പൃഥ്വിരാജ് നായകനാവുകയും നിര്‍മ്മിക്കുകയും ചെയ്യുന്ന പുതിയ ചിത്രമായ കുരുതിയുടെ വിശേഷങ്ങള്‍ അദ്ദേഹം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത് ഇന്നലെയാണ്. ഇപ്പോള്‍ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന കോള്ഡ്കേസിനുശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ചിത്രംകൂടിയാണ് കുരുതി. മനുവാര്യരാണ് സംവിധായകന്.
മനുവാര്യര്‍ ജന്മംകൊണ്ട് മലയാളിയാണെങ്കിലും പഠിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയിലാണ്. എം.ബി.എ. ബിരുദധാരിയാണ്. അമേരിക്കയില്‍നിന്നാണ് എം.ബി.എ. എടുത്തത്. എഴുത്തിനോടാണ് അന്നുമിന്നും താല്‍പ്പര്യം. അമിതാഭ്ബച്ചനെ നായകനാക്കി അനുരാഗ് കാശ്യപ് ചെയ്ത യുദ്ധ് എന്ന ടി.വി. സീരിയസിനടക്കം മനുവാര്യര്‍ തിരക്കഥ എഴുതിയിട്ടുണ്ട്. കോഫി ബ്ലൂം എന്നൊരു ഹിന്ദി ചലച്ചിത്രവും സംവിധാനം ചെയ്തു. മനു ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചലച്ചിത്രമാണ് കുരുതി. സുഹൃത്തും കോ-റൈറ്ററുമായ അനീഷാണ് കുരുതിയുടെ തിരക്കഥാകൃത്ത്. ഇനിയുള്ള കഥ മനുവാര്യര്തന്നെ പറയട്ടെ.
‘ഒരിക്കല്‍ അനീഷ്, കുരുതിയുടെ തിരക്കഥ എനിക്ക് വായിക്കാന്‍ തന്നു. ഇംഗ്ലീഷിലാണ് എഴുതിയിരുന്നത്. വായിച്ചപ്പോള്‍ ഇഷ്ടമായി. കേരളത്തില്‍ നടക്കുന്ന കഥയും കഥാപാത്രങ്ങളുമാണ് അതിലുള്ളത്. അനീഷ് അത് ഹിന്ദിയില്‍ ചെയ്യാന്‍വേണ്ടി എഴുതിയതാണ്. അതും ഒരു ബിഗ് സ്ക്രീനില്‍. എന്നാല്‍ അതിലൊരു മലയാളസിനിമയ്ക്കുള്ള സാധ്യത കണ്ടെത്തി പറഞ്ഞത് ഞാനായിരുന്നു. മലയാളസിനിമ എനിക്ക് ഇഷ്ടമാണ്. അതിനെ കൃത്യമായി പിന്തുടരുന്ന ആളുമാണ്. മലയാളത്തില്‍ ആര് ഈ സിനിമ ചെയ്യും എന്ന കാര്യത്തില്‍ എനിക്ക് സംശയമൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് പൃഥ്വിരാജിന്റെ നമ്പര്‍ കണ്ടെത്തി അദ്ദേഹത്തെ ഫോണിലൂടെ ബന്ധപ്പെടുന്നത്. പിന്നീട് തിരക്കഥ അയച്ചുകൊടുത്തു. പൃഥ്വിക്കും കഥ ഇഷ്ടമായി. അതിനുശേഷം ഞങ്ങള്‍ക്കിടയില്‍ ഫോണ്‍വിളികള്‍ അനവധിയുണ്ടായി. ഈ സെപ്തംബറില്‍ അദ്ദേഹത്തെ നേരിട്ട് വന്ന് കാണുകയും ചെയ്തു. കുരുതി നിര്‍മ്മിക്കാനുള്ള ഓഫറും പൃഥ്വിരാജ് മുമ്പോട്ട് വച്ചതാണ്. അങ്ങനെയാണ് കുരുതി പിറവി കൊള്ളുന്നത്.’ മനുവാര്യര്‍ തുടര്‍ന്നു.
‘മലയാളസിനിമ കാണാറുണ്ടെങ്കിലും എനിക്ക് ഇവിടെ ആരെയും പരിചയമില്ല. ആദ്യമായി പരിചയപ്പെടുകയും നേരിട്ട് കാണുകയും ചെയ്ത അഭിനേതാവ് പൃഥ്വിരാജാണ്. വളരെ നല്ല സ്വീകരണമാണ് അദ്ദേഹം ഞങ്ങള്‍ക്ക് തന്നത്. ഈ പ്രോജക്ടിനുവേണ്ടി മികച്ച താരനിരയെയും ടെക്നീഷന്യന്മാരെ കണ്ടെത്തിത്തന്നതും പൃഥ്വിരാജായിരുന്നു. അതുകൊണ്ടുതന്നെ ഒരു വലിയ ഭാരം ഒഴിവായി കിട്ടി.’
‘കഥയെയും കഥാപാത്രങ്ങളെക്കുറിച്ച് തല്ക്കാലം ഒന്നും പറയുന്നില്ല. ഒറ്റവാക്കില്‍ ഒരു സോഷ്യല്‍-പൊളിറ്റിക്കല്‍ ത്രില്ലറാണ്. ഡിസംബര്‍ 9 ന് ഈരാറ്റുപേട്ടയില്‍ കുരുതിയുടെ ചിത്രീകരണം ആരംഭിക്കും. റോഷന്‍മാത്യു, മുരളി ഗോപി, ഷൈന്‍ടോം ചാക്കോ, മാമ്മുക്കോയ, മണികണ്ഠന് ആചാരി, നവാസ് വള്ളിക്കുന്ന്, നെസ്ലന്‍, സാഗര്‍ സൂര്യ, ശ്രിന്ദ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. അഭിനന്ദന് രാമാനുജനാണ് ക്യാമറാമാന്. എഡിറ്റര്‍ അഖിലേഷ് മോഹന്‍. പ്രോജക്ട് ഡിസൈനര്‍ ഗോകുല്‍ദാസ്. ലൈന്‍ പ്രൊഡ്യൂസര്‍ ഹാരിസ് ദേശം. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ജേക്സ് ബിജോയ് സംഗീതം പകരുന്നു.’
Recent Comments