നവാഗത സംവിധായകന് മനു സംവിധാനം ചെയ്യുന്ന ‘ഗു’ ചിത്രീകരണത്തിനൊരുങ്ങുകയാണ്. അമാനുഷികത നിറഞ്ഞ ഒരു തറവാടും അവിടേക്കെത്തുന്ന മുന്ന എന്ന കുട്ടിയുടെയും കഥ പറയുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആഗസ്റ്റ് 19-പട്ടാമ്പിയില്‍ ആരംഭിക്കുകയാണ്. ചിത്രത്തിന്റെ വിശേഷത്തെക്കുറിച്ച് കാന്‍ ചാനല്‍ മീഡിയയോട് മനസു തുറക്കുകയാണ് സംവിധായകന് മനു.
‘ഗു’ ഒരു ഹൊറര്‍ പടം
ഒരു അവധിക്കാലത്ത് ബെംഗളുരുവില്‍ നിന്നും കുട്ടിയായ മുന്നയും അച്ഛനും അമ്മയ്ക്കുമൊപ്പം നാട്ടിലെ തറവാട്ടിലേക്ക് വരികയാണ്. തെക്കന്‍ മലബാര്‍ ഉള്‍നാടന്‍ ഗ്രാമമാണ് അവരുടേത്. അവരുടെ തറവാട്ടില്‍ 25 വര്‍ഷത്തോളമായി മുടങ്ങി കിടക്കുന്ന തെയ്യം നടത്തുന്നതിനാണ് അവര്‍ വരുന്നത്. ആ തറവാട്ടില്‍ മുന്നയുടെ ബന്ധുക്കളായ മറ്റു കുട്ടികളൊക്കെയുണ്ട്. മുന്നയും ബന്ധുക്കളായ മറ്റ് കുട്ടികളുംകൂടി തറവാടും പാടവും പറമ്പുമൊക്കെ എക്സ്പ്ലോര്‍ ചെയ്യുകയാണ്. ഇതൊരു ഡേ ടൈം ഹൊറര്‍ ചിത്രമാണ്. പകല്‍ സമയത്താണ് ഇതിലെ ഭീതിപ്പെടുത്തുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകുന്നത്. കുട്ടികളുടെ ഒരു ഹൊറര്‍ സിനിമയാണിത്. തറവാട്ടില്‍ കുട്ടികള്‍ ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. മുതിര്‍ന്നവരെക്കാള്‍ കുട്ടികള്‍ക്കാണ് ഇതിനെല്ലാം പ്രതിവിധി ഉണ്ടാക്കാന്‍ കഴിയുന്നത്. ദേവനന്ദയാണ് മുന്ന എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സൂപ്പര്‍നാച്വറല്‍ ഹൊറര്‍ ഫാന്റസി
ദേവനന്ദ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അച്ഛനായി വേഷമിടുന്നത് സൈജു കുറുപ്പാണ്. ബെംഗളുരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സീനിയര്‍ ടെക്കിയാണ് സൈജുവിന്റെ കഥാപാത്രം. അശ്വതി മനോഹരനാണ് സൈജുവിന്റെ ഭാര്യയായി
അഭിനയിക്കുന്നത്. സൈജുവിന്റെ കഥാപാത്രം പത്ത് വര്‍ഷത്തിനു ശേഷമാണ് തറവാട്ടിലേക്ക് വരുന്നത്. അദ്ദേഹത്തിന്റേതായ കുറച്ച് പ്രശ്നങ്ങള്‍ കൊണ്ട് തറവാട്ടില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. അങ്ങനെ കുറച്ച് നിഗൂഢതകളുണ്ട് ഈ ചിത്രത്തില്‍. ഒരു സൂപ്പര്‍നാച്വറല്‍ ഹൊറര്‍ ഫാന്റസി എന്നു വേണമെങ്കില്‍ ചിത്രത്തെക്കുറിച്ച് പറയാം.
മണിയന്‍പിള്ള രാജു പ്രൊഡ്യൂസ് ചെയ്യും
മഹേഷും മാരുതിക്കും ശേഷം മണിയന്‍പിള്ള രാജു പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ‘ഗു’ വിനുണ്ട്. ഞാന്‍ വേറൊരു ബിഗ് ബജറ്റ് ചിത്രത്തിന്റെ ചര്‍ച്ചകളുമായി മുന്നോട്ടു പോകുകയായിരുന്നു. അങ്ങനെയിരിക്കെ ഞാനും മണിയന്‍പിള്ള സാറും മാളികപ്പുറം കാണാനായിട്ട് പോയി. ആ സിനിമ കണ്ടപ്പോള്‍ ദേവനന്ദയുടെ പ്രകടനം ഞങ്ങള്‍ക്ക് വല്ലാതെ ഇഷ്ടമായി. അതിനു ശേഷം രോമാഞ്ചം കണ്ടതിനു ശേഷം മണിയന്‍പിള്ള സാര്‍ എന്നെ വിളിച്ചു. ആ സിനിമ ഹിറ്റായത് എന്തുകൊണ്ടാണെന്നൊക്കെ സംസാരിച്ചു. അതിനിടെ ഞങ്ങളുടെ സംസാരം ഹൊറര്‍ ചിത്രങ്ങളെക്കുറിച്ചായി. ദേവനന്ദയെ കഥാപാത്രമാക്കിക്കൊണ്ട് ഒരു ഹൊറര്‍ ചിത്രം എന്റെ മനസില്‍ ഉണ്ടെന്ന് മണിയന് പിള്ള സാറിനോട് പറഞ്ഞു. ഞാന്‍ വണ്‍ ലൈന്‍ പറഞ്ഞപ്പോള്‍ സാറിന് വളരെ ഇഷ്ടമായി.
ആ കഥ അദ്ദേഹത്തിനിഷ്ടമായി
മണിയന് പിള്ള സാറിന്റെ മകന് നിരഞ്ജന് ആ സമയം കോഴിക്കോട് ഉണ്ടായിരുന്നു. ഒരു കഥയുണ്ടെന്നു കേട്ടു എനിക്കൊന്ന് കേള്‍ക്കാന്‍ പറ്റുമോയെന്ന് നിരഞ്ജന് എന്നെ വിളിച്ച് ചോദിച്ചു. നിരഞ്ജനാണ് ആദ്യമായി ‘ഗു’ വിന്റെ കഥ മുഴുവനായി കേള്‍ക്കുന്നത്. കേട്ടുകഴിഞ്ഞ് അച്ഛനെ വിളിച്ച് കഥ കൊള്ളാമെന്നും അത് സിനിമ ആക്കാമെന്നും പറഞ്ഞു. കഥയുണ്ടെന്നു കേട്ടപ്പോള്‍ അദ്ദേഹത്തിന് വെപ്രാളമായി. എനിക്ക് ആ കഥ കേള്ക്കണല്ലോയെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ തിരുവനന്തപുരത്തു ചെന്ന് ഞാന്‍ കഥ അദ്ദേഹത്തോട് പറഞ്ഞു. സീന്‍ ഓഡറില്‍ കേട്ടു കഴിഞ്ഞപ്പോള്‍ നമുക്ക് ഈ സിനിമ ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു.
ബി ഉണ്ണികൃഷ്ണനൊപ്പം
ഞാന്‍ കൊല്ലംകാരനാണ്. വളര്‍ന്നതൊക്കെ തിരുവനന്തപുരത്താണ്. ഇപ്പോള്‍ കുറച്ചു വര്‍ഷമായി കോഴിക്കോടാണ് താമസിക്കുന്നത്. ഞാന്‍ പോസ്റ്റ് ഗ്രാജുവേഷന് ചെയ്തത് വിഷ്വല്‍ കമ്മ്യൂണിക്കേഷനാണ്. ആ സമയം ബി ഉണ്ണികൃഷ്ണന് ‘സ്മാര്‍ട്ട് സിറ്റി’ എടുക്കാന്‍ നില്ക്കുന്ന സമയമാണ്. ഉണ്ണികൃഷ്ണന് സാര്‍ ഞങ്ങള്‍ക്ക് ഗസ്റ്റ് ലക്ചറര്‍ ആയി പഠിപ്പിക്കാന്‍ വരുന്നുണ്ടായിരുന്നു. ഒരു അസിസ്റ്റന്റെനെ വേണമെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ഉണ്ണികൃഷ്ണന് സാറിനൊപ്പം ഞാന്‍ ചേര്‍ന്നു. അദ്ദേഹത്തിനൊപ്പം രണ്ട് വര്‍ഷം പ്രവര്‍ത്തിച്ചു.
പട്ടാമ്പിയില്‍ ഷൂട്ടിങ്
ആഗസ്റ്റ് 19ന് പട്ടാമ്പിയില്‍ വെച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. മണിയന്‍പിള്ള രാജു, ദേവനന്ദ, സൈജു കുറുപ്പ്, രമേഷ് പിഷാരടി, അശ്വതി മനോഹരന്, നിരഞ്ജന് രാജു, കുഞ്ചന്‍ എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖതാരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നു.
Recent Comments