നിവിന്‍ പോളിയെയും ഉണ്ണിമുകുന്ദനെയും കേന്ദ്രകഥാപാത്രങ്ങളാക്കി 2019 ല്‍ ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു മിഖായേല്‍. നിവിന്‍പോളി അവതരിപ്പിച്ച ഡോ. മൈക്കിള്‍ ജോണ്‍ എന്ന നായക കഥാപാത്രത്തോളം തുല്യപ്രാധാന്യമുള്ള പ്രതിനായകനായിരുന്നു മാര്‍ക്കോ ജൂനിയര്‍ എന്ന ഉണ്ണിമുകുന്ദന്റെ കഥാപാത്രം. ഉണ്ണിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വേഷങ്ങളില്‍ ഒന്നുകൂടിയാണ് മാര്‍ക്കോ.
മിഖായേലിന്റെ മാര്‍ക്കോ ജൂനിയറിനെ കടംകൊണ്ട് ഹനീഫ് അദേനി ഒരുക്കുന്ന പുതിയ ചിത്രമാണ് മാര്‍ക്കോ. മിഖായേലില്‍ പ്രതിനായകനായിരുന്നെങ്കില് മാര്‍ക്കോയിലെ നായകനാണ് ഈ കഥാപാത്രം. ഇനി ഒരു പക്ഷേ, ഇന്ത്യന്‍ സിനിമാചരിത്രത്തില്തന്നെ ഒരു പ്രതിനായക കഥാപാത്രം നായകനായി എത്തുന്നുവെന്ന അപൂര്‍വ്വതകൂടി മാര്‍ക്കോയ്ക്ക് അവകാശപ്പെടാം.
‘അദേനിക്കൊപ്പം ഒരു സിനിമ ചെയ്യണമെന്നുള്ളത് ദീര്‍ഘനാളത്തെ ആഗ്രഹമാണ്. അതിന്റെ ചര്‍ച്ചകളും നടന്നുവരുന്നുണ്ടായിരുന്നു. നല്ലൊരു ത്രെഡ് വന്നപ്പോള്‍ മാര്‍ക്കോയെ കടം കൊള്ളുകയായിരുന്നു. പേരുമാത്രമേ എടുത്തിട്ടുള്ളൂ, കഥയും കഥാപരിസരവുമെല്ലാം പുതിയതാണ്.’ ഉണ്ണി മുകുന്ദന് കാന്‍ ചാനലിനോട് പറഞ്ഞു.
ക്യൂബ്സ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഷെറീഫ് മുഹമ്മദും അബ്ദുള്‍ ഗദ്ദാഫും ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. പൂര്‍ണ്ണമായും ഒരു സ്റ്റൈലിഷ് ആക്ഷന്‍ പാക്ഡ് ചിത്രമാണ് മാര്‍ക്കോ. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും. താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയുമടക്കം കണ്ടെത്താനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്.
നിലവില്‍ വെട്രിമാരന് തിരക്കഥ എഴുതിയിരിക്കുന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഉണ്ണിമുകുന്ദന്. അത് പൂര്‍ത്തിയാക്കി രഞ്ജിത് ശങ്കറിന്റെ ജയഗണേശില് ജോയിന്‍ ചെയ്യും. ഇതിനിടെ ഗന്ധവ്വ ജൂനിയറിന്റെ ഒരു ഷെഡ്യൂളിലും പങ്കെടുക്കും.
Recent Comments