ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേരിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. ചിത്രീകരണത്തിന് മുന്നോടിയായി വഴുതക്കാട് ഫ്രീ മേസന്‍സ് ക്ലബ്ബില്‍ നടന്ന പൂജാച്ചടങ്ങില്‍ ലാലിന്റെ അടുത്ത സുഹൃത്തുളും ചലച്ചിത്ര പ്രവര്‍ത്തകരും പങ്കെടുത്തു.
ജീത്തു ജോസഫും ലിന്റാ ജീത്തുവും ചേര്‍ന്നാണ് ആദ്യതിരി തെളിയിച്ചത്. ആന്റണി പെരുമ്പാവൂര്‍ സ്വിച്ചോണ്‍ കര്‍മ്മവും എം. രഞ്ജിത്ത് ഫസ്റ്റ് ക്ലാപ്പും നല്കി. അശോക് കുമാര്‍, രാജീവ് നാഥ്, ബി.രാകേഷ്, രാജീവ് കുമാര്‍, കിരീടം ഉണ്ണി, സനില്‍ കുമാര്‍, ചേംബര്‍ ഓഫ് കൊമേഴ്സ്പ്രസിഡന്റ് രഘു ചന്ദ്രന് നായര്‍, മണിക്കുട്ടന്, ജഗദീഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജീത്തു ജോസഫ് ആമുഖ പ്രസംഗവും, ആന്റണി പെരുമ്പാവൂര്‍ നന്ദിയും പറഞ്ഞു.
നീണ്ട ഇടവേളയ്ക്കുശേഷമാണ് ഒരു മോഹന്‍ലാല്‍ സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് നടക്കുന്നത്. അതിന്റെ സന്തോഷം ചലച്ചിത്ര പ്രവര്‍ത്തകര്‍ പങ്കുവച്ചു. ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന മുപ്പത്തിമൂന്നാമത് ചിത്രമാണിത്.
കോടതിയും നിയമയുദ്ധവുമൊക്കെ കോര്‍ത്തിണക്കിയ ഒരു കോര്‍ട്ട് റൂം ഡ്രാമയാണ് നേര്.
മോഹന്‍ലാലിനു പുറമേ അനശ്വരാ രാജന്, പ്രിയാമണി, ജഗദീഷ്, സിദിഖ്, നന്ദു, ശ്രീധന്യ, മാത്യു വര്‍ഗീസ്, കലേഷ്, ശാന്തി മായാദേവി, ഗണേഷ് കുമാര്‍, ദിനേശ് പ്രഭാകര്‍, ശങ്കര്‍ ഇന്ദുചൂഡന്, രമാദേവി, രശ്മി അനില്‍, ഡോ. പ്രശാന്ത് തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.
ഒരു പുതിയ തിരക്കഥാകൃത്തിനെ കൂടി ജീത്തു ജോസഫ് ഈ ചിത്രത്തിലൂടെ പരിചയപ്പെടുത്തുന്നു- ശാന്തി മായാദേവി. അഭിഭാഷകയായ ശാന്തി മമ്മൂട്ടി നായകനായ ഗാനഗന്ധര്‍വ്വനില്‍ അഭിനയിച്ചു കൊണ്ടാണ് അഭിനയരംഗത്തെത്തിയത്. തുടര്‍ന്ന് ദൃശ്യം 2, നാലാംമുറ, ചിത്രീകരണം നടന്നു വരുന്ന റാം എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. വിജയ് നായകനായ ലിയോ എന്ന ചിത്രത്തിലും ശാന്തി ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഈ ചിത്രത്തിലൂടെ തിരക്കഥാരംഗത്തേയ്ക്കും പ്രവേശിക്കുകയാണ്. അതിനവസരവും പ്രചോദനവും നല്‍കിയത് ജീത്തു ജോസഫ് സാറാണന്ന് ശാന്തി പറഞ്ഞു.
ജീത്തു ജോസഫും ശാന്തി മായാദേവിയും ചേര്‍ന്നാണ് കഥയും തിരക്കുയും സംഭാഷണവും രചിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിഷ്ണു ശ്യാം ഈണം പകര്‍ന്നിരിക്കുന്നു. സതീഷ് ക്കുറുപ്പ് ഛായാഗ്രഹണവും വി.എസ്. വിനായക് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം ബോബന്, കോസ്റ്റ്യൂം ഡിസൈന്‍ ലിന്റാ ജീത്തു. മേക്കപ്പ് അമല്‍ ചന്ദ്ര, ചീഫ് അസോസ്സിയേറ്റ് ഡയറക്ടര്‍ സുധീഷ് രാമചന്ദ്രന്, അസോസ്സിയേറ്റ് ഡയറക്ടേര്‍സ് സോണി ജി. സോളമന്, എസ്.എ. ഭാസ്ക്കരന്‍, അമരേഷ് കുമാര്‍, ഫിനാന്‍സ് കണ്ട്രോളര് മനോഹരന് കെ. പയ്യന്നൂര്‍, പ്രൊഡക്ഷന്‍ മാനേജേഴ്സ് ശശിധരന് കണ്ടാണിശ്ശേരില്‍, പാപ്പച്ചന് ധനുവച്ചപുരം, പ്രൊഡക്ഷന്‍ കണ്ട്രോളര് സിദ്ദു പനയ്ക്കല്‍, പി.ആര്.ഒ. വാഴൂര്‍ ജോസ്. ഫോട്ടോ ബെന്നറ്റ് എം. വര്‍ഗീസ്.
തിരുവനന്തപുരത്തും പരിസരങ്ങളിലുമായി നേരിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.
Recent Comments