.
കശുവണ്ടി വ്യവസായി എന്ന നിലയിലാണ് രവീന്ദ്രന്‍നാഥന്‍ നായരുടെ പേര് ആദ്യം ഓര്‍മ്മിക്കപ്പെടുന്നതെങ്കിലും സിനിമാ നിര്‍മ്മാതാവ് എന്ന നിലയിലാണ് അദ്ദേഹം പ്രശസ്തിയിലേയ്ക്ക് ഉയര്‍ന്നത്. ലോക ശ്രദ്ധേയങ്ങളായ ചലച്ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ചത് രവീന്ദ്രനാഥന്‍ നായരും അദ്ദേത്തിന്റെ നിര്‍മ്മാണ കമ്പനിയായ ജനറല്‍ പിക്ച്ചേഴ്സുമാണ്.
പി. ഭാസ്കരന് സംവിധാനം ചെയ്ത ‘അന്വേഷിച്ചു കണ്ടെത്തിയില്ല’ എന്ന ചലച്ചിത്രമാണ് ആദ്യ നിര്‍മ്മാണ സംരംഭം. തുടര്‍ന്ന് ലക്ഷപ്രഭു, കാട്ടുകുരങ്ങ് എന്നീ ചിത്രങ്ങളും അദ്ദേഹം നിര്‍മ്മിച്ചു. ഇതിന്റെയെല്ലാം സംവിധായകന് പി. ഭാസ്കരനായിരുന്നു. 1973 ല്‍ വിന്‍സെന്റ് സംവിധാനം ചെയ്ത അച്ചാണിയായിരുന്നു അദ്ദേഹത്തിന്റെ നാലാമത്തെ നിര്‍മ്മാണ സംരംഭം. അതിനുശേഷമാണ് അദ്ദേഹം സിനിമാപ്രവര്‍ത്തകര്‍ക്കിടയില്‍ അച്ചാണി രവി എന്ന പേരില്‍ അറിയപ്പെട്ടത്. പ്രേംനസീസും അടൂര്‍ ഭാസിയും കൊട്ടാരക്കര ശ്രീധരന്‍നായരും നന്ദിതാബോസുമായിരുന്നു അച്ചാണിയിലെ പ്രധാന വേഷക്കാര്‍. പിന്നീട് അരവിന്ദനായിരുന്നു ജനറല്‍ പിക്ച്ചേഴ്സ് നിര്‍മ്മിച്ച നാല് ചിത്രങ്ങളുടെയും സംവിധായകന്. കാഞ്ചന സീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാന്, പോക്കുവെയില്‍ എന്നിവയായിരുന്നു ആ ചിത്രങ്ങള്‍. ആ കൂട്ടുകെട്ട് വേര്‍പിരിഞ്ഞത് എം.ടി. വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത മഞ്ഞ് എന്ന ചലച്ചിത്രത്തിലൂടെയാണ്. അതിനുശേഷമാണ് അടൂര്‍ ഗോപാലകൃഷ്ണന് ജനറല്‍ പിക്ച്ചേഴ്സിന്റെ സംവിധായകനായി തീരുന്നത്. മുഖാമുഖം, അനന്തരം, വിധേയന് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തത് അടൂരാണ്. ആകെ 14 ചിത്രങ്ങളാണ് അദ്ദേഹം നിര്‍മ്മിച്ചതെങ്കിലും 18 ദേശീയ-സംസ്ഥാന പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം അന്വേഷിച്ചു കണ്ടെത്തിയില്ല എന്ന ആദ്യ ചിത്രത്തിലൂടെതന്നെ അദ്ദേഹം സ്വന്തമാക്കി. മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം അരവിന്ദന് ആദ്യമായി സ്വന്തമാക്കിയത് അച്ചാണി രവി നിര്‍മ്മിച്ച കാഞ്ചനസീതയിലൂടെയായിരുന്നു. സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി. ഡാനിയേല്‍ പുരസ്കാരവും രവീന്ദ്രന് നായരെ തേടിയെത്തിയിട്ടുണ്ട്.
സമാന്തര സിനിമകളെ വളര്‍ത്താന്‍ ഇത്രയുമധികം പണവും ഊര്‍ജ്ജവും വിനിയോഗിച്ച മറ്റൊരാള്‍ മലയാളസിനിമയിലില്ല. കലാ സാംസ്കാരിക രംഗത്തും അദ്ദേഹം സജീവമായിരുന്നു. സിനിമയിലുള്ള വരുമാനം അതിന്റെ ചെലവുകള്‍ക്കായും അദ്ദേഹം വിനിയോഗിച്ചു. കൊല്ലം പബ്ലിക് ലൈബ്രറി ആന്റ് റിസര്‍ച്ച് സെന്റര്‍, സോപാനം കലാകേന്ദ്രം, ചില്‍ഡ്രന്‍സ് ലൈബ്രറി, ആര്‍ട്ട് ഗ്യാലറി, ബാലഭവന് കെട്ടിടം, പ്രണവം-ഉഷ തീയേറ്ററുകള്‍ എന്നിവ രവീന്ദ്രന്‍നാഥന്‍ നായരുടെ അദ്ധ്വാനഫലം കൊണ്ട് തീര്‍ത്തവയാണ്.
അന്തരിച്ച ഉഷയാണ് അദ്ദേഹത്തിന്റെ ഭാര്യ. നല്ലൊരു ഗായിക കൂടിയായിരുന്ന ഉഷ തമ്പ് എന്ന സിനിമയില്‍ പിന്നണി പാടിയിട്ടുണ്ട്. പ്രതാപ് നായര്‍, പ്രീത, പ്രകാശ് നായര്‍ എന്നിവര്‍ മക്കളാണ്. രാജശ്രീ, സതീഷ് നായര്‍, പ്രിയ എന്നിവര്‍ മരുമക്കളും.
നാളെ വൈകുന്നേരം 4 മണിക്ക് പോളയത്തോട് ശ്മശാനത്തിലാണ് സംസ്കാരം. രാവിലെ 11.30 വരെ അദ്ദേഹത്തിന്റെ വീട്ടില്‍ പൊതുദര്‍ശനം ഉണ്ടാകും. തുടര്‍ന്ന് കൊല്ലം പബ്ലിക്ക് ലൈബ്രറിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
Recent Comments