ഐറിഷ് നാടകകൃത്ത് സാമുവല്‍ ബെക്കറ്റിന്റെ, നോബല്‍ സമ്മാനം നേടിയ Waiting for Godot (ഗോദോയെ കാത്ത്) എന്ന നാടകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കെ.പി. കുമാരന് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് അതിഥി. 1975-ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ പി.ജെ. ആന്റണി, ഷീല, കൊട്ടാരക്കര ശ്രീധരന് നായര്‍, ബാലന് കെ നായര്‍ തുടങ്ങിയവര്‍ വേഷമിട്ടു. വയലാര്‍ ദേവരാജന്‍ ടീമിന്റേയായിരുന്നു ഗാനങ്ങള്‍.
അതിഥിയിലെ യേശുദാസ് പാടിയ ‘സീമന്തിനി’ എന്ന ഗാനം എക്കാലവും ഓര്ത്തിരിക്കപ്പെടുന്നതാണ്. മലയാള ഗാനശാഖയുടെ തലതൊട്ടപ്പനായ വയലാറിന്റെ രചന മാന്ത്രികത വരികളില്‍ വ്യക്തമാണ്. എന്നാല്‍ ഇത്രയും ഭാവന സമ്പുഷ്ടമായ ഗാനത്തിന്റെ പിറവി തീര്‍ത്തും കൗതുകം ഉണര്‍ത്തുന്ന ഒന്നാണ്.
പാട്ടിന്റെ വരികളെഴുതാന്‍ വയലാറിനെ കൊണ്ട് പോയത് കെ.പി. കുമാരന്റെ തന്റെ കുട്ടനാട്ടിലെ വീട്ടിലേക്കാണ്. നേരം ഉച്ചയായി, വൈകുന്നേരത്തിന് മുമ്പ് പാട്ടെഴുതി ദേവരാജന്റെ കൈയില്‍ ഏല്‍പ്പിക്കണം. എന്നാല്‍ മാത്രമേ പിറ്റേ ദിവസം പാട്ടിന്റെ റെക്കോര്‍ഡിങ്ങ് നടക്കുകയുള്ളു. ഊണിന് ശേഷം എഴുതാമെന്നും കുമാരനോട് വയലാര്‍ പറഞ്ഞു.
വയലാറിന് എഴുതാനുള്ള സജ്ജീകരണങ്ങള്‍ ഊണിന് മുമ്പ് തന്നെ കുമാരന് ഒരുക്കി. കുട്ടനാടിന്റെ മുഴുവന്‍ ഗ്രാമീണതയും ആസ്വദിക്കുവാനെന്നവണ്ണം വയലാര്‍ ഇരിക്കുന്ന മുറിയുടെ ജനാലകള്‍ തുറന്നിട്ടു. വാഴകള്‍ അടക്കം നില്ക്കുന്ന വീടിന്റെ പിന്‍ഭാഗമാണ് ജനലിലൂടെയുള്ള കാഴ്ച.
ഉടനെ വയലാറിനുള്ള ഭക്ഷണം വിളമ്പാനുള്ള ഇല മുറിക്കാനായി ഒരു പെണ്‍കുട്ടി വാഴയുടെ സമീപം എത്തി. ജനലിന്റെ അഴികളില്‍ പിടിച്ച് കൊണ്ട് വയലാര്‍ സസൂക്ഷ്മം നോക്കി. ആ നിമിഷാര്‍ദ്ധത്തില്‍ തന്നെ വയലാര്‍ കടലാസില്‍ കുറിച്ചിട്ടു ‘സീമന്തിനീ നിന്റെ ചൊടികളിലാരുടെ പ്രേമമൃദുസ്മേരത്തിന്‍ സിന്ദൂരം, ആരുടെ കൈനഖേന്ദു മരീചികളില്‍ കുളിച്ചാകെ തളിര്‍ത്തു നിന് കൗമാരം’.
ഇല മുറിച്ചതിന് ശേഷം ആ പെണ്‍കുട്ടി പിന്നിലേക്ക് തിരിഞ്ഞ് വീട്ടിലേക്ക് കയറി പോയി. വയലാറിന്റെ ശ്രദ്ധയില്‍ പെട്ടത് അവളുടെ കാല്പാദമായിരുന്നു. ഉടനെ അടുത്ത വരികള്‍ കൂടി കടലാസിലേക്ക് പകര്‍ത്തി ‘വെണ്‍ചിറകൊതുക്കിയ പ്രാവുകള്‍ പോലുള്ള ചഞ്ചല പദങ്ങളോടെ; നീ മന്ദം മന്ദം നടക്കുമ്പോള്‍ താനേ പാടുമൊരു മണ് വിപഞ്ചികയീ ഭൂമി’.
ഊണ് വിളമ്പുന്നതിന് മുമ്പുതന്നെ വരികള്‍ തയ്യാര്‍. പ്രകൃതിയെ കവിതയായി പല ഗാനങ്ങളിലും വാറ്റിയെടുത്ത വയലാറിന് ഒരു പെണ്‍കുട്ടിയുടെ കാല്‍പ്പാദം ധാരാളം മതി ഭാവനയുടെ ലോകത്ത് അശ്വമേധം നടത്താന്‍. അടവെച്ച് വിരിയിച്ചെടുക്കുന്ന ഇന്നത്തെ വരികള്‍ക്ക് നിമിഷങ്ങള്‍ കൊണ്ട് മാത്രം എഴുതിയ വയലാറിന്റെ കവിതയ്ക്ക് മുമ്പില്‍ ഒന്നുമല്ലാതാകുന്നു. വയലാര്‍ തൊപ്പിക്കുള്ളില്‍ നിന്ന് കവിതയെ കണ്ടെത്തുന്ന ജാലവിദ്യക്കാരനായി ഇന്നും മായാതെ നില്ക്കുന്നു.
പൂര്‍ണ്ണമായ വരികള്‍:
സീമന്തിനീ…
സീമന്തിനീ നിന്റെ ചൊടികളിലാരുടെ
പ്രേമമൃദുസ്മേരത്തിന്‍ സിന്ദൂരം
ആരുടെ കൈനഖേന്ദു മരീചികളില്‍
കുളിച്ചാകെ തളിര്‍ത്തു നിന് കൗമാരം (സീമന്തിനീ..)
വെണ്‍ചിറകൊതുക്കിയ പ്രാവുകള്‍ പോലുള്ള
ചഞ്ചല പദങ്ങളോടെ
വെണ്‍ചിറകൊതുക്കിയ പ്രാവുകള്‍ പോലുള്ള
ചഞ്ചല പദങ്ങളോടെ – നീ
മന്ദം മന്ദം നടക്കുമ്പോള്‍ താനേ പാടുമൊരു
മണ് വിപഞ്ചികയീ ഭൂമി
എന്നെയതിന് മാറിലെ ഇഴകളാക്കൂ
എന്നെ നിന്നനുരാഗ പല്ലവിയാക്കൂ
പല്ലവിയാക്കൂ – പല്ലവിയാക്കൂ (സീമന്തിനീ..)
നിന് നിഴല്‍ കൊഴിഞ്ഞൊരീയേകാന്ത വീഥിയിലെ
നിര്മ്മാല്യത്തുളസി പോലെ ഈ
എന്റെ നെടുവീര്‍പ്പുകള്‍ തന് കാറ്റും കൊണ്ടു ഞാന്‍
എന്റെ ദുഃഖങ്ങളെയുറക്കും
നിന്റെ നൂറു പൊയ്മുഖങ്ങള്‍ വലിച്ചെറിയും
നിന്നില്‍ ഞാന്‍ നിലയ്ക്കാത്ത വേദനയാകും
വേദനയാകും – വേദനയാകും (സീമന്തിനീ..)
Recent Comments