മലയാള സിനിമ എക്കാലത്തും ക്ഷാമം നേരിടുന്നത് നല്ല തിരക്കഥാകൃത്തുക്കളെ തന്നെയാണ്. എന്നാല്‍ മികച്ച ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയിട്ടും പിന്നീട് അധികം സിനിമകള്‍ ചെയ്യാതെ പോയ തിരക്കഥാകൃത്തുക്കളും മലയാളത്തിലുണ്ട്. മറ്റു മേഖലകളില്‍ പ്രശസ്തരായവരാണ് ഇത്തരത്തില്‍ അധികവും. അത്തരം ചില അപൂര്‍വ തിരക്കഥാകൃത്തുക്കളെ പരിചയപ്പെടാം.
വി.കെ.എന്‍
മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത വി.കെ.എന്‍. എന്ന സാഹിത്യകാരനെ എല്ലാവര്‍ക്കുമറിയാം. പക്ഷേ വി.കെ.എന്‍ എന്ന തിരക്കഥാകൃത്തിനെ അധികമാര്‍ക്കും അറിയില്ല. സത്യന് അന്തിക്കാടിന്റെ അപ്പുണ്ണിയാണ് വികെഎന്‍ തിരക്കഥയെഴുതിയ ഒരെയൊരു ചിത്രം. വി കെ എന്നിന്റെ ‘പ്രേമവും വിവാഹവും’ എന്ന കഥയാണ് അപ്പുണ്ണിയായി പരിണമിച്ചത്.
മധു മുട്ടം
മണിച്ചിത്രത്താഴ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് എന്ന ആമുഖം മാത്രം മതി മധു മുട്ടം ആരാണെന്നറിയാന്‍. പക്ഷേ ആ ലോകോത്തര തിരക്കഥ സൃഷ്ടിക്ക് ശേഷം തിരക്കഥയെഴുതിയത് ഭരതന് എഫ്ക്ട് എന്ന ചിത്രത്തിന് മാത്രം. ഹരികൃഷ്ണന്സിന്റെ സംഭാഷണവും, എന്നെന്നും കണ്ണേട്ടന്റെ, കാക്കോത്തിക്കാവിലെ അപ്പൂപ്പന് താടികള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കുവേണ്ടി കഥയും എഴുതിയിട്ടുണ്ട്. നിലവില്‍ ഫാസിലിനുവേണ്ടി ഒരു തിരക്കഥയുടെ പണിപ്പുരയിലാണ് മധു മുട്ടം എന്ന് അറിയുന്നു.
കാര്‍ട്ടൂണിസ്റ്റ് യേശുദാസന്
രാഷ്ട്രീയ കാര്ട്ടൂണുകള് വരക്കുന്നതില്‍ പ്രശസ്തി നേടിയ വ്യക്തിയാണ് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്. യേശുദാസനാണ് പഞ്ചവടി പാലത്തിന്റെ സംഭാഷണം എഴുതിയിരിക്കുന്നത്. വളരെയധികം ശ്രദ്ധ നേടിയ ചിത്രത്തിന്റെ സംഭാഷണവും മികച്ച് നിന്നിരുന്നു. എന്റെ പൊന്നുതമ്പുരാന് എന്ന ചിത്രത്തിനും യേശുദാസന് തിരക്കഥയെഴുതിയിരുന്നു.
കൈതപ്രം
ഗാനരചയിതാവ്, സംഗീത സംവിധായകന്, അഭിനേതാവ് എന്ന നിലകളിലും പ്രശസ്തനായ കൈതപ്രം ഒരു തിരക്കഥാകൃത്ത് കൂടിയാണ്. ജയരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സോപാനമാണ് അദ്ദേഹം തിരക്കഥ ഒരുക്കിയ ഒരെയൊരു ചിത്രം.
അംബികാസുതന്‍ മാങ്ങാട്
മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ പ്രമുഖനാണ് അംബികാസുതന്‍ മാങ്ങാട്. രഞ്ജിത്തിനൊപ്പം കൈയ്യൊപ്പ് എന്ന ചിത്രത്തിനാണ് അദ്ദേഹം തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രം വാണിജ്യ വിജയം നേടിയില്ലെങ്കിലും നിരൂപക ശ്രദ്ധ ആകര്ഷിചിരുന്നു.
സച്ചിദാനന്ദന് പുഴങ്കര
പ്രശസ്ത കവി സച്ചിദാനന്ദന് പുഴങ്കര ഗാനരചയിതാവ് എന്ന നിലയില്‍ പ്രസിദ്ധനാണ്. പ്രണയവര്‍ണ്ണങ്ങള്‍ എന്ന ഹിറ്റ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും അദ്ദേഹമാണ്. പ്രണയവര്‍ണ്ണങ്ങള്‍ കൂടാതെ കിസാന്‍ എന്ന ചിത്രത്തിന്റെ തിരക്കഥയും സച്ചിദാനന്ദന് പുഴങ്കരയുടേതാണ്.
അന്‍വര്‍ അലി
അന്തര്‍ദേശീയ ശ്രദ്ധയും പുരസ്ക്കാരങ്ങളും കരസ്ഥമാക്കിയ മാര്‍ഗ്ഗം എന്ന ചിത്രത്തിന്റെ തിരക്കഥക്ക് 2003ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കവി അന്‍വര്‍ അലി നേടിയിട്ടുണ്ട്. എം സുകുമാരന്റെ ‘പിതൃതര്‍പ്പണം’ എന്ന കഥയെ അവലംബിച്ചാണ് തിരക്കഥയൊരുക്കിയത്.
ബല്‍റാം മട്ടന്നൂര്‍
വില്യം ഷേക്സ്പിയറുടെ വിശ്വപ്രസിദ്ധ നാടകമായ ഒഥല്ലോയുടെ തീം സ്വീകരിച്ച് തെയ്യത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച കളിയാട്ടത്തിലൂടെയാണ് ബല്‍റാം തുടക്കം കുറിച്ചത്. പിന്നീട് വികെപി യുടെ കര്‍മ്മയോഗിക്കും തിരക്കഥ നിര്‍വഹിച്ചു.
ജോഷി മംഗലത്ത്
2014 ലെ മികച്ച പരിസ്ഥിതി സിനിമയ്ക്കും, തിരക്കഥയ്ക്കും ദേശീയ പുരസ്ക്കാരം നേടിയ ഒറ്റാല് എന്ന മലയാള സിനിമയുടെ തിരക്കഥയൊരുക്കിയത് ജോഷി മംഗലത്താണ്. ആന്റന്‍ ചെക്കോവിന്റെ ‘വന്‍കാ’ കഥയില്‍ ആകൃഷ്ടനായ ജയരാജ് ആ കഥ തിരക്കഥയാക്കാന്‍ ജോഷിയോട് ആവശ്യപ്പെടുകയായിരുന്നു. പക്ഷേ ദേശീയ അവാര്‍ഡ് ജേതാവ് പിന്നീട് സിനിമയൊന്നും ചെയ്തിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ഗായത്രി അശോകന്
പരസ്യകല എന്ന് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന പേരാണ് ഗായത്രി അശോകന്റേത്. ബി. അശോക് എന്ന യഥാര്‍ത്ഥ പേരില്‍ ‘ദൗത്യം’ എന്ന സിനിമക്ക് കഥ, തിരക്കഥ, സംഭാഷണം എന്നിവയും അദ്ദേഹം എഴുതിയിട്ടുണ്ട്.
Recent Comments