ടൊവിനോ തോമസിന്റെ പാന്‍ ഇന്ത്യന്‍ ചിത്രമായ ഐഡന്റിറ്റിയില്‍ നടിയും അവതാരകയുമായ മന്ദിര ബേദി വേഷമിടുന്നു. ചിത്രത്തില്‍ ഒരു പവര്‍ഫുള്‍ വുമണിന്റെ വേഷമാണ് മന്ദിരയ്ക്കായി സംവിധായകനായ അഖില്‍പോളും അനസ് ഖാനും നീക്കിവച്ചിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്കി ഒരുക്കുന്ന ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ കൂടിയാണ് ഐഡന്റിറ്റി.
ഫോറന്‍സിക്കിന് ശേഷം ടൊവിനോ-അഖില്‍പോള്‍-അനസ് ഖാന് കൂട്ടുകെട്ട് ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. തെന്നിന്ത്യയിലെ താരസുന്ദരി തൃഷയാണ് നായികവേഷത്തില്‍ എത്തുന്നത്. പ്രശസ്ത നടന് വിനയ് റായിയും ചിത്രത്തില്‍ പ്രധാന കഥാപാത്രം ചെയ്യുന്നുവെന്ന വാര്‍ത്ത അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പുറത്തു വിട്ടിരുന്നു. അതിന്റെ തുടര്‍ച്ചയാണ് മന്ദിര ബേഡിയുടെ പുതിയ പ്രഖ്യാപനവും. ദില്‍വാലെ ദുല്‍ ഹനിയ ലേ ജായേംഗെ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച മന്ദിര പ്രഭാസിന്റെ സഹോയില്‍ ഒരു നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയിരുന്നു. ഐ.പി.എല്‍ അടക്കം നിരവധി ഷോകളുടെ അവതാകര എന്ന നിലയിലും മന്ദിര പ്രശസ്തയാണ്. മലയാളത്തിലെ മന്ദിര ബേദിയുടെ ബേഡിയുടെ അരങ്ങേറ്റ ചിത്രം കൂടിയാണ് ഐഡന്റിറ്റി.
സെപ്തംബര്‍ 12 ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ഗോവയില്‍ ആരംഭിക്കും. മന്ദിര പങ്കെടുക്കുന്ന ഭാഗങ്ങളാണ് അവിടെ ഷൂട്ട് ചെയ്യുന്നത്. നാല് ദിവസത്തെ ചിത്രീകരണത്തിനുശേഷം ഷൂട്ടിംഗ് രാജസ്ഥാനിലേയ്ക്ക് ഷിഫ്റ്റ് ചെയ്യും. ഉദ്വേഗം ജനിപ്പിക്കുന്ന കാര്‍ ചെയ്സാണ് രാജസ്ഥാനില്‍ ഷൂട്ട് ചെയ്യുന്നത്. ഒന്‍പത് ദിവസത്തെ ഷൂട്ടിംഗാണ് രജസ്ഥാനില്‍ ഇപ്പോള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. തുടര്‍ന്ന് കോയമ്പത്തൂരിലേയ്ക്ക് ഷിഫ്റ്റ് ചെയ്യും. ഒക്ടോബറോടെ കൊച്ചിയിലേയ്ക്ക് എത്തും. കൊച്ചി ഷെഡ്യൂളില്‍ ടൊവിനോ ജോയിന്‍ ചെയ്യും. അതിന് മുന്നോടിയായി, ഒരു ഗംഭീര ലോഞ്ചിംഗ് സെലിബ്രേഷനും അണിയറ പ്രവര്‍ത്തകര്‍ പ്ലാന്‍ ചെയ്യുന്നുണ്ട്.
മുംബയിലുള്ള മന്ദിരയുടെ വീട്ടില്‍ ചെന്നാണ് അഖില്‍ കഥ പറഞ്ഞത്. കഥ ഇഷ്ടമായതിനെത്തുടര്ന്ന് ചിത്രത്തില്‍ അഭിനയിക്കാന്‍ മന്ദിര അപ്പോള്‍തന്നെ സമ്മതം മൂളുകയായിരുന്നു. രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്യത്തും സെഞ്ച്വറി കൊച്ചുമോനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
തൃഷയ്ക്കും വിനയ് റായിക്കുമൊപ്പം മന്ദിര കൂടി എത്തിയതോടെ പ്രഗത്ഭരായ അഭിനേതാക്കളുടെ ഒത്തുചേരലിനാണ് ഐഡന്റിറ്റി സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഹിന്ദിയില്‍ നിന്നടക്കം പുതിയ താരനിരക്കാരുടെ പ്രഖ്യാപനം പിന്നാലെ ഉണ്ടാകുമെന്നും സംവിധായകന് കാന്‍ ചാനലിനോട് പറഞ്ഞു. മലയാള സിനിമയുടെ വാണിജ്യപരിമിതികളെ ഭേദിക്കാനാണ് ഐഡന്റിറ്റിയിലൂടെ പിന്നണി പ്രവര്‍ത്തകര്‍ ലക്ഷ്യം വയ്ക്കുന്നത്.
Recent Comments