ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകരുടെ നിരയിലേക്ക് ഒരാള്‍ കൂടി ‘സായി സങ്കല്പ്.’ രാജീവ് ആലുങ്കല്‍ രചിച്ച ഓണപ്പാട്ടിന് ഈണമിട്ടുകൊണ്ടാണ് സായി സങ്കല്‍പ്പിന്റെ അരങ്ങേറ്റം. ഈണം മാത്രമല്ല ഓര്‍ക്കസ്ട്രേഷനും, പ്രോഗ്രാമിങ്ങും സായി സങ്കല്പ് തന്നെ. ബാംഗ്ലൂരിലുള്ള സായിയുടെ സ്വന്തം സ്റ്റുഡിയോയില്‍ തന്നെയാണ് പാട്ടിന്റെ റെക്കോര്‍ഡിംഗും നടന്നത്.
തലശ്ശേരി ധര്‍മ്മടം സ്വദേശികളായ നിതിന്‍ കുണ്ടത്തിലിന്റെയും, സുനിഷ അലാട്ടിന്റെയും മകനാണ് സായി സങ്കല്പ്. ബാംഗ്ലൂര്‍ മിത്ര അക്കാദമിയിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയും. പ്രശസ്ത കന്നഡ സംഗീതജ്ഞരായ സ്റ്റീഫന്‍ പ്രയോഗിന്റെയും അസ്ലം ഖാന്റേയും കീഴിലാണ് സായി സംഗീതം അഭ്യസിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നൂറോളം പ്രശസ്ത ഗാനങ്ങള്‍ക്ക് ആണ്പ്ലഗ്ഗ്ട് കവര്‍ വേര്‍ഷന്‍ ചെയ്തിട്ടുണ്ട്.
ആദ്യ ഗാനം തന്നെ മലയാളത്തില്‍ താന്‍ ഏറെ ഇഷ്ടപെടുന്ന ഗാനരചയിതാവായ രാജീവ് ആലുങ്കലുമൊത്ത് ഒരുക്കാനായതിന്റെ സന്തോഷത്തിലാണ് സായി സങ്കല്പ്. യുവഗായികമാരായ അനന്യയും, അഥിതിയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ലിമി ബിന്ദു രാജാണ് ദൃശ്യാവിഷ്കാരം. യുഎഇയിലെ പ്രശസ്ത സംഗീത കമ്പിനിയായ കീ ഫ്രെയിംസ് ഇന്റര്‍നാഷണലിന് വേണ്ടി റാഫി വക്കമാണ് ‘പുന്നാര പൊന്നോണം’ നിര്‍മ്മിച്ചിരിക്കുന്നത്. രാജീവ് ആലുങ്കലുമൊത്ത് വീണ്ടും ഒരു പാട്ടിന് ഈണം നല്‍കാനുള്ള ഒരുക്കത്തിലാണ് സായി സങ്കല്പ് ഇപ്പോള്‍.
Recent Comments