മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം നേരിന്റെ ടൈറ്റില്‍ ലോഞ്ചിന് പിന്നാലെ ജീത്തുവിനെ വിളിച്ചു. നേരിന്റെ വിശേഷങ്ങള്‍ അറിയാനായിരുന്നു. ആമുഖങ്ങളൊന്നുമില്ലാതെ ജീത്തു പറഞ്ഞുതുടങ്ങി.
‘ഇതൊരു ത്രില്ലര്‍ ചിത്രമല്ല. സസ്പെന്‍സുമില്ല. മറിച്ചൊരു കോര്‍ട്ട് റൂം ഡ്രാമയാണ്. കോടതിക്കുള്ളില്‍ നടക്കുന്ന ചില സംഭവങ്ങളാണ് ഇതിവൃത്തം. ശരിക്കുമൊരു ഇമോഷണല്‍ ഡ്രാമ.
ശാന്തിമായാദേവിയാണ് ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. അവരെ ഞാനതില്‍ സഹായിച്ചിട്ടുണ്ടെന്ന് മാത്രം. ശാന്തിയെ നിങ്ങള്‍ അറിയും. ദൃശ്യം 2 ലെ അഡ്വക്കേറ്റിനെ അവതരിപ്പിച്ചത് ശാന്തിയാണ്. പ്രൊഫഷണലി അവരൊരു അഭിഭാഷകയാണ്. ദൃശ്യത്തിന്റെ സയമത്തുതന്നെ ഇതിന്റെ കഥ ശാന്തി എന്നോട് പറഞ്ഞിരുന്നു. പക്ഷേ, അതിലൊരു സിനിമയുടെ എലമെന്റ് കണ്ടെത്തുന്നതുവരെ കാത്തിരിക്കുകയായിരുന്നു. നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് അത് സിനിമയാക്കാന്‍ തീരുമാനിക്കുന്നത്.
ലാലേട്ടനാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രിയാമണിയും ശക്തമായൊരു വേഷം ചെയ്യുന്നു. സിദ്ധിക്ക്, ജഗദീഷ്, ഗണേഷ് കുമാര്‍, അനശ്വരാ രാജന് എന്നിവരാണ് മറ്റ് പ്രധാന താരനിരക്കാര്‍. നിരവധി താരങ്ങള്‍ വേറെയുമുണ്ട്.
17 ന് തിരുവനന്തപുരത്ത് ഷൂട്ടിംഗ് ആരംഭിക്കും. 25 ന് ലാലേട്ടന് ജോയിന്‍ ചെയ്തേക്കും. ഇനിയൊരുപക്ഷേ അത് ഓണം കഴിഞ്ഞാവാനും സാധ്യതയുണ്ട്.
സത്യത്തില്‍ ‘റാം’ പൂര്‍ത്തിയാക്കിയശേഷം ‘നേരി’ലേയ്ക്ക് കടക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. പക്ഷേ റാമിന്റെ ഷൂട്ടിംഗ് ഇനിയും അവശേഷിക്കുന്നുണ്ട്. അത് അല്‍പ്പംകൂടി നീളാനും സാധ്യതയുണ്ട്. അതുകൊണ്ട് നേരിലേയ്ക്ക് കടന്നുവെന്നുമാത്രം. – ജീത്തു ജോസഫ് പറഞ്ഞുനിര്‍ത്തി.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നേര് നിര്‍മ്മിക്കുന്നത്. ആശിര്‍വാദിന്റെ 33-ാമത്തെ നിര്‍മ്മാണ ചിത്രമാണിത്. ആശിര്‍വാദിന് വേണ്ടി ജീത്തു ജോസഫ് ഒരുക്കുന്ന നാലാമത് ചിത്രവും. ദൃശ്യം, ദൃശ്യം 2, ട്വല്‍ത്ത് മാന്‍ എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.
സതീഷ് കുറുപ്പ് ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് സിദ്ധു പനയ്ക്കലും എഡിറ്റര്‍ വിനായകും. ശാന്തി ആന്റണിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ആര്‍ട്ട് ബോബന്, മ്യൂസിക് വിഷ്ണു ശ്യാം, വരികള്‍ വിനായക് ശശികുമാര്‍, കോസ്റ്റിയൂം ലിന്‍ഡ ജീത്തു, മേക്കപ്പ് അമല്‍ ചന്ദ്ര, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് രാമചന്ദ്രന്.
Recent Comments