ഓസ്കാര്‍ അവാര്‍ഡ് ജേതാവും സംഗീത സംവിധായകനുമായ കീരവാണിയും ഗാന രചയിതാവ് വൈരമുത്തുവും കഴിഞ്ഞ ഒരാഴ്ചക്കാലം കൊച്ചിയിലെ ബോള്‍ഗാട്ടി പാലസില്‍ ഉണ്ടായിരുന്നു. കെ.ടി. കുഞ്ഞുമോന് നിര്‍മ്മിക്കുന്ന ‘ജെന്റില്മാന് 2’ എന്ന ബ്രഹ്മാണ്ഡ ചലച്ചിത്രത്തിന്റെ ഗാനങ്ങള്‍ കമ്പോസ് ചെയ്യാന്‍ എത്തിയതായിരുന്നു കീരവാണിയും വൈരമുത്തുവും. ഒപ്പം നിര്‍മ്മാതാവ് കെ.ടി. കുഞ്ഞുമോനും ഉണ്ടായിരുന്നു.
ഓസ്കാര്‍ അവാര്‍ഡ് നേടിയ ശേഷം കീരവാണി സംഗീതം നല്കുന്ന ആദ്യ തമിഴ് സിനിമയാണ് ‘ജെന്റില്മാന് 2’. ഈ സിനിമ അനൗണ്‍സ് ചെയ്ത വേളയില്‍ ആദ്യം പ്രഖ്യാപിച്ചതും സംഗീത സംവിധായകനെയായിരുന്നു.
ഓസ്കാര്‍ അവാര്‍ഡ് ജേതാവ് കീരവാണിയെ ആദരിക്കാന്‍ ഒരു ബ്രഹ്മാണ്ഡ സ്വീകരണ പരിപാടിക്ക് നിര്‍മ്മാതാവ് കെ.ടി. കുഞ്ഞുമോന് ഒരുക്കങ്ങള്‍ നടത്തിയിരുന്നൂ. ബോള്‍ഗാട്ടി പാലസില്‍ ജൂലൈ 19 ന് മേയര്‍ അഡ്വ: അനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ പരിപാടി നടത്താനായിരുന്നു പദ്ധതി. അതിനായുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു. എന്നാല്‍ തന്റെ ഉറ്റ മിത്രവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ആ പൊതു പരിപാടി ഉപേക്ഷിച്ചു. എങ്കിലും കീരവാണിക്ക് സ്നേഹാദരം നല്‍കണമെന്ന് അദ്ദേഹം തീരുമാനിച്ചു. അതിനായി കുഞ്ഞുമോന് കണ്ടെത്തിയത് തന്റെ ആത്മിത്രനും ഭാവ ഗായകനുമായ ജയചന്ദ്രനെയായിരുന്നു.
ബോള്‍ഗാട്ടി പാലസില്‍ ജയചന്ദ്രന് എത്തുമ്പോള്‍ വൈരമുത്തുവും കുഞ്ഞുമോനും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. താന്‍ എഴുതി ജയചന്ദ്രന് ആലപിച്ച് സൂപ്പര്‍ ഹിറ്റുകളാക്കിയ ഗാനങ്ങളുടെ പിറവിയെ കുറിച്ച് കവി അപ്പോള്‍ വാചാലനായി. ‘കന്നത്തില്‍ മുത്തമിട്ടാല്‍’ എന്ന സിനിമയിലെ ‘ഒരു ദൈവം തന്ത പൂവേ’ എന്ന പാട്ടിലൂടെ തനിക്ക് ദേശീയ അവാര്‍ഡ് നേടിത്തന്ന ഗാനം വൈരമുത്തുവിന്റേതായിരുന്നുവെന്നും ജയചന്ദ്രന് ഓര്‍മ്മിച്ചു. അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെ അവര്‍ക്കിടയിലേയ്ക്ക് കീരവാണി എത്തി.
ജയചന്ദ്രന് കീരവാണിക്ക് പൊന്നാട അണിയിക്കാന്‍ മുതിര്‍ന്നു. കീരവാണി സ്നേഹപൂര്‍വം തടഞ്ഞു ‘അയ്യോ സാര്‍ നീങ്ക എവ്വളോ പെരിയ ലെജണ്ട്. ഉങ്ക സംഗീതം കേട്ട് താന്‍ നാങ്ക എല്ലാം വളര്‍ന്തോം… നീങ്ക ഗുരു… നാങ്ക താന്‍ ഉങ്കളെ ആദരിക്കണം’. കീരവാണി പറഞ്ഞു. പെട്ടെന്ന് കീരവാണി ജയചന്ദ്രനില്‍ നിന്നും പൊന്നാട വാങ്ങി അദ്ദേഹത്തെ അണിയിച്ച് അനുഗ്രഹം വാങ്ങി. മറ്റൊരു പൊന്നാട കൊണ്ടുവരാന്‍ ജയചന്ദ്രന് ആവശ്യപ്പെട്ടു. അത് അദ്ദേഹം കീരവാണിയെ അണിയിച്ച് ആദരിച്ചു.
ആറു ഗാനങ്ങളുള്ള ‘ജെന്റില്മാന് 2’നു വേണ്ടി വൈരമുത്തു എഴുതിയ മൂന്ന് ഗാനങ്ങളാണ് ആദ്യഘട്ടമായി കീരവാണി ഈണം നല്‍കിയത്.
സി.കെ. അജയ് കുമാര്‍
Recent Comments