നടന് മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസില്‍ പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയുടെ തുടര്‍നടപടികള്‍ കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. ആറുമാസത്തേക്കാണ് സ്റ്റേ. കേസില്‍ നേരിട്ട് ഹാജരാകാന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരോട് കീഴ്ക്കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.
കേസ് പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പൊതുതാല്പര്യങ്ങള്ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. തുടര്‍ന്ന് നവംബര്‍ മൂന്നിന് മോഹന്‍ലാലിനോടും മറ്റുള്ളവരോടും കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു. ഇപ്പോള്‍ ഹൈക്കോടതി കേസിന്റെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്തിരിക്കുകയാണ്. മോഹന്‍ലാലിന്റെ ഹര്‍ജിയില്‍ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
2011ല്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ മോഹന്‍ലാലിന്റെ എറണാകുളം തേവരയിലെ വീട്ടില്‍ നിന്ന് രണ്ട് ജോടി ആനക്കൊമ്പുകള്‍ കണ്ടെടുത്തിരുന്നു. വനംവകുപ്പ് കേസെടുത്തെങ്കിലും ചരിഞ്ഞ ആനകളുടെ കൊമ്പുകളാണിതെന്ന് സര്‍ക്കാരും മോഹന്‍ലാലും കോടതിയില്‍ വാദിച്ചിരുന്നു.
Recent Comments