രജനികാന്ത് നായകനാവുന്ന ചിത്രത്തിന് തിരുവനന്തപുരത്ത് തുടക്കമായി. തിരുവനന്തപുരത്തുവച്ച് നടന്ന പൂജാ ചടങ്ങില്‍ രജനികാന്തിനൊപ്പം മഞ്ജുവാര്യര്‍, ടി.ജെ. ജ്ഞാനവേല്‍, പട്ടണം റഷീജ് തുടങ്ങിയവര്‍ പങ്കെടുത്തു. തലൈവര്‍ 170 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഒരു പോലീസുകാരന്റെ വേഷത്തിലാകും രജനി പ്രത്യക്ഷപ്പെടുക. രജനിയുടെ ജോഡിയായി മഞ്ജുവാര്യര്‍ എത്തിയേക്കും. 10 ദിവസത്തെ ചിത്രീകരണത്തിനായി താരം തിരുവനന്തപുരത്തുണ്ടാകും. വെള്ളായണി കാര്‍ഷിക കോളേജിലും ശംഖുമുഖത്തെ ഒരു വീട്ടിലുമായിട്ടാണ് ചിത്രീകരണം നടക്കുക.
ജയ് ഭീം എന്ന ചിത്രത്തിനുശേഷം ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തലൈവര്‍ 170. ഇതാദ്യമായാണ് രജനിചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. ചിത്രത്തില്‍ അമിതാഭ് ബച്ചന്, മഞ്ജുവാര്യര്‍, ഫഹദ് ഫാസില്‍, റിതിക സിംഗ്, ദുഷാര വിജയന്, റാണ ദഗുബട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. നീണ്ട ഇടവേളയ്ക്കുശേഷം രജനിയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമാകും തലൈവര്‍ 170. പ്രശസ്ത നിര്‍മ്മാണകമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്കര് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അനിരുദ്ധാണ് സംഗീതം ഒരുക്കുന്നത്.
Recent Comments