വിനീത് ശ്രീനിവാസന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘വര്‍ഷങ്ങള്‍ക്കുശേഷ’ത്തിന്റെ അനൗണ്‍സ്മെന്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത് ആവേശപൂര്‍വ്വമാണ്. സ്റ്റാര്‍ കാസ്റ്റിംഗ് കൊണ്ട് തന്നെയാണ് ഈ ചിത്രം ഏറ്റവുമധികം ശ്രദ്ധ നേടിയതും. പ്രണവ് മോഹന്‍ലാല്‍ നയിക്കുന്ന താരനിര അവസാനിക്കുന്നത് നിവിന്‍ പോളിയിലാണ്. ധ്യാന്‍ ശ്രീനിവാസന്, അജു വര്‍ഗീസ്, കല്യാണി പ്രിയദര്ശന്, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്, നീരജ് മാധവ്, നീതാപിള്ള, അര്ജുന് ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്മാന് എന്നിവരാണ് മധ്യനിരയിലുള്ളത്. ഹൃദയത്തിനുശേഷം മെരിലാന്റ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഏറ്റവും പുതിയ വിശേഷങ്ങള്‍ കാന്‍ ചാനലുമായി പങ്കുവയ്ക്കുകയാണ് വിശാഖ്.
ചിത്രത്തിന്റെ ഷൂട്ടിംഗ് എന്ന് ആരംഭിക്കും?
നിലവില്‍ ചിത്രത്തിന്റെ സംവിധായകന് വിനീത് ശ്രീനിവാസന് അദ്ദേഹത്തിന്റെ അമ്മാവന്റെ (എം. മോഹനന്) ചിത്രത്തില്‍ (ഒരു ജാതി ജാതകം) അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഒപ്പം അദ്ദേഹത്തിന്റെ റിലീസ് ആകാന്‍ പോകുന്ന കുറുക്കന് എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ തിരക്കുകളിലുമാണ്. ആഗസ്റ്റില്‍ വിനീതിന്റെ തിരക്കുകള്‍ ഒഴിയും. അതിനുശേഷം വേണം ലൊക്കേഷന്‍ അടക്കമുള്ള കാര്യങ്ങള്‍ കണ്ടെത്താന്‍. അതിനും ശേഷമേ ഷൂട്ടിംഗ് എന്ന് തുടങ്ങൂ എന്ന് കൃത്യമായി പറയാനാകൂ.
മുന്നൊരുക്കങ്ങള്‍ക്ക് മുമ്പേ അനൗണ്‍സ്മെന്റ് നടത്തിയത് എന്തുകൊണ്ടാണ്?
ചിത്രവുമായി ബന്ധപ്പെട്ട് പല പ്രചരണങ്ങളും നടക്കുന്നുണ്ടായിരുന്നു. പ്രത്യേകിച്ചും സ്റ്റാര്‍ കാസ്റ്റിംഗുമായി ബന്ധപ്പെട്ട്. അക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കൂടിയാണ് ഞങ്ങള്‍ താരനിരക്കാരെ വച്ച് അനൗണ്‍സ്മെന്റ് നടത്തിയത്. കര്ക്കിടകത്തിന് മുമ്പ് അതുണ്ടാകണമെന്നും തോന്നി.
കൈപ്പടയില്‍ എഴുതിയ ഒരു വൈറ്റ് പേപ്പറിലാണ് ഇത്തവണയും അനൗണ്‍സ്മെന്റ് നടന്നിരിക്കുന്നത്. കൈപ്പട ആരുടേതാണ്?
വിനീതിന്റെ ഭാര്യ ദിവ്യയുടേത്. വിനീതിന്റെ ‘ജേക്കബ്ബിന്റെ സ്വര്‍ഗ്ഗരാജ്യം’ മുതല്‍ ഈ രീതിയിലാണ് അനൗണ്‍സ്മെന്റ് നടത്തിയത്. ‘ഹൃദയ’ത്തിന് ശേഷം പുതിയ ചിത്രത്തിന്റെയും പ്രഖ്യാപനം ഇത്തരത്തില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. അത് സോഷ്യല്‍മീഡിയ ഏറ്റെടുത്തു എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്.
കാസ്റ്റിംഗ് ഇനിയും ഉണ്ടാകുമോ?
പ്രധാന താരനിരക്കാര്‍ ഇവരൊക്കെതന്നെയാണ്. എന്നാല്‍ കഥാപാത്രങ്ങള്‍ ഇനിയും ധാരാളമുണ്ട്. ഹൃദയത്തെക്കാളും വലിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്കുശേഷം. അവരെയും ഇനി കണ്ടെത്താനിരിക്കുന്നതേയുള്ളൂ.
നിവന്പോളിയുടേത് അതിഥിവേഷമാണോ?
അല്ല. ഒരു പ്രധാന ക്യാരക്ടര്‍ റോള്‍ തന്നെയാണ് അദ്ദേഹം ചെയ്യുന്നത്.
ഒരു പ്രണയകഥയാണോ?
അത് സംവിധായകന് പറയട്ടെ.
Recent Comments