നടന് രജനികാന്തിനെ നേരില്‍ കണ്ട സന്തോഷം പങ്കുവെച്ച് നിര്‍മാതാവ് ആന്റോ ജോസഫ്. 2018 സിനിമ വളരെ ഇഷ്ടമായെന്നും ഓസ്കര് പ്രവേശന നേട്ടത്തില്‍ അഭിനന്ദിച്ചെന്നും ആന്റോ ജോസഫ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. കൂടാതെ തലൈവരുമായുളള ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ആന്റോ ജോസഫിനൊപ്പം 2018 സിനിമയുടെ സഹനിര്‍മാതാവ് വേണു കുന്നപ്പള്ളിയും സംവിധായകനായ ജൂഡ് ആന്തണിയും രജനിയെ കാണാന്‍ എത്തിയിരുന്നു.
രജനി എന്ന താരത്തെ പറ്റി പറയുക മാത്രമല്ല രജനികാന്ത് എന്ന മനുഷ്യനും ആന്റോയുടെ കുറിപ്പില്‍ നിറയുന്നു. ‘ഈ നിമിഷത്തെ വിവരിക്കാന്‍ വാക്കുകള്‍ മതിയാവില്ല. ഒറ്റവിരല്‍ ചലനം കൊണ്ട് ലോകത്തെ മുഴുവന്‍ ചൂളം വിളിപ്പിക്കുന്ന, രസികര്‍ മണ്ട്രങ്ങള്ക്ക് മുഴുവന്‍ ആത്മാവായ മനിതന്… അല്ല… മാന്ത്രികന്. ഒരേയൊരു രജനികാന്ത് സാര്‍… അദ്ദേഹം ചേര്‍ത്തുപിടിച്ച നിമിഷം ഞാന്‍ അത്ഭുതത്തെ തൊട്ടു. 2018 സിനിമ കണ്ടതിനുശേഷം രജനി സാര്‍ അണിയറ പ്രവര്‍ത്തകരെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇന്ന് സംവിധായകന് ജൂഡും വേണു കുന്നപ്പള്ളിയും ഞാനും തിരുവനന്തപുരത്ത് രജനി സാറിനെ കണ്ടു.
അദ്ദേഹം ഒരുപാട് സംസാരിച്ചു. 2018 ന് പിന്നിലുണ്ടായ അധ്വാനത്തെക്കുറിച്ച് അന്വേഷിച്ചു. ഓസ്കര് പ്രവേശന നേട്ടത്തില്‍ അഭിനന്ദനം അറിയിച്ചു. സിനിമയെന്ന തന്റെ എക്കാലത്തെയും വലിയ പ്രണയത്തെക്കുറിച്ച് വാചാലനായി… ഞങ്ങള്‍ അവിടെ കണ്ടത് രജനികാന്ത് എന്ന അതിമാനുഷികനായ താരത്തെയല്ല, തീര്‍ത്തും സാധാരണക്കാരനായ ഒരാളെയാണ്. ആ നല്ല മുഹൂര്‍ത്തങ്ങള്‍ക്ക് രജനി സാറിനും ദൈവത്തിനും നന്ദി’ എന്ന് ആന്റോ ഫേസ്ബുക്കില്‍ കുറിച്ചു.
നിലവില്‍ തലൈവര്‍ 170 ന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്താണ് രജനികാന്ത് ഉള്ളത്. തലൈവരെ കാണാന്‍ 100 കണക്കിന് ആളുകളാണ് ലൊക്കേഷനിലെത്തിയത്. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതാദ്യമായിട്ടാണ് തിരുവനന്തപുരത്ത് വച്ച് രജനികാന്തിന്റെ ഒരു സിനിമ ചിത്രീകരിക്കുന്നത്.
സൂര്യ നായകനായ ‘ജയ് ഭീം’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നായിക മഞ്ജു വാരിയര്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫഹദ് ഫാസിലും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രീകരണത്തിനായി പത്ത് ദിവസം അദ്ദേഹം തിരുവനന്തപുരത്തുണ്ടാകും.
Recent Comments