മലയാള ചലചിത്ര രംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2022ലെ ജെ സി ഡാനിയേല്‍ പുരസ്കാരം സംവിധായകന് ടിവി ചന്ദ്രന്. മന്ത്രി സജി ചെറിയാനാണ് ഇക്കാര്യം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. 2021ലെ ജെ സി ഡാനിയേല്‍ അവാര്‍ഡ് ജേതാവും സംവിധായകനുമായ കെ പി കുമാരന് ചെയര്‍മാനും നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്, നടിയും സംവിധായികയുമായ രേവതി എന്നിവര്‍ അംഗങ്ങളും ചലചിത്ര അക്കാദമി സെക്രട്ടറി സി അജോയിയും അടങ്ങുന്ന സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
മലയാളത്തിലെ സമാന്തര സിനിമയുടെ വളര്‍ച്ചയ്ക്ക് കരുത്തു പകര്‍ന്ന സംവിധായകനാണ് ടി വി ചന്ദ്രനെന്ന് ജൂറി അഭിപ്രായപ്പെട്ടു. 1975-ല്‍ ‘കബനീനദി ചുവന്നപ്പോള്‍’ എന്ന ചിത്രത്തിലൂടെയാണ് ടി വി ചന്ദ്രന് ചലചിത്ര മേഖലയിലേക്ക് കടന്നുവന്നത്. പിന്നീട് സംവിധായകന്, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, നടന് എന്നീ നിലകളില്‍ അദ്ദേഹം കഴിവ് തെളിയിച്ചു. 15 മലയാള സിനിമകളും രണ്ടു തമിഴ് സിനിമകളും ഒരുക്കി ദേശീയ, അന്തര്‍ദേശീയ ബഹുമതികളിലൂടെ മലയാള സിനിമയുടെ യശസ്സുയര്‍ത്തിയ ചലച്ചിത്രകാരനാണ് ടി വി ചന്ദ്രനെന്ന് ജൂറി കൂട്ടിച്ചേര്‍ത്തു.
1993ല്‍ മികച്ച സംവിധായകനുള്ള ദേശീയപുരസ്കാരം തേടിയെത്തി. ഏഴ് ദേശീയ പുരസ്കാരങ്ങളും 10 കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ഒമ്പത് ചിത്രങ്ങള്‍ ഇന്ത്യന്‍ പനോരമയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. ടി വി ചന്ദ്രന്റെ ‘ആലീസിന്റെ അന്വേഷണം’ ലൊകാര്‍ണോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഗോള്‍ഡന്‍ ലെപ്പേര്‍ഡ് അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു. പൊന്തന്മാട, മങ്കമ്മ, ഡാനി, ഓര്‍മ്മകളുണ്ടായിരിക്കണം, പാഠം ഒന്ന് ഒരു വിലാപം, സൂസന്ന, കഥാവശേഷന്, ആടുംകൂത്ത്, ഭൂമിമലയാളം എന്നിവയാണ് പുരസ്കാരങ്ങള്‍ ലഭിച്ച മറ്റു സിനിമകള്‍. കേരള സര്‍ക്കാരിന്റെ പരമോന്നത ചലചിത്ര പുരസ്കാരം ലഭിക്കുന്ന 30-ാമത്തെ ആളാണ് ടി വി ചന്ദ്രന്.
1950 നവംബര്‍ 23ന് തലശേരിയില്‍ മുരിക്കോളി കണ്ണോത്ത് നാരായണന് നമ്പ്യാരുടെയും കാര്‍ത്ത്യായനി അമ്മയുടെയും മകനായിട്ടാണ് ജനനം. മുഴുപ്പിലങ്ങാട് കടമ്പൂര് എല്‍ പി സ്കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസവും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, കോഴിക്കോട് ഫറൂഖ് കോളേജ് എന്നിവിടങ്ങളില്‍ നിന്നും ഉന്നത വിദ്യാഭ്യാസവും നേടി. ബെംഗളുരുവിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് റിസര്‍വ് ബാങ്കില്‍ ജോലി ലഭിച്ചു. ആര്‍ബിഐയിലെ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം സിനിമാലോകത്തേക്ക് കടന്നുവരുന്നത്. വിഖ്യാത സംവിധായകന് പിഎ ബക്കറിന്റെ അസിസ്റ്റന്റായാണ് സിനിമയിലെ തുടക്കം.
1981-ല്‍ സംവിധാനവും നിര്‍മാണവും നിര്‍വഹിച്ച ‘കൃഷ്ണന്‍കുട്ടി’യാണ് ആദ്യ ചിത്രം. തുടര്‍ന്ന് തമിഴില്‍ ‘ഹേമാവിന്‍ കാതലര്‍കള്‍’ സംവിധാനം ചെയ്തു. പിന്നാലെ ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍നിന്ന് ലോണെടുത്ത് ‘ആലീസിന്റെ അന്വേഷണം’ നിര്‍മ്മിച്ചു. സിനിമകള്‍ക്കു പുറമെ മൂന്ന് ഡോക്യുമെന്ററികളും മൂന്ന് ഹ്രസ്വചിത്രങ്ങളും ഒരു ടെലിസീരിയലും സംവിധാനം ചെയ്തിട്ടുണ്ട്. മൂന്ന് ചിത്രങ്ങളില്‍ അഭിനേതാവായി. ഭാര്യ- രേവതി, മകന്- യാദവന്.
Recent Comments