എല്ലാവര്ക്കും കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ് സിനിമ സെറ്റുകളില്‍ നടന്മാര് ഉപയോഗിക്കുന്ന കാരവന്. കാരവന്റെ അകത്തൊന്ന് കയറിനോക്കണമെന്ന് ആഗ്രഹിക്കാത്തവരും കുറവാണ്. അങ്ങനെ കാരവനുളളില് കയറാന്‍ ആഗ്രഹിച്ച കുട്ടികളെ മുഴുവന്‍ തന്റെ കാരവനില്‍ കയറ്റി മറ്റു താരങ്ങളില്‍നിന്നും വ്യത്യസ്തനാകുകയാണ് തമിഴ് നടന് സൂരി.
സൂരി വന്നതറിഞ്ഞ് താരത്തെ നേരില്‍ കാണാന്‍ വന്നതായിരുന്നു കുട്ടികള്‍. ഇഷ്ടതാരത്തെ നേരില്‍ കണ്ടപ്പോള്‍ കുട്ടികള്‍ തങ്ങളുടെ ഒരു വലിയ ആഗ്രഹം തുറന്നു പറഞ്ഞു. കാരവനില്‍ കയറണം. ‘അണ്ണാ ഒരേയൊരു വാട്ടി..’ എന്ന് പറഞ്ഞ് തന്റെ മുന്നില്‍ അഭ്യര്‍ത്ഥനയോടെ നില്ക്കുന്ന കുട്ടികളെ നിരാശരാക്കാതെ സൂരി അവരെ കാരവാനിലേക്ക് ക്ഷണിച്ചു.
വളരെ കൗതുകത്തോടെ വണ്ടിക്കകം നോക്കി കാണുന്ന കുട്ടികളെ വീഡിയോയില്‍ കാണാം. ഒരു വലിയ സ്വപ്നം സഫലമായതിന്റെ സന്തോഷത്തില്‍ കാരവനില്‍നിന്ന് ഇറങ്ങിയ കുട്ടികളോട് ‘നന്നായി പഠിക്കണം’ എന്ന് പറഞ്ഞാണ് സൂരി യാത്രയാക്കിയത്.
സാമ്പത്തികമായി പിന്നോക്കം നിന്ന ഒരു കുടുംബത്തില്‍ നിന്നാണ് സൂരി സിനിമയിലെ ആ നേട്ടങ്ങളെല്ലാം കൊയ്തത്. താരജാടകളില്ലാതെ സാധാരണക്കാരില്‍ സാധാരണക്കാരനായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് അദ്ദേഹം. കോമഡി നടനായി തമിഴകത്തെത്തി തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് സൂരി. വെട്രിമാരന് സംവിധാനം ചെയ്ത വിടുതലൈയിലൂടെ സൂരി നായകനായും അരങ്ങേറ്റം നടത്തി. ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയിരുന്നു.
വെട്രിമാരന്റെ തിരക്കഥയില്‍ ഉണ്ണിമുകുന്ദനെ കേന്ദ്രകഥാപാത്രമാക്കി ദുരൈ സെന്തില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തേനി ലൊക്കേഷനിലാണ് ഇപ്പോള്‍ സൂരി ഉള്ളത്. ഈ ലൊക്കേഷനില്‍വച്ചാണ് അദ്ദേഹം കുട്ടികളെ കാരവനിലേയ്ക്ക് കൊണ്ടുപോയതും വിസ്മയക്കാഴ്ചകള്‍ കാട്ടിക്കൊടുത്തതും.
Recent Comments