തമിഴ്ജനത നെഞ്ചിലേറ്റിയ ഒരു സിനിമാ പാട്ടുണ്ട്. ”സൂപ്പര്‍ സ്റ്റാര്‍ യാരെന്ന് കേട്ടാല്‍ ശിന്ന കുഴന്തയും ശൊല്ലും.” സൂപ്പര്‍ താരം ആരെന്ന് ചോദിച്ചാല്‍ ചെറിയ കുട്ടികള്‍പോലും പറയും എന്നാണതിന്റെ അര്‍ത്ഥം. 1989 ല്‍ റിലീസ് ചെയ്ത രാജാ ചിന്ന റോജ എന്ന രജിനീചിത്രത്തിലെ പാട്ടാണിത്. നാലര പതിറ്റാണ്ടുകാലമായി തമിഴ് ജനതയുടെ സൂപ്പര്‍താരം തന്നെയാണ് രജനി. രജനി അവര്‍ക്ക് തലൈവരാണ്.
ഇപ്പോഴിതാ ഒരുപാട് അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് രജനി തന്റെ രാഷ്ട്രീയ പ്രവേശനം വിളംബരം ചെയ്തിരിക്കുകയാണ്. ഇതിനുമുമ്പും അദ്ദേഹം രാഷ്ട്രീയത്തിലേയ്ക്ക് വരുന്നു എന്നുള്ള വാര്‍ത്തകള്‍ ആരാധകരെ ആഹ്ലാദിപ്പിച്ചിരുന്നു. എന്നാല്‍ അത്തരം പ്രഖ്യാപനങ്ങള്‍ പിന്നീട് പല കാരണങ്ങളാല്‍ അപ്രസക്തമാകുകയായയിരുന്നു. പക്ഷേ ഇക്കുറി രജനി വളരെ വ്യക്തമായിത്തന്നെ തന്റെ തീരുമാനം അറിയിച്ചിരിക്കുകയാണ്. ഡിസംബര്‍ 31 ന് കൂടുതല്‍ വിവരങ്ങള്‍ താന്‍ അറിയിക്കുമെന്നാണ് താരം വെളിപ്പെടുത്തിയത്. തമിഴ് ജനതയോടൊപ്പം രാജ്യവും രജനിയുടെ വാക്കുകള്‍ക്കായി കാതോര്‍ത്തിരിക്കുകയാണ്. രജനിയുടെ രാഷ്ട്രീയം ഒരുപക്ഷേ തമിഴകത്തിന്റെ മാത്രമല്ല ഇന്ത്യന്‍ രാഷ്ട്രീയത്തെത്തന്നെ ആകമാനം മാറ്റിമറിച്ചേക്കാമെന്ന സൂചനയും ചില രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. മറിച്ച് ചിന്തിക്കുന്നവരും കുറവല്ല.
തൊണ്ണൂറുകളുടെ ആരംഭം മുതല്ക്കാണ് രജനിയുടെ ആരാധകര്‍ അദ്ദേഹം രാഷ്ട്രീയത്തിലേയ്ക്ക് വരണമെന്ന് ആഗ്രഹിച്ച് തുടങ്ങിയത്. അതിന് കാരണം രജനിയുടെ തന്നെ സിനിമകളിലെ പഞ്ച് ഡയലോഗുകളാണ്. ഭരിക്കുന്നവര്‍ക്കെതിരെയും പ്രതിപക്ഷത്തിരിക്കുന്നവര്ക്കെതിരെയും പക്ഷഭേദമില്ലാതെ രജനി തന്റെ കഥാപാത്രങ്ങളിലൂടെ നിശിതമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ 1996 മുതല്ക്കാണ് രജിനി തമിഴ് രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുകയും ഇടപെടുകയും ചെയ്തുതുടങ്ങിയതെന്ന് പറയാം. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജയലളിതയ്ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ്. ജയലളിതയുടെ വളര്‍ത്തു മകനായ വി.എം. സുധാകരന്റെ അത്യാഡംബര വിവാഹം ഏറെ വിമര്‍ശനങ്ങള്‍ നേടിയ പശ്ചാത്തലത്തില്‍ ജയയ്ക്കെതിരെ പറയാന്‍ രജനി നിര്‍ബ്ബന്ധിതനായി.
”ഇനിയും എ.ഐ.ഡി.എം.കെ. അധികാരത്തില്‍ വന്നാല്‍ ആ ദൈവത്തിനുപോലും തമിഴ്ജനതയെ രക്ഷിക്കാന്‍ കഴിയില്ല.” രജനിയുടെ ഈ വാക്കുകള്‍ ആരാധകരോടൊപ്പം തമിഴ്ജനതയും സ്വീകരിച്ചു. ആ സമയത്ത് കേന്ദ്രം നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസാണ് ഭരിച്ചിരുന്നത്. എ.ഐ.ഡി.എം.കെയുമായി കോണ്‍ഗ്രസ് സഖ്യത്തിലേര്‍പ്പെട്ടതിന്റെ പ്രതിഷേധ സൂചകമായി മുപ്പനാര് കോണ്‍ഗ്രസില്‍നിന്ന് രാജിവയ്ക്കുകയും തമിഴ മാനില കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു. മൂപ്പനാരും ഡി.എം.കെയും ഒത്തുചേര്‍ന്ന പുതിയ മുന്നണിക്ക് രജനി തന്റെ പിന്തുണ അറിയിച്ചു. ആദ്യമായാണ് രജനി ഒരു രാ്ര്രഷീയപ്പാര്ട്ടിയെ നേരിട്ട് പിന്തുണയ്ക്കുന്നത്. അണ്ണാമലൈ എന്ന ചിത്രത്തില്‍ രജിനിയുടെ വേഷം സൈക്കിളില്‍ വില്‍പ്പന നടത്തുന്ന പാല്ക്കാരന്റേതായിരുന്നു. അതുകൊണ്ടുതന്നെ തമിഴ് മാനിലകോണ്ഗ്രസ് തെരഞ്ഞെടുപ്പിന് തങ്ങളുടെ ഔദ്യോഗികചിഹ്നമായി സൈക്കിള്‍ തെരഞ്ഞെടുക്കുകയും രജനി സൈക്കിളുമായി നില്ക്കുന്ന ചിത്രം പ്രചരണത്തിനായി ഉപയോഗിക്കുകയും ചെയ്തു. രജനിയുടെ വാചകവും സൈക്കിള്ചിഹ്നവും തമിഴകരാഷ്ട്രീയത്തില്‍ പുതിയ കൊടുങ്കാറ്റ് ഉയര്‍ത്തി. ജയലളിതയുടെ നേതൃത്വത്തിലുള്ള എ.എം.ഡി.എം.കെ മന്ത്രിസഭയെ തൂത്തെറിഞ്ഞ ജനം ഡി.എം.കെ-ടി.എം.സി കൂട്ടുകെട്ടിനെ അധികാരത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവന്നു. അത്രത്തോളമായിരുന്നു രജനിയുടെ സ്വാധീനം.
പക്ഷേ 1998 ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ഡി.എം.കെ.-ടി.എം.സി. മുന്നണിക്ക് രജനി തന്റെ പിന്തുണ അറിയിച്ചിരുന്നുവെങ്കിലും എ.ഐ.ഡി.എം.കെയായിരുന്നു ബഹുഭൂരിപക്ഷം സീറ്റിലും വിജയിച്ചത്. ഇക്കാരണംകൊണ്ടുതന്നെ രജനി പിന്നീട് കുറേക്കാലത്തേയ്ക്ക് പൊതുവേദികളിലും മറ്റും രാഷ്ട്രീയം പറയാറില്ലായിരുന്നു.
വീണ്ടും രജനിയില്‍ രാഷ്ട്രീയ ആഗ്രഹം മുളയ്ക്കുന്നത് 2004 ലാണ്. ആവര്‍ഷത്തില്‍ റിലീസായ ബാബ എന്ന സിനിമയില്‍ ആത്മീയതയെ ഇഷ്ടപ്പെടുന്ന യുവാവിന്റെ വേഷമായിരുന്നു രജനിക്ക്. ചിത്രത്തില്‍ ഒരു പകുതിക്ക് ശേഷം രാഷ്ട്രീയപ്രവേശനം നടത്തുമെന്ന സൂചന നല്കുന്ന പഞ്ച് ഡയലോഗുകള്‍ പല പാര്‍ട്ടികള്‍ക്കും എതിരായിരുന്നു. തലൈവരുടെ രാഷ്ട്രീയപവേശനം ഉടന്‍ ഉണ്ടാകുമെന്ന് ആരാധകരും ആവേശം കൊണ്ടു. ബാബ സിനിമയിലെ സംഭാഷണങ്ങള്‍ തങ്ങള്‍ക്കെതിരാണെന്ന് പല രാഷ്ട്രീയനേതാക്കളും വിശ്വസിച്ചു. അതില്‍ പ്രമുഖനായിരുന്നു പട്ടാളിമക്കള്‍ കക്ഷിയുടെ തലവനായ ഡോ. രാമദാസ്. തന്റെ അണികളെ ഉപയോഗിച്ച് ബാബ സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചുകൊണ്ടായിരുന്നു രാമദാസ് രജനിക്കെതിരെ തിരിഞ്ഞത്. പല സ്ഥലങ്ങളിലും പാട്ടാളിമക്കള്‍ കക്ഷിയിലെ അംഗങ്ങളും രജനി ആരാധകരും ഏറ്റുമുട്ടി. ബാബയുടെ പ്രദര്‍ശനത്തെ തടസ്സപ്പെടുത്തിയ പട്ടാളിമക്കള്‍ കക്ഷിക്ക് ഒരു കാരണവശാലും വോട്ട് ചെയ്യരുതെന്ന് രജനി തുറന്നടിച്ചു.
എന്നാല്‍ രജനിയുടെ തീപ്പൊരി പ്രസംഗത്തിനോ വാക്കുകള്‍ക്കോ തമിഴകം എന്തുകൊണ്ടോ ഇക്കുറി ചെവി കൊണ്ടില്ല. പി.എം.കെയുടെ സ്ഥാനാര്ത്ഥികളെല്ലാംതന്നെ വിജയിക്കുകയും ചെയ്തു. ഇതിനുശേഷം രജനി 2004, 2006, 2008 എന്നീ കാലഘട്ടങ്ങളില്‍ രാഷ്ട്രീയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍പോലും തയ്യാറായിരുന്നില്ല. പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ”സമയമാവട്ടെ, കാലം ശരിയായ ഉത്തരം തരും” എന്നിങ്ങനെ ഒഴുക്കന്മട്ടിലായിരുന്നു രജനിയുടെ പ്രതികരണം. തങ്ങളുടെ ആരാധനാമൂര്‍ത്തിയായ രജനി അധികാരത്തിലെത്തും ജനങ്ങളുടെ പ്രശ്നങ്ങള്‍ തുടച്ചുനീക്കും എം.ജി.ആറിനു ശേഷം തലൈവന് തന്നെ എന്നൊക്കെ വിശ്വസിച്ചുപോകുന്ന രജനിയുടെ യഥാര്‍ത്ഥ ആരാധകര്‍ കടുത്ത നിരാശയിലുമായി.
ഏകദേശം ആറ് വര്‍ഷങ്ങള്‍ക്കുശേഷം 2014 ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട നരേന്ദ്രമോദി രജനിയെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് നേരിട്ട് കണ്ടിരുന്നു. അന്ന് രജനി പറഞ്ഞത് ”മോദി മികച്ച നേതാവാണ്. അദ്ദേഹത്തിന് സംഘടനാ പ്രാഗത്ഭ്യം ഉണ്ട്. തീര്‍ച്ചയായും മോദി വിജയിക്കും, എന്റെ ആശംസകള്‍.” എന്നാണ്. എന്നാല്‍ താന്‍ ബി.ജെ.പിക്കൊപ്പമാണെന്ന് തുറന്നു പറയാന്‍ രജനി തയ്യാറായതുമില്ല.
2016 ല്‍ തമിഴിലെ രാഷ്ട്രീയം പുതിയ മാനം കൈക്കൊണ്ടു. മുഖ്യമന്ത്രിയായിരുന്ന ജയലളിത ഡിസംബര്‍ 5ന് അസുഖബാധിതയായി അന്തരിച്ചു. കരുണാനിധിയാകട്ടെ വാര്ദ്ധകൃയസഹചമായ അസുഖങ്ങളാല്‍ രാഷ്ട്രീയ തിരക്കില്‍നിന്ന് മാറി നില്ക്കുന്ന സമയം. 2017 ഡിസംബറില്‍ രജനി തനിക്ക് മുഴുവന്‍ സമയവും രാഷ്ട്രീയപ്രവര്‍ത്തനത്തിന് ആഗ്രഹമുണ്ടെന്നും തന്നെ അനുഗ്രഹിക്കണമെന്നും പറഞ്ഞ് കരുണാനിധിയെ വീട്ടില്‍ചെന്ന് കണ്ടിരുന്നു. എന്നാല്‍ രജനിയും ആരാധകരും പ്രതീക്ഷിച്ചിരുന്നതുപോലെ അത് തമിഴകത്ത് വാര്‍ത്താതരംഗം ഉണ്ടാക്കിയില്ല.
2019 ല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ രജനി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു പാര്‍ട്ടിക്കും തന്റെ പിന്തുണ ഇല്ലെന്നും 2021 ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടി ഉണ്ടാക്കി 234 നിയോജകമണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ മത്സരരംഗത്ത് ഇറക്കുമെന്നും അന്നദ്ദേഹം പറഞ്ഞിരുന്നു.
2017 ഡിസംബറില്‍ ആരംഭിച്ചുവച്ച തന്റെ ആഗ്രഹവുമായി മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം 2020 ലാണ് കളത്തിലേയ്ക്കിറങ്ങാന് രജനി തയ്യാറെടുക്കുന്നത്. മുഖ്യമ്രന്തി എടപ്പാടി, മറ്റു മന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കളൊക്കെ രജനിയുടെ ഈ രാഷ്ട്രീയ പ്രവേശനം ഉറ്റുനോക്കുന്നുണ്ട്. ”ഇവിടെ ആര്‍ക്കും പാര്‍ട്ടി രൂപീകരിക്കാം. അത് വിജയിക്കുമോ ഇല്ലയോ എന്ന് കണ്ടറിയാം.” ഇങ്ങനെയാണ് പലരുടെയും പൊതുവായ നിരീക്ഷണങ്ങള്‍.
രാഷ്ട്രീയത്തില്‍ പയറ്റിത്തെളിഞ്ഞ രണ്ടുപേരെയാണ് രജനി ഇടതും വലതും ചേര്‍ത്തുനിര്‍ത്തിയിരിക്കുന്നത്. ഇടതുവശത്ത് തമിഴരുവി മണിയനും വലതുഭാഗത്ത് അര്ജുന് മൂര്‍ത്തിയും. ഇവര്‍ക്കൊപ്പമാണ് രജനി തന്റെ രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രതസമ്മേളനം നടത്തിയത്. വരുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ തമിഴ് ജനത തന്റെ പാര്‍ട്ടിയെ അനുഗ്രഹിക്കുമെന്നും അതുകൊണ്ടുതന്നെ പുതിയൊരു ഭരണരീതി നടപ്പാക്കുമെന്നും രജനി അവകാശപ്പെടുന്നു. അഴിമതിമുക്തമായതും സത്യസന്ധമായതും ജാതിമതപക്ഷഭേദമില്ലാത്ത ആത്മീയത നിറഞ്ഞ പുതിയൊരു ഭരണമായിരിക്കുമെന്നും തന്റേതെന്ന് അദ്ദേഹം ആവര്‍ത്തിക്കുന്നു.
തമിഴകത്തിന്റെ രണ്ട് ദ്രാവിഡപാര്‍ട്ടികളും മറ്റു ദേശീയ പാര്‍ട്ടികളും രജനിയുടെ പുതിയ കാല്വയ്പ്പിനെതിരെ മോശമായ പ്രതികരണങ്ങള്‍ നടത്തിയാലും, രജനി കാരണം തങ്ങളുടെ അധികാരം നഷ്ടപ്പെടുമോ എന്ന ഭയത്തിലുമാണ്. അവര്‍ അതുകൊണ്ടുതന്നെ രജനിയുടെ പാര്‍ട്ടിയോടൊപ്പം ചേര്‍ന്ന് നില്‍ക്കാനും തയ്യാറാകുന്നു. അതിന് തെളിവാണ് രജനിയുടെ രാഷ്ട്രീയ വിളംബരം കഴിഞ്ഞയുടന്‍തന്നെ എ.ഐ.ഡി.എം.കെയുടെ സഹമുഖ്യമ്രന്തിയായ ഒ. പന്നീര്‍ശെല്‍വം രജനിയുടെ പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടാന്‍ ഒരുപക്ഷേ ഞങ്ങള്‍ക്ക് കഴിയും എന്ന് പ്രത്യാശ പ്രകടിപ്പിച്ചത്. അതിനുപിറകെ മറ്റൊരു നേതാവായ സൈതെ ദുരൈസ്വാമിയും രജനിക്ക് എം.ജി.ആര്. ആരാധകരുടെ പിന്തുണ ലഭിക്കുമെന്നറിയിച്ചു. എ.ഐ.ഡി.എം.കെയുടെ അണികളെപ്പോലും അമ്പരപ്പിച്ച വിഷയമാണിത്.
രജനിയുടെ രാഷ്ട്രീയ പ്രവേശന വിളംബരത്തിനുമുമ്പ് അമിത്ഷാ മുന്നണി ചര്‍ച്ചകര്‍ക്കും മറ്റുമായി തമിഴകത്ത് വന്നിരുന്നു. കൂട്ടത്തില്‍ രജനിയെയും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ താന്‍ ബി.ജെ.പിക്കൊപ്പമല്ല എന്നായിരുന്നു രജനിയുടെ നിലപാട്. പക്ഷേ ബി.ജെ.പിയുടെ തമിഴ്നാട് നേതാവായ എല്‍. മുരുകന് ബി.ജെ.പി. ഏത് പാര്‍ട്ടിയുമായി മുന്നണി രൂപീകരിക്കുമെന്ന്കേന്ദ്ര നേതൃത്വത്തിന് മാത്രമേ അറിയൂവെന്ന് അഭിപ്രായപ്പെട്ടു.
രജനിയുടെ പാര്‍ട്ടി തങ്ങള്‍ക്കൊരു പ്രശ്നമല്ല എന്നാണ് നിലപാടെങ്കിലും ബി.ജെ.പിയുമായി രജനി കൈകോര്‍ത്താല്‍ ഒരുപക്ഷേ അതൊരു തരംഗമായി മാറുമോ എന്ന പേടിയും മുഖ്യമന്ത്രിയായ എടപ്പാടി പളനിസ്വാമിക്കുണ്ട്. രജനി തീര്‍ച്ചയായും രാഷ്ട്രീയത്തിലേയ്ക്ക് വരില്ല എന്നാണ് പളനിസ്വാമിയുടെ നിലപാട്. മാത്രമല്ല രജനിയോടൊപ്പം ബി.ജെ.പി പിന്നില്‍നിന്നും ഭരിക്കും എന്ന സുചന നല്കി തമിഴ് ജനതയെ തങ്ങളുടെ വശത്താക്കാന്‍ ഡി.എം.കെയും ശ്രമിക്കുന്നു. രജനിയുടെ പാര്‍ട്ടി ഏതെങ്കിലും ഒരു ദേശീയ പാര്‍ട്ടിയുമായി സഖ്യത്തില്‍ അല്ലെങ്കില്‍ അത് തമിഴ്നാട്ടില്‍ മാത്രമായി ചുരുങ്ങി ഡി.എം.കെയ്ക്കും എ.ഐ.ഡി.എം.കെയ്ക്കും എതിരാവും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. എന്നാല്‍ തങ്ങളുടെ പാര്‍ട്ടി ഒരു സംസ്ഥാനത്ത് മാത്രം ഒതുങ്ങാതെ രാഷ്ട്ര പുരോഗതിക്കുവേണ്ടിയുള്ളതാണെന്ന് രജനിയോടൊപ്പമുള്ളവര് വാദിക്കുന്നു. ”ഐശ്വര്യപൂര്‍ണ്ണമായ തമിഴ്നാട്, ശക്തമായ ഭാരതം” ഇതായിരിക്കും രജനിയുടെ പാര്‍ട്ടിയുടെ മുഖമുദ്ര എന്നും അവര്‍ പറയുന്നു.
2021 ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി.ജെ.പിയും രജനിയുടെ പാര്‍ട്ടിയുമായി മുന്നണി ഉണ്ടാവില്ല. കാരണം തമിഴ്നാട്ടിലെ കോണ്‍ഗ്രസിന്റെ ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. കാമരാജ് സ്റ്റൈല്‍ ഭരണം വീണ്ടും കൊണ്ടുവരുമെന്ന് പറഞ്ഞുകൊണ്ടിരുന്ന തമിഴ്നാട് കോണ്‍ഗ്രസ് ഇപ്പോള്‍ അതേപ്പറ്റി ഒന്നും സൂചിപ്പിക്കുന്നുമില്ല. ദേശീയതലത്തില്‍ മുന്നിട്ട് നില്ക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. എന്നാല്‍ തമിഴ്നാട്ടില്‍ അതിന്റെ സ്ഥാനം ഏറ്റവും പുറകിലാണ്. രജനിയെക്കൊണ്ട് ഒരു പക്ഷേ ബി.ജി.പിക്ക് നേട്ടം കിട്ടിയാലും ബി.ജെ.പിയാല്‍ രജനിക്കും പാര്‍ട്ടിക്കും അസംബ്ലി തെരഞ്ഞെടുപ്പില്‍ യാതൊരു നേട്ടവും ഉണ്ടാകില്ല. അതുകൊണ്ടുതന്നെ ഇക്കുറിയല്ലെങ്കിലും 2024 ല്‍ നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒരുപക്ഷേ ഈ തീരുമാനങ്ങള്‍ മാറിയേക്കാം. രജനിയുടെ പാര്‍ട്ടി, കോണ്‍ഗ്രസിനൊപ്പമോ, ബി.ജെ.പിക്കൊപ്പമോ മുന്നണി രൂപീകരിച്ചേക്കാം.
ദേശീയകക്ഷികളായ ബി.ജെ.പിയുമായോ കോണ്‍ഗ്രസുമായോ തന്റെ പാര്‍ട്ടിക്ക് കുട്ടുകെട്ട് ഉണ്ടാവില്ല എന്ന് രജനി പറയാന്‍ തയ്യാറാവുമോ? തുടര്‍ന്നും ഡി.എം.കെ.-എ.ഐ.ഡി.എം.കെ പര്‍ട്ടികളെ എതിര്‍ത്ത് തന്റെ അഭിപ്രയങ്ങള്‍ തുറന്നു പറയാന്‍ രജനി ശ്രമിക്കുമോ? ഇതിനായി തമിഴകം കാത്തിരിക്കുന്നു.
രജനികാന്തിന്റെ പാര്‍ട്ടിപ്രവേശനത്തെക്കുറിച്ച് കന്യാകുമാരി ജില്ല മഹിള നേതാവ് ഈശ്വരിമതി പറഞ്ഞതിങ്ങനെ. ”ഞാന്‍ കഴിഞ്ഞ മുപ്പത് വര്‍ഷമായി രജനിയുടെ ഫാന്‍സ് അസോസിയേഷന് വനിതാ വിംഗിന്റെ നേതാവാണ്. തമിഴ്നാട്ടില്‍ ഡി.എം.കെ.യും എ.ഐ.ഡി.എം.കെയും മാറിമാറി ഭരിച്ചിട്ടും തമിഴ്നാടും തമിഴ് ജനതയും വളര്ച്ച് മുറ്റി നില്ക്കയാണ്. അതുകൊണ്ടുതന്നെ ഈ ഭരണം മാറണം. ഞങ്ങളുടെ നേതാവ് രജനിതന്നെ തമിഴ്നാടിനെ രക്ഷിക്കും. ഇതില്‍ ഞങ്ങള്‍ക്ക് യാതൊരു സംശയവുമില്ല. കഴിഞ്ഞ 25 വര്‍ഷങ്ങളായി തമിഴ് ജനത കാത്തിരിക്കുകയാണ് രജനിയെപ്പോലെ ഒരു നേതാവിനെ കിട്ടാന്‍ തീര്‍ച്ചയായും തമിഴ്നാട് മാറും, തമിഴകരാഷ്ട്രീയവും.”
രജനിയുടെ രാഷ്ട്രീയത്തിലൂടെ തമിഴകരാഷ്ട്രീയം കലങ്ങിമറിയുമോ എന്ന് കാത്തിരുന്ന് കാണാം. തലൈവര്‍ പറഞ്ഞപോലെ കാലം ശരിയായ ഉത്തരം നല്കട്ടെ.
എ.എന്‍. വരുണ്‍ജിത്ത്
Recent Comments