മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക
ഭൂമി വാങ്ങുകയോ ഉള്ളതിന്റെ വിസ്താരം വര്‍ദ്ധിപ്പിക്കുകയോ ചെയ്തേക്കും. വിദ്യാഭ്യാസകാര്യങ്ങളില്‍ ഉയര്‍ച്ചയുണ്ടാകും. സന്താനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതില്‍ ശ്രദ്ധ ചെലുത്തും. തൊഴില്‍മേഖലയില്‍നിന്ന് പണം ലഭിക്കുമെങ്കിലും എല്ലാത്തിനും കാലതാമസം നേരിടും. വിരോധികളുടെ പ്രവര്‍ത്തനം മനസ്സിനെ ശല്യപ്പെടുത്തിയെന്നുവന്നേക്കാം. വേണ്ടത്ര ശാരീരികസുഖവും, മാനസികസുഖവും ഉണ്ടായെന്നു വരില്ല. ഇദ്യോഗസ്ഥന്മാര്ക്ക് മേലധികാരികളില്‍നിന്ന് പ്രയാസം നേരിടും. പ്രമേഹമോ, രക്തസമ്മര്‍ദ്ദമോ ഉള്ള രോഗികള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. ഉന്നത വിദ്യാഭ്യാസരംഗത്ത് ഉയര്‍ച്ചയും ധനലാഭവും പ്രതീക്ഷിക്കാം.
സുബ്രഹ്മണ്യഭജനം ചെയ്യുന്നതും, ഭദ്രകാളീക്ഷേത്രത്തില്‍ രക്തപുഷ്പാഞ്ജലി, ചുവന്ന പട്ടുടയാട, അശ്വാരൂഢമന്ത്രാര്ച്ചന എന്നിവ നടത്തുന്നതും ശ്രേയസ്കരമായിരിക്കും.
ഇടവക്കൂറ്: കാര്‍ത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക
കര്‍മ്മരംഗം പുഷ്ടി പ്രാപിക്കുകയും കൂടുതല്‍ സാമ്പത്തിക നേട്ടം ഉണ്ടാകുകയും ചെയ്യും. വിഷമം പിടിച്ച കാര്യങ്ങള്‍ ദൈവാധീനംകൊണ്ട് നേരെയാകുന്നതാണ്. മാതൃകുടുംബത്തിലെ സ്വത്ത് വിഷയത്തില്‍ അനുകൂലമായ തീരുമാനം ഉണ്ടാകും. കൂട്ടു കച്ചവടത്തില്‍നിന്ന് പിരിഞ്ഞ് ഒറ്റയ്ക്ക് ബിസിനസ് തുടങ്ങാനായി ശ്രമിക്കും. വ്യവഹാരാദികളില്‍ തൃപ്തികരമായ വിജയം ഉണ്ടാകുകയില്ല. കര്‍ഷക തൊഴിലാളികള്‍ക്ക് കിട്ടേണ്ടതായ ആനുകൂല്യം ലഭിക്കും. മുന്‍പ് എഴുതിയ പരീക്ഷകളുടെ ഫലം ഗുണകരമായി വരുന്നതാണ്. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇടയാകുന്നതാണ്. പട്ടാളം, പോലീസ് വിഭാഗക്കാര്‍ക്ക് സ്ഥാനമാറ്റവും പ്രൊമോഷനും ലഭിക്കുന്നതാണ്. യാത്രാവേളകള്‍ സാമ്പത്തികനഷ്ടങ്ങള്ക്കിടവരുത്തും.
ദേവീമാഹാത്മ്യപാരായണം, ദുര്ഗ്ഗാക്ഷേത്രത്തില് അഷ്ടോത്തരാര്‍ച്ചന, പുഷ്പാഞ്ജലി, മാല, വിളക്ക് എന്നീ വഴിപാടുകളും നടത്തുന്നത് ഗുണകരമായിരിക്കും.
മിഥുനക്കൂറ്: മകയിരം 30 നാഴിക തിരുവാതിര, പുണര്‍തം 45 നാഴിക
കൃഷിയുമായി ബന്ധപ്പെട്ട തൊഴില്‍ ചെയ്യുന്നവര്‍ക്ക് അത്ര അനുകൂലസമയമല്ല. വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി സന്താനങ്ങള്‍ക്കുവേണ്ടി ധനം ചെലവഴിക്കേണ്ടതായിവരും. ദൂരയാത്രകള് ചെയ്യുമെങ്കിലും അനുകൂലമായ ഫലം കണ്ടു എന്ന് വരില്ല. ശരീരത്തിന് ക്ഷതമോ ശസ്ത്രക്രിയാദികളെക്കൊണ്ടുള്ള ബുദ്ധിമുട്ടുകളോ ഉണ്ടാകാനിടയുണ്ട്. ദാമ്പത്യജീവിതത്തില്‍ പൊതുവേ തൃപ്തി കുറയും. നിശ്ചയിച്ചുറപ്പിച്ചുവച്ചിരുന്നതായ സന്താനങ്ങളുടെ വിവാഹം ചില നിസ്സാരകാരണങ്ങള്കൊണ്ട് തടസ്സപ്പെടും. പിതൃസ്ഥാനീയര്‍ക്കും ഗുരുക്കന്മാര്ക്കും ചില ആപത്തുകളോ, വിയോഗങ്ങളോ ഉണ്ടാകാനിടയുണ്ട്. പൊതുപ്രവര്‍ത്തകര്‍ മത്സരങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്നതായിരിക്കും നല്ലത്. സ്ത്രീകള്‍ നിമിത്തം അപവാദങ്ങള്‍ ഉണ്ടാകാനിടവരികയും കുടുംബത്തില്‍ അന്തഃഛിദ്രങ്ങള്ക്കിടവരികയും ചെയ്യാം.
നിത്യവും മഹാവിഷ്ണുക്ഷേത്രത്തില്‍ നിര്‍മ്മാല്യം തൊഴുന്നതും, സഹസ്രനാമാര്‍ച്ചനയും, സഹസ്രനാമജപവും നടത്തുകയും ചെയ്യുന്നത് കൂടുതല്‍ ഗുണകരമായിരിക്കും.
കര്‍ക്കിടകക്കൂറ്: പുണര്‍തം 15 നാഴിക, പൂയം, ആയില്യം
ഗൃഹാന്തരീക്ഷം പൊതുവെ ഗുണകരമായിരിക്കും. ക്ഷേത്രജീവനക്കാര്‍ക്ക് വരുമാനം വര്‍ദ്ധിക്കും. ഗൃഹനിര്‍മ്മാണം പുനരാരംഭിക്കും. വിദേശയാത്രയ്ക്കുവേണ്ടി ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സഫലമാകും. സ്ത്രീകള്‍ക്ക് ജോലിയില്‍ സ്ഥാനമാറ്റവും, സ്ഥാനക്കയറ്റവും പ്രതീക്ഷിക്കാം. സാംക്രമിക രോഗങ്ങള്‍ പിടിപെടാതെ ശ്രദ്ധിക്കണം. കൃഷിയില്‍നിന്ന് കൂടുതല്‍ വരുമാനം പ്രതീക്ഷിക്കാം. വ്യവസായമേഖലയിലും പത്രം, സാഹിത്യം തുടങ്ങിയ മേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ അവസരവും പുരോഗതിയും ഉണ്ടാകും. പിതൃകര്‍മ്മങ്ങള്‍ ചെയ്യേണ്ടതായി വരാം. നൂതനവാഹനങ്ങള് വാങ്ങുന്നതിന് സാധിക്കും. ആശ്രമങ്ങളോ, മഠങ്ങളോ ആയി ബ്ന്ധപ്പെട്ട് കഴിയുന്നവര്‍ക്ക് അപവാദങ്ങളോ നിയമചോദ്യങ്ങളോ ഉണ്ടാകനിടയുണ്ട്.
കാലദോഷം ശാന്തിക്കായി ദേവീക്ഷേത്രദര്ശനം, ധര്മ്മദൈവഭജനം, സര്‍പ്പപ്രീതികരമായ കര്‍മ്മങ്ങള്‍ എന്നിവ അനുഷ്ഠിക്കണം.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം 15 നാഴിക
സഹോദരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഗുണകരമായ സമയമാണ്. കുടുംബത്ത് വേണ്ടപ്പെട്ടവര്‍ക്ക് അപ്രതീക്ഷിതമായ രോഗപീഡകള്‍ ഉണ്ടാകാനിടയുണ്ട്. പുനര്‍വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരിക്കും. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി പൂര്‍വ്വിക സ്വത്തുക്കള്‍ ക്രയവിക്രയം ചെയ്യുന്നതിനായി ശ്രമിക്കും. വാസഗൃഹം മാറാനിടയുണ്ട്. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ഈ ദിവസങ്ങള്‍ അത്ര അനുകൂലമല്ല. ലാഭകരമായി നിന്നിരുന്ന തൊഴിലുകള്‍ക്ക് സര്‍ക്കാരില്‍നിന്നുള്ള നിയമതടസ്സങ്ങള്‍ വന്നുചേരും. ഭാര്യയുടെ കുടുംബസ്വത്ത് വീതംവയ്ക്കുന്നതില്‍ കുടുംബജനങ്ങളുമായി ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായെന്ന് വരാം. വാഹനപരമായി നഷ്ടങ്ങളോ, അപകടങ്ങളോ ഉണ്ടാകാതെ ശ്രദ്ധിക്കണം.
ദോഷശാന്തിക്കായി ശിവക്ഷേത്രദര്‍ശനം നടത്തുകയും, ശിവങ്കല്‍ ജലധാര, മൃത്യുഞ്ജയ പുഷ്പാഞ്ജലി, രുദ്രാഭിഷേകം, വില്വാര്‍ച്ചന എന്നിവ നടത്തുന്നത് ഉത്തമമായിരിക്കും.
കന്നിക്കൂറ്: ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക
വിദ്യാഭ്യാസപരമായി ഉയര്‍ച്ചയും ഉന്നത വിദ്യാഭ്യാസത്തിനായി വിദേശയാത്രയും വിദ്യാഭ്യാസത്തിനായി സാമ്പത്തിക ഇടപാടുകളും നടത്തും. നൂതന വാഹനങ്ങളോ, വാസഗൃഹമോ വാങ്ങാന്‍ ശ്രമിക്കും. വിദേശയാത്രകള്‍ പ്രതീക്ഷിച്ചിരുന്നവര്‍ക്ക് തടസ്സങ്ങള്‍ മാറി വിദേശത്ത് ജോലി സമ്പാദിക്കാനിടയാകും. ക്ലെറിക്കല്‍ ജോലികള്‍, ഐടി മേഖലകള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ ഗുണകരമവും സാമ്പത്തികനേട്ടവും ഉണ്ടാകും. ദാമ്പത്യജീവിതത്തില്‍ അസാവരസ്യങ്ങള്ക്കിടയാകും. സഹോദരങ്ങളുടെ വിവാഹം ഹേതുവായി വ്യവഹാരങ്ങള്ക്കിടവരും. ഭൂമിവിഷയത്തില്‍ അയല്‍ക്കാരുമായി ശത്രുതയും പോലീസ് നടപടികളും ഉണ്ടാകും. മത്സ്യമേഖലയിലും കാര്‍ഷികമേഖലയിലും ജോലി ചെയ്യുന്നവര്‍ക്ക് സാമ്പത്തികനേട്ടം ഉണ്ടാകുമെങ്കിലും ചെലവുകള്‍ അധികരിച്ച് വരും.
ദോഷശാന്തിക്കായി കൃഷ്ണസ്വാമി ക്ഷേത്രത്തില്‍ പുരുഷസൂക്താര്‍ച്ചന, പാല്‍പ്പായസം, വിഷ്ണുസഹസ്രനാമപുഷ്പാഞ്ജലി എന്നിവ നടത്തേണ്ടതാണ്.
തുലാക്കൂറ്: ചിത്തര 30 നാഴിക, ചോതി, വിശാഖം 45 നാഴിക
വിചാരിക്കാത്ത സന്ദര്‍ഭത്തില്‍ സാമ്പത്തിക ലാഭമുണ്ടാകും. ഭൂമി ക്രയവിക്രയം ചെയ്യണമെന്നുള്ളവര്‍ക്ക് അതിനുള്ള അവസരം വന്നുചേരും. ഊഹക്കച്ചവടംകൊണ്ട് സാമ്പത്തികമുണ്ടാകും. കുടുംബസുഖവും, സഹോദരസൗഹൃദവും വര്‍ദ്ധിപ്പിക്കുന്നതിനായി പല ത്യാഗങ്ങളും, സഹിക്കേണ്ടതായി വരും. വിദ്യാഭ്യാസസ്ഥാപനങ്ങളുമായോ നിയമസ്ഥാപനങ്ങളുമായോ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭങ്ങളുണ്ടാകും. ഉദ്യോഗസ്ഥര്‍ സ്ഥാനക്കയറ്റത്തിനോ, സ്ഥാനമാറ്റത്തിനോ വേണ്ടി മറ്റുള്ളവരുടെ സഹായം തേടേണ്ടതായി വരും. പഴയ വീടുകള്‍ വാങ്ങി മോടിപിടിപ്പിക്കുവാന്‍ പ്രയത്നിക്കും. അപസ്മാരരോഗമോ, ബുദ്ധിഭ്രമമോ ഉള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കുകയും, കാലാനുസൃതമായ ചികിത്സകള്‍ നടത്തുകയും വേണം. പുതിയതായ ജോലിയില്‍ പ്രവേശിക്കും. ഡോക്ടര്‍മാര്‍ക്കും ഔഷധവ്യാപാരികള്ക്കും ഈ ദിവസങ്ങള്‍ കൂടുതല്‍ ഗുണകരമായിരിക്കും. പല അപകടങ്ങളില്‍നിന്നും അത്ഭുതകരമായി രക്ഷപ്പെടും. 3, 5 എന്നീ ദിവസങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം. സ്ത്രീജനങ്ങള്‍ മുഖേന ധനലാഭമുണ്ടാകുകയോ, അവരുടെ ആദരവിന് പാത്രീഭവിക്കുകയോ ചെയ്യും.
ദോഷശമനത്തിനായി ദുര്ഗ്ഗാക്ഷേത്രത്തില് നെയ് വിളക്ക്, മാല, സഹസ്രനാമപുഷ്പാഞ്ജലി, അര്‍ച്ചന ഇവ നടത്തുന്നത് ഉത്തമമാണ്.
വൃശ്ചികക്കൂറ്: വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട
യുവജനങ്ങളുടെ വിവാഹത്തിന് തീരുമാനമുണ്ടാകും. കൃഷിയില്‍നിന്നും വ്യാപാരത്തില്‍നിന്നും കൂടുതല്‍ വരുമാനമുണ്ടാകും. തൊഴില്‍രഹിതര്‍ക്ക് തൊഴിലിന് അവസരമുണ്ടാകും. വിദേശയാത്രയ്ക്ക് അവസരവും, സര്‍ക്കാരില്‍നിന്ന് ആനുകൂല്യവും ലഭിക്കും. സഹോദരങ്ങളും, കുടുംബയോഗങ്ങളുമായി അഭിപ്രായവ്യത്യാസമുണ്ടാകും. വീട്ടുപകരണങ്ങളോ, ആഭരണങ്ങളോ നഷ്ടപ്പെടാനിടയുണ്ട്. ഭാര്യയുമായി പിരിഞ്ഞിരിക്കേണ്ടതായ അവസ്ഥ വന്നുചേരാം. സ്ത്രീസന്താനങ്ങളുടെ വിവാഹത്തിനായി ഭൂമി പണയംവച്ച് സമ്പത്തുണ്ടാക്കാന്‍ ശ്രമിക്കും. ഉദരസംബന്ധമായ അസുഖം, വാതരോഗം ഇവയുള്ളവര്‍ കുടുതല്‍ ശ്രദ്ധിക്കേണ്ട കാലമാണ്. പലചരക്ക് ഹോട്ടല്‍ എന്നീ വ്യാപാരം നടത്തുന്നവര്‍ക്ക് വ്യാപാരത്തില്‍ പുരോഗകിയുണ്ടാകും. ഏറിയ കാലമായി സന്താനഭാഗ്യം പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്ക് അതിനുള്ള ഭാഗ്യം ഉണ്ടാകുന്നതാണ്.
ദോഷശാന്തിക്കായി നരസിംഹമൂര്‍ത്തീക്ഷേത്രത്തില്‍ പുഷ്പാഞ്ജലി, സുബ്രഹ്മണ്യസ്വാമീക്ഷേത്രദര്ശനം എന്നിവ നിത്യം നടത്തേണ്ടതാണ്.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം 15 നാഴിക
പ്രയത്നിക്കുന്നതിനനുസരിച്ച് ഫലം ലഭ്യമാകുകയില്ല. ധനകാര്യസ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് ബുദ്ധിമുട്ടുകള്‍ വന്നേക്കിടയുണ്ട്. ഭാര്യാഭര്ത്താക്കന്മാര് കൂടുതല്‍ സ്നേഹത്തോടും ഐശ്വര്യത്തോടും കൂടി കഴിയും. അലസത നിമിത്തം കുടുംബത്തില്‍ നടക്കേണ്ടതായ പല കാര്യങ്ങള്‍ക്കും തടസ്സങ്ങള്‍ നേരിടാം. അനാവശ്യകാര്യങ്ങളില്‍ ഇടപെട്ട് മനസ്സ് വിഷമിക്കേണ്ടതായി വരും. മക്കളുടെ വിദ്യാഭ്യാസത്തിനായി കൂടുതല്‍ പണം ചെലവഴിക്കും. രാഷ്ട്രീയക്കാര്‍ക്കും സാമുദായിക നേതാക്കന്മാര്ക്കും അനുകൂലമായ ദിവസങ്ങളാണ്. വീടോ, വാഹനമോ വാങ്ങാന്‍ പണം ചെലവഴിക്കും. ആരോപണങ്ങളില്‍പ്പെട്ട് കുടുംബത്തിലെ സ്വസ്ഥതകള്‍ നഷ്ടപ്പെടാം. ദൂരയാത്രകള് പരമാവധി ഒഴിവാക്കുന്നത് ഈ ദിവസങ്ങളില്‍ നല്ലതായിരിക്കും. ഉദ്യോഗസ്ഥര്‍ക്ക് സഹപ്രവര്‍ത്തകരില്‍നിന്ന് പ്രതികൂല സാഹചര്യങ്ങളുണ്ടാകും. ആരോഗ്യനില അഭിവൃദ്ധിപ്പെടുകയും, തൊഴില്മേഖളയില് ക്രമാനുഗത പുരോഗതി ഉണ്ടാകുകയും ചെയ്യും.
ദോഷശാന്തിക്കായി സര്‍പ്പക്ഷേത്രത്തില്‍ നൂറും പാലും സപ്തസൂക്താര്ച്ചന, ദേവീക്ഷേത്രത്തില്‍ സഹസ്രനാമപുഷ്പാഞ്ജലി എന്നിവ നടത്തണം.
മകരക്കൂറ്: ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക
കാര്‍ഷികമേഖളയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലാഭം പ്രതീക്ഷിക്കാം. സ്ത്രീജനങ്ങള്‍ക്ക് പുതിയ വസ്ത്രങ്ങളും, ആഭരണങ്ങളും വാങ്ങാന്‍ പണം ചെലവഴിക്കും. വിദേശത്ത് ജോലിയുള്ളവര്‍ക്ക് പുതിയ തൊഴിലിനവസരവും കൂട്ടുചേര്‍ന്നുള്ള ബിസിനസ്സിന് ശ്രമവും ഉണ്ടാകും. ഭൂമിവില്‍പ്പന ലാഭകരമായി നടത്താന്‍ പറ്റും. ഗൃഹകര്മ്മങ്ങള്ക്കായി സര്‍ക്കാരില്‍നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കും. നാല്‍ക്കാലിനാശം, വാഹനക്ലേശം എ്നിവ ഉണ്ടാകാം. പ്രേമകാര്യങ്ങളില്‍ പരാജയം വരികയും, രക്ഷിതാക്കളുടെ പ്രേരണയില്‍ വിവാഹം നടക്കുകയും ചെയ്യും. നഷ്ടപ്പെട്ടുപോയ ധനമോ, കളവുപോയ സാധനങ്ങളോ തിരികെ ലഭിക്കാനിടയാകും. ശത്രുക്കളില്‍നിന്നും സര്‍ക്കാരില്‍നിന്നും നിരന്തരം മാനസികക്ലേശങ്ങള്ക്കിടവരും. അനാവശ്യ യാത്രകള്‍കൊണ്ട് വിഷമതകള്‍ നേരിടാം.
പരിഹാരമായി ശിവക്ഷേത്രത്തില്‍ പിറകില്‍ വിളക്ക്, കൂവളമാല, ജലധാര, രുദ്രസൂക്താര്‍ച്ചന എന്നിവയും മലദൈവങ്ങള്‍ക്ക് അടുക്ക് വച്ച് പ്രാര്‍ത്ഥിക്കുകയും വേണം.
കുംഭക്കൂറ്: അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക
കോണ്ട്രാക്ടുകള് മുഖേനയും മറ്റും കിട്ടാനുള്ളതായ പണം കൈവശം വന്നുചേരും. തൊഴില്‍രഹിതര്‍ക്ക് ജോലിയില്‍ പ്രവേശിക്കാനുള്ള അവസരം വന്നുചേരും. പുതിയതായി വീടോ വസ്തുവോ വാങ്ങാന്‍ ശ്രമിക്കും. ഇലക്ട്രോണിക് വസ്തുക്കളുടെ ഏജന്‍സി എടുക്കുകയോ, അതിന്റെ ശാസ്ത്രീയവിഭാഗത്തില് പ്രായോഗിക വിജ്ഞാനം നേടാന്‍ ശ്രമിക്കുകയോ ചെയ്യും. സന്താനങ്ങളെ വേറിട്ട് മാറിനില്ക്കേണ്ടതായ സാഹചര്യമുണ്ടാകാം. കുടുംബസ്വത്ത് വീതംവയ്ക്കാന്‍ ശ്രമിക്കുകയും, അതിന് ഇടനിലക്കാരെ സമീപിക്കുകയും ചെയ്യും. ചിത്രകാരന്മാര്ക്കും പെയിന്റര്‍മാര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും അനുകൂലദിവസങ്ങളാണ്. പരസ്യങ്ങളില്‍നിന്ന് പ്രതീക്ഷയ്ക്കൊത്ത വരുമാനം ലഭിക്കാനിടയുണ്ട്. ദൂരയാത്രകള് പ്രയോജനകരമായി ഭവിക്കും. സംഗീതസാഹിത്യാദി കലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ ശോഭിക്കാന്‍ കഴിയും.
ദോഷശാന്തിക്കായി ശാസ്താവിന് നീരാജനം, ഭാഗ്യസൂക്താര്‍ച്ചന, ശംഖാഭിഷേകം എന്നിവനടത്തണം.
മീനക്കൂറ്: പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി
ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഗൃഹപ്രവേശം നിര്വ്വഹിക്കാനിടവരും. ഉപരിപഠനത്തിനുദ്ദേശിച്ച വിഷയത്തില്‍ പ്രവേശനം ലഭിക്കും. പുതിയ പ്രവൃത്തിമേഖലകള്ക്ക് രൂപകല്പന ചെയ്ത് തയ്യാറെടുക്കുന്നതാണ്. കടബാധ്യതകള്‍ തീര്‍ക്കാന്‍ പൂര്‍വ്വികസ്വത്ത് വില്‍ക്കേണ്ടതായി വരാം. വിശ്വാസവഞ്ചനയില്‍ അകപ്പെട്ടുവെന്ന് വരാം. തൊഴില്‍, സ്ഥാപനങ്ങളില്‍ തൊഴിലാളികളെക്കൊണ്ട് പ്രശ്നങ്ങള്‍ നേരിടാം. സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമായിവരും. ആരോഗ്യം പൊതുവേ തൃപ്തികരമായിരിക്കും. എന്തെങ്കിലും ജീവിതശൈലീരോഗങ്ങളുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. അപ്രതീക്ഷിതമായി തൊഴില്‍ നഷ്ടപ്പെടുമെങ്കിലും ബന്ധുജനസഹായത്താല് നല്ല ജോലിക്ക് അവസരമുണ്ടാകും. ക്ഷേത്രദര്‍ശനങ്ങള്‍ക്ക് സമയം കണ്ടെത്തും. അകാരണമായ അപമാനഭീതിയും അപവാദവും ഉണ്ടാകാം.
ദോഷശാന്തിക്കായി വിഷ്ണുസഹസ്രനാമജപം, വിഷ്ണുവിന് പാല്‍പ്പായസം, നെയ് വിളക്ക്, പുഷ്പാഞ്ജലി, നരസിംഹക്ഷേത്രത്തില്‍ യഥായോഗ്യം വഴിപാടുകള്‍ എന്നിവ നടത്തി ഭജിക്കണം.
Recent Comments