തെലുങ്ക് സൂപ്പര്‍ താരം രാംചരണ്‍ തിരക്കേറിയ ഷെഡ്യൂളുകള്‍ക്കിടയിലും അയ്യപ്പ ദീക്ഷയെടുക്കുകയാണ്. മുംബൈ വിമാനത്താവളത്തില്‍ നിന്ന് കറുപ്പണിഞ്ഞ് നഗ്നപാദനായി നടക്കുന്ന രാംചരണിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നെറ്റിയില്‍ ചന്ദന കുറിയും തോളില്‍ വേഷ്ടിയും കാണപ്പെട്ടു.
പുറത്തു വരുന്ന വിവരങ്ങള്‍ അനുസരിച്ച് താരം മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രം സന്ദര്‍ശിക്കുകയും ക്ഷേത്രത്തിലെ പ്രാര്‍ത്ഥനയോടെ അയ്യപ്പദീക്ഷ അവസാനിപ്പിക്കുകയും ചെയ്യും. താരത്തിന്റെ ഈ കറുപ്പണിഞ്ഞ ലുക്ക് ആരാധകര്‍ക്ക് വളരെയധികം ഇഷ്ടപ്പെട്ടു.
അയ്യപ്പദീക്ഷ അടിസ്ഥാനപരമായി 41 ദിവസം നീണ്ടുനില്‍ക്കുന്നതാണ്. അയ്യപ്പ ഭക്തരാണ് ഈ ആചാരം അനുഷ്ഠിക്കുന്നത്. ആചാരസമയത്ത്, ഭക്തര്‍ കറുത്ത വസ്ത്രം ധരിക്കുകയും നഗ്നപാദനായി നടക്കുകയും വേണം.
ഇതിന് മുമ്പ്, ഓസ്കാര്‍ അവാര്‍ഡിന് പോയപ്പോള്‍ ഗെറ്റി ഗാലക്സി തിയേറ്ററില്‍ നഗ്നപാദനായാണ് രാംചരണ്‍ എത്തിയത്. എല്ലാ വര്‍ഷവും രാംചരണ്‍ അയ്യപ്പ ദീക്ഷ എടുക്കാറുണ്ടെന്നാണ് താരത്തിന്റെ ആരാധകര്‍ ചൂണ്ടികാട്ടുന്നത്.
ഷങ്കര്‍ സംവിധാനം ചെയ്യുന്ന ഗെയിം ചേഞ്ചറിലാണ് രാംചരണ്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. 2015ല്‍ പുറത്തിറങ്ങിയ വിനയ വിധേയ രാമ എന്ന ചിത്രത്തിന് ശേഷം രാംചരണും കിയാര അദ്വാനിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.
Recent Comments