ടൊവിനോ തോമസിനെ നായകനാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന നടികര്‍ തിലകത്തിന്റെ ചിത്രീകരണത്തിനിടയില്‍ ടൊവിനോതോമസിന്റെ കാലിന് പരിക്കേറ്റു. പെരുമ്പാവൂരിനടുത്ത് മാറമ്പള്ളിയില്‍ ചിത്രീകരണം നടക്കുന്നതിനിടയിലാണ് പരിക്ക് പറ്റിയത്. ഒരു വീടിന്റെ സെറ്റ് കലാസംവിധായകന്‍ പ്രശാന്ത് മാധവിന്റെ നേതൃത്വത്തില്‍ അവിടെ ഒരുക്കിയിരുന്നു. ആ മുറിക്കുള്ളില്‍ ഒരു വലിയ അക്വേറിയം ഉണ്ടായിരുന്നു. അക്വേറിയം പൊട്ടിത്തെറിക്കുകയായിരുന്നു. പെട്ടെന്ന് ടൊവിനോ ഉയര്‍ന്ന് ചാടിയതുകൊണ്ടുമാത്രം മുഖത്ത് ഗ്ലാസ് ചില്ലുകള്‍ പതിക്കാതെ രക്ഷപ്പെടുകയായിരുന്നു. കാലില്‍ പക്ഷേ രണ്ടുമൂന്നിടത്ത് ആഴത്തിലുള്ള മുറിവുകള്‍ പറ്റി. ഉടന്‍തന്നെ അടുത്തുള്ള രാജഗിരി ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടുപോയി. മുറിവുകള്‍ തുന്നിക്കെട്ടി. പരിക്ക് ഗുരുതരമുള്ളതല്ലെങ്കിലും ഡോക്ടര്‍മാര്‍ രണ്ടാഴ്ചത്തെ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി ചിത്രീകരണവും നിര്‍ത്തിവച്ചു. രണ്ടാഴ്ചയ്ക്കുശേഷം ചിത്രീകരണം പുനരാരംഭിക്കുമെന്ന് സംവിധായകന് ലാല്‍ ജൂനിയര്‍ പറഞ്ഞു.
ഇതിനുമുമ്പ് കള എന്ന സിനിമയുടെ സെറ്റില്‍വച്ചും ടൊവിനോയ്ക്ക് അപകടം പിണഞ്ഞിരുന്നു. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടയിലായിരുന്നു കനത്ത ക്ഷതത്തെ തുടര്‍ന്ന് ആന്തരിക രക്തസ്രാവം ഉണ്ടായത്. അന്ന് ടൊവിനോയ്ക്ക് ഒരു മാസത്തോളം വിശ്രമം വേണ്ടിവന്നിരുന്നു.
Recent Comments