സത്യജിത്ത് റേ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്മാന് സ്ഥാനത്തേയ്ക്ക് നടനും മുന്‍ എം.പിയുമായ സുരേഷ് ഗോപിയെ നിയമിച്ചുകൊണ്ടുള്ള കേന്ദ്ര വാര്‍ത്താവിതരണ വകുപ്പ് മന്ത്രി അനുരാഗ് സിംഗിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഏറെ അഭ്യൂഹങ്ങള്‍ക്കും അത് വഴിവച്ചിരുന്നു. പുതിയ നിയമനം സംബന്ധിച്ച് സുരേഷ് ഗോപി എടുത്ത മൗനമാണ് എല്ലാവരെയും ആശയക്കുഴപ്പത്തിലാക്കിയത്. പലരും പല രീതിയില്‍ ആ മൗനത്തെ വ്യാഖ്യാനിച്ചു. സുരേഷ് ഗോപിയെ രാഷ്ട്രീയമായി ഒതുക്കാനുള്ള സംസ്ഥാന ബി.ജെ.പി ഘടകത്തിന്റെ നീക്കമാണ് ഇതിന് പിന്നിലെന്നും വ്യാപക പ്രചരണമുണ്ടായിരുന്നു. വാസ്തവത്തില്‍ നിയമന ഉത്തരവ് വന്നതിന് ശേഷമാണ് സംസ്ഥാന ഘടകംപോലും ഈ വിഷയം അറിഞ്ഞത്. മാധ്യമങ്ങള്‍ സുരേഷ് ഗോപിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി.
‘മുമ്പും ഇതുപോലെയുള്ള തീരുമാനങ്ങള്‍ കേന്ദ്രനേതൃത്വം കൈക്കൊണ്ടപ്പോഴെല്ലാം ഞാന്‍ നിശ്ശബ്ദനായിരുന്നു. ഇപ്പോഴും അതുതന്നെയാണ് സംഭവിച്ചത്. ഇക്കാര്യത്തില്‍ ടെക്നിക്കല്‍ ക്ലിയറന്‍സ് വരണമായിരുന്നു. അതിനുവേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ഇത് സംബന്ധിച്ച മന്ത്രിയുടെ തീരുമാനം വന്നത്. ഇപ്പോള്‍ ആശയക്കുഴപ്പങ്ങളെല്ലാം മാറി. സ്ഥാനം ഞാന്‍ ഏറ്റെടുക്കുകയാണ്.’ സുരേഷ് ഗോപി കാന്‍ ചാനലിനോട് പറഞ്ഞു.
‘എന്റെ കേന്ദ്ര നേതാക്കള്‍ എടുത്തിട്ടുള്ള ഒരു തീരുമാനത്തിനും ഞാന്‍ മുമ്പും എതിര് നിന്നിട്ടില്ല. ഇക്കാര്യത്തിലും ഞാന്‍ ആ മാതൃകയാണ് പിന്തുടര്ന്നത്. പിന്നെ ഇത് സംബന്ധിച്ചുണ്ടായ ഊഹാപോഹങ്ങള്‍, അതിനൊന്നും മറുപടി പറയേണ്ട ഉത്തരവാദിത്തം എനിക്ക് ഇല്ല.’
രാഷ്ട്രീയരംഗത്ത് സജീവമായി പ്രവര്‍ത്തിക്കാനുള്ള തന്റെ സ്വാതന്ത്ര്യത്തിന് പുതിയ സ്ഥാനലബ്ധി തടസ്സമാകുമോ എന്നുമാത്രമായിരുന്നു സുരേഷ് ഗോപിയുടെ ആശങ്ക. ഇത് സംബന്ധിച്ച് മുന്‍ വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി കൂടിയായ പ്രകാശ് ജാവഡേക്കറുമായി അദ്ദേഹം ആശയവിനിമയം നടത്തിയതായി അറിയുന്നു. ഇക്കാര്യം പ്രകാശ് ജാവഡേക്കര്‍ കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയതായിട്ടാണ് ഉന്നത രാഷ്ട്രീയ വൃത്തങ്ങളില്‍നിന്ന് അറിയാന്‍ കഴിയുന്നത്. വേതന വ്യവസ്ഥകളില്‍ ഉള്‍പ്പെടുന്നതല്ല, ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്മാന് സ്ഥാനം എന്നതുകൊണ്ടുതന്നെ രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നതില്‍ നിയമപരമായി തടസ്സമില്ലെന്ന് ഉപദേശം ലഭിച്ചിരുന്നു.
ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2 ന് കരുവന്നൂര്‍ ബാങ്ക് കുംഭകോണത്തിനെതിരെ ആയിരക്കണക്കിന് സഹകാരികളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു പദയാത്ര സുരേഷ് ഗോപി നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്. അത് നടത്താനും പുതിയ നിയമനം തടസ്സമാകില്ല എന്നതിന്റെ പശ്ചാത്തലത്തിലാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്മാന് സ്ഥാനം സുരേഷ് ഗോപി ഏറ്റെടുക്കാന്‍ തയ്യാറായതെന്നും അറിയുന്നു.
Recent Comments