മലയാള സിനിമയില്‍ നടനായും സംവിധായകനായും നിര്‍മ്മാതാവായുമെല്ലാം തന്റെ വ്യക്തിമുദ്ര പതിപ്പിച്ച മധുവിന് നവതി. തകഴി, ബഷീര്‍, എം.ടി., പാറപ്പുറത്ത്, എസ്.കെ. പൊറ്റെക്കാട്, തോപ്പില്‍ഭാസി, ഉറൂബ്, കേശവദേവ്, മലയാറ്റൂര്‍ തുടങ്ങി അനവധി എഴുത്തുകാരുടെ സാഹിത്യകൃതികളുടെ ദൃശ്യാവിഷ്കാരങ്ങളില്‍ മധുവിന് ഭാഗമാകാന്‍ കഴിഞ്ഞു. സൂപ്പര്‍ താരത്തിന്റെ പരിവേഷമില്ലാതെ നീചനും നല്ലവനും ഒരുപോലെയാവാന്‍ കഴിയുന്ന മധു എന്ന നടനെയാണ് അവര്‍ പ്രയോജനപ്പെടുത്തിയത്.
എന്നാല്‍ ഇത്രയും മികച്ച നടനെ പില്ക്കാലത്ത് മലയാള സിനിമ കാരണവര്‍ സ്ഥാനം നല്കി അട്ടത്തില് എടുത്തു വെച്ചു. മധു എന്ന നടനോട് ചെയ്യുന്ന നീതി കേടാണ് ഒരു തരത്തില്‍ ഈ കാരണവര്‍സ്ഥാനം. സമീപ കാലങ്ങളില്‍, സ്പിരിറ്റ് എന്ന ചിത്രത്തിലാണ് അദ്ദേഹത്തിന് ഇതില്‍ നിന്ന് മോചനം ലഭിച്ചത്. നവതി ആഘോഷിക്കുമ്പോഴും കഴിഞ്ഞ 20 വര്‍ഷത്തെ മലയാള സിനിമ മധു എന്ന നടനെ ഉപയോഗിച്ചതേയില്ല എന്ന് പറയുന്നതാണ് ശരി.
അഭിനയത്തില്‍ ഒരു ഭംഗവും വന്നിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു സ്പിരിറ്റിലെ വേഷം. അട്ടത്തില് നിന്ന് വിളിച്ചിറക്കി നെക്സ്റ്റ് ഡോര്‍ അങ്കിളായി കുടിയിരുത്തി. മധു എന്ന വ്യക്തിക്ക് മാത്രമാണ് പ്രായമായത്, മധു എന്ന അഭിനേതാവ് ഇന്നും മധുവിധു ആഘോഷിക്കുന്ന ചെറുപ്പക്കാരനാണ്.
മലയാള സിനിമയെ സ്റ്റുഡിയോയില്‍ നിന്ന് പൂര്‍ണ്ണമായി പുറത്തേക്കിറക്കിയ ചിത്രമായ ഓളവും തീരത്തിലും നായകന് മധു തന്നെയാണ്. സിങ്ക് സൗണ്ട് ഉപയോഗിച്ച് സമാന്തര സിനിമകളുടെ ലോകത്ത് വിപ്ലവം സൃഷ്ടിച്ച സ്വയംവരത്തിലും മധുവാണ് നായകന്. ഈ രണ്ട് ചിത്രങ്ങളിലും സൂക്ഷ്മ അഭിനയത്തിന്റെ തലങ്ങള്‍ മധു ഇഴ കീറി പരിശോധിക്കുന്നു. നാടകീയതയില്‍ നിന്ന് റിയലിസത്തിലേക്കുള്ള പരിണാമം മധു എന്ന നടനിലൂടെയാണ് മലയാള സിനിമയില്‍ നടന്നത്.
എടുത്ത് പറയാന്‍ നിരവധി കഥാപാത്രങ്ങളുണ്ട്. ചെമ്മീനിലെ കൊച്ച് മുതലാളിയും, ഭാര്‍ഗവീനിലയത്തിലെ എഴുത്തുകാരനും, ഇതാ ഇവിടെ വരെയിലെ പൈലിയുമെല്ലാം ഇതില്‍ ചിലത് മാത്രം. 90 കളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചത് ജയരാജിന്റെ കുടുംബസമേതത്തിലാണ്.
അഭിനയത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ സംവിധായകനായും നിര്‍മ്മാതാവായും സ്റ്റുഡിയോ ഉടമയായും എല്ലാം മധു സിനിമയില്‍ തന്നെ നിറഞ്ഞുനിന്നു. 400 ഓളം കഥാപാത്രങ്ങള്‍, സംവിധാനം ചെയ്ത 12 സിനിമകള്‍, നിര്‍മ്മിച്ച 14 സിനിമകള്‍ എന്നിങ്ങനെ മധുവിന്റെ സിനിമ പ്രപഞ്ചം കടല്‍ കണക്കെ നീണ്ടു നിവര്‍ന്നു കിടക്കുന്നു.
ക്ഷുഭിത യൗവനത്തിന്റെ പ്രതീകമായും പ്രണയാതുര നായകനായും പ്രതിനായകനായുമെല്ലാം പകര്‍ന്നാട്ടം നടത്തി മലയാള സിനിമയെ പുതിയ സഞ്ചാര ദിശകളിലേക്ക് കൈപിടിച്ച് നടത്തിയ മഹാ പ്രതിഭയ്ക്ക് നവതി ആശംസകള്‍.
Recent Comments