സോഷ്യല്‍ മീഡിയയാകെ കറങ്ങി നടക്കുന്ന ഈ ഫോട്ടോയിലുള്ള സുന്ദരിമാരുടെ അമ്മയെ നിങ്ങള്‍ക്ക് പരിചയമുണ്ടോ? ആനിയായും ഉണ്ണിയാര്ച്ചയാമെല്ലാം മലയാളികളുടെ മനം കവര്‍ന്ന മാധവിയുടെ മക്കളാണ് ഈ സുന്ദരികള്‍. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും എല്ലാം സൂപ്പര്‍ നായികയായിരുന്നു ഒരു കാലത്ത് മാധവി.
നായിക സങ്കല്‍പ്പങ്ങളുടെ പൂര്‍ണ്ണതയായിരുന്നു മാധവി. അഭിനയവും ആകാരസൗഷ്ഠവവും ഒത്തുചേര്‍ന്ന അപൂര്‍വം നടിമാരില്‍ ഒരാള്‍. മാദകത്വവും ശാലീനതയും ശരീരത്തിലെന്ന പോലെ തന്നെ കണ്ണുകളിലും കൊണ്ട് വരാന്‍ മാധവിക്ക് സാധിച്ചിട്ടുണ്ട്. അങ്ങനെ പാട്ട് കെട്ടാനുള്ള വിശേഷണങ്ങള്‍ പലതാണ് മാധവിക്ക്.
മലയാളത്തിലേക്ക് മാധവി കാലെടുത്ത് വെക്കുന്നത് എംടി ഹരിഹരന് കളരിയിലേക്കാണ്. വളര്‍ത്ത് മൃഗങ്ങള്‍ എന്ന പ്രസിദ്ധമായ കഥയുടെ ദൃശ്യാവിഷ്ക്കാരത്തില്‍ സര്‍ക്കസ് കൂടാരത്തിനുള്ളിലെ ജാനുവായി മാധവി മാറി. മാധവിയുടെ അഭിനയ മികവ് ആ കഥാപാത്രം തന്നെ തുറന്ന് കാട്ടി.
സ്വപ്ന തുല്യമായ തുടക്കത്തില്‍ നിന്ന് ചെന്നെത്തിയത് ഭരതന്റെ ഓര്മ്മയ്ക്കായിലാണ്. ഗോപി എന്ന എക്കാലത്തെയും മികച്ച നടന്റെ നായികയായി മത്സരിച്ച് അഭിനയിച്ചു. ഇരുവരും മികച്ച നടി – നടന്മാര്ക്കുള്ള സംസ്ഥാന അവാര്‍ഡ് ഓര്മ്മക്കായിലൂടെ സ്വന്തമാക്കി. പ്രണയം എന്ന് പറയുമ്പോള്‍ നാണം മുഖത്ത് വരുത്തുന്ന നായിക സമൂഹത്തിന് ഒരു അപവാദമാണ് മാധവി. ‘മൗനം പൊന്മണി തമ്പുരു മീട്ടി’ എന്ന പാട്ടിലടക്കം പ്രണയം എന്ന ഭാവം അവരുടെ മുഖത്ത് കൃത്യമായി പ്രതിഫലിച്ചു.
സീമയ്ക്ക് ശേഷം ചെറിയ ചില സീനുകളില്‍ ആക്ഷന്‍ കാണിച്ച് കൈയടി വാങ്ങാനും സത്യന് അന്തിക്കാടിന്റെ ആദ്യ സിനിമയായ കുറുക്കന്റെ കല്യാണത്തിലൂടെ മാധവിക്ക് കഴിഞ്ഞു. പിന്നീട് അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങളിലേക്ക് അഭിനയം ചുരുങ്ങി. പദ്മരാജന്റെ നവംബറിന്റെ നഷ്ടത്തിലും നൊമ്പരത്തിപ്പൂവിലും ഗംഭീര പ്രകടനമാണ് മാധവി കാഴ്ച വെച്ചത്. പക്ഷേ വാണിജ്യ വിജയം നേടാത്ത ചിത്രങ്ങളിലെ നായിക എന്ന ലേബല്‍ അപ്പോഴേക്കും വീണു കഴിഞ്ഞിരുന്നു.
പിന്നീട് ഒരു മടക്കയാത്രയായിരുന്നു, തുടങ്ങിയ കളരിയിലേക്ക് വീണ്ടും. എം ടി ഹരിഹരന് കൂട്ട്കെട്ടിന്റെ വടക്കന്‍ വീരഗാഥയിലേക്ക്. പതിമൂന്നാം വയസ്സില്‍ പടര്‍ന്ന് കയറിയ ഉന്മാദം എന്നാണ് ചന്തു മാധവിയുടെ ഉണ്ണിയാര്‍ച്ചയെ വിശേഷിപ്പിക്കുന്നത്. സൗന്ദര്യത്തിന്റെ തികവായി ആ ഉന്മാദം പ്രേക്ഷകരിലേക്കും പകര്‍ന്നു. ഒരു മന്ദഹാസത്തിന്റെ പകല്‍പ്പൂരം എന്നാണ് എംടി ചിത്രത്തില്‍ മാധവിയുടെ ചിരിയെ വിശേഷിപ്പിക്കുന്നത്. വശ്യത മാത്രമല്ല മൂര്‍ച്ചയേറിയ പ്രതികാരത്തിന്റെ ചുരിക തലപ്പും ആര്‍ച്ചയ്ക്ക് സ്വന്തമായിരുന്നു. നീചത്വം കാണിക്കുന്ന സീനുകളില്ലാതെ തന്നെ മലയാള സിനിമയിലെ ഏറ്റവും മികച്ച പ്രതിനായിക കഥാപാത്രമായി ഉണ്ണിയാര്‍ച്ച ഇന്നും അവശേഷിക്കുന്നു.
നിരവധി നടിമാര്‍ വേണ്ടെന്ന് വെച്ച ആകാശദൂതിലെ ആനി ഏറ്റവും ഒടിവിലാണ് മാധവിയെ തേടി വന്നത്. ആനി കരഞ്ഞപ്പോള്‍ എല്ലാം പ്രേക്ഷകരും കരഞ്ഞു. ആനി മരിച്ചപ്പോള്‍ അവരുടെ ഹൃദയവും തകര്‍ന്നു. പരാജയ ചിത്രങ്ങളിലെ നടി ആകാശദൂത്തിലൂടെ നേടിയത് അക്കാലത്തെ ഏറ്റവും വലിയ വാണിജ്യ വിജയമാണ്.
മലയാളത്തിന് പുറത്ത് അമിതാഭ് ബച്ചന്, കമലഹാസന്, രജനികാന്ത് തുടങ്ങിയവരുടെ നായികയായും മാധവി വേഷമിട്ടിട്ടുണ്ട്. സിനിമയുടെ തിരക്കിനിടയിലായിരുന്നു കല്യാണം. റാല്‍ഫ് ശര്മ്മയുമായ 1996 ലായിരുന്നു മാധവിയുടെ വിവാഹം.
കല്യാണത്തിന് ശേഷം സിനിമ മതിയാക്കി ഗൃഹസ്ഥാശ്രമത്തിലാണ് മാധവി ഇപ്പോള്‍. വിവാഹ ശേഷം ന്യൂജേഴ്സിയിലാണ് അവര്‍ സ്ഥിരതാമസമാക്കിയത്. ഫോട്ടോയില്‍ കാണുന്ന മൂന്ന് പെണ്മക്കളും അടങ്ങുന്നതാണ് മാധവിയുടെ കുടുംബം. വിമാനം പറത്താന്‍ ലൈസന്‍സ് സ്വന്തമാക്കി എന്ന രീതിയിലും അടുത്തിടെ മാധവി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സിനിമയുടെ ഗ്ലാമര്‍ ലോകം വിട്ട് സന്തുഷ്ടമായ ഒരു കുടുംബ ജീവിതമാണ് മാധവി നയിക്കുന്നത്.
വെള്ളാരം കണ്ണുള്ള ഉണ്ണിയാര്‍ച്ചയുടെ വെള്ളാരം കണ്ണുള്ള മക്കളും സോഷ്യല്‍ മീഡിയക്ക് ഇപ്പോള്‍ പ്രിയപ്പെട്ടതാണ്. ആ മന്ദഹാസത്തിന്റെ പകല്‍പ്പൂരം ചന്തുവിനെ പോലെ തന്നെ മലയാളിയിലും മായാതെ അവശേഷിക്കുന്നു.
Recent Comments