വെട്രിമാരന്റെ തിരക്കഥയില്‍ ദുരൈ സെന്തില്‍കുമാര്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലായിരുന്നു പതിവുപോലെ ഉണ്ണി മുകുന്ദന്. കുംഭകോണമാണ് പ്രധാന ലൊക്കേഷന്‍. നൈറ്റ് ഷൂട്ടാണ് നടന്നുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം. അര്‍ദ്ധരാത്രി കഴിഞ്ഞ സമയം. സിനിമാപ്രവര്‍ത്തകരെല്ലാം ചേര്‍ന്ന് ഉണ്ണി മുകുന്ദനെ മറ്റൊരിടത്തേയ്ക്ക് കൂട്ടി കൊണ്ടുപോയി. അവിടെ ചെന്നപ്പോള്‍ ഉണ്ണിമുകുന്ദന് ഞെട്ടി. തനിക്ക് ജന്മദിനാശംസകള് നേര്‍ന്ന് ഫ്ളക്സ് ബോര്‍ഡ്. അതിന് മുന്നിലായി മേശപ്പുറത്ത് വലിയൊരു കേക്ക്. കൂറ്റന്‍ പുഷ്പഹാരം. നിര്‍മ്മാതാവാണ് ആ കൂറ്റന്‍ ഹാരം ഉണ്ണിയെ അണിയിച്ചത്. സഹനടന്മാരായ സൂര്യയും ശശികുമാറും ചടങ്ങിന് സാക്ഷികളായിരുന്നു. ആദ്യമധുരം സംവിധായകന് നുള്ളി കൊടുത്തു. എല്ലാവരും ഉണ്ണിക്ക് ജന്മദിനാശംസകള് നേര്‍ന്നു.
നിരവധി ജന്മദിനങ്ങളുടെ ഭാഗമായിട്ടുണ്ടെങ്കിലും അന്യഭാഷാ ചിത്രത്തില്‍നിന്ന് ഇങ്ങനെയൊരു സര്‍പ്രൈസ് ലഭിക്കുന്നത് ആദ്യമാണെന്ന് ഉണ്ണി പറഞ്ഞു. സാധാരണ ജന്മദിന ആഘോഷങ്ങളെല്ലാം നാട്ടില്‍വച്ചാണ് നടത്തപ്പെടാറുള്ളത്. ഇത്തവണ അത് അന്യദേശത്തായതും ആകസ്മികതയാകാം.
Recent Comments