ആല്‍ബങ്ങള്‍ യുവത്വം നെഞ്ചേറ്റിലേയിരുന്ന കാലത്ത് ‘സുന്ദരിയേ വാ’ എന്ന ഗാനം യുവാക്കളുടെ ഇടയില്‍ തരംഗമായി മാറി. പിന്നീട് കാലം ഏറെ മാറിയപ്പോള്‍ ആല്‍ബങ്ങളുടെ സ്ഥാനം ഇന്‍സ്റ്റാഗ്രാം റീലുകള്‍ പിടിച്ചടക്കി. യുവത്വത്തിന്റെ സ്പന്ദനങ്ങള്‍ തുടിക്കുന്ന റീലുകള്‍ ട്രെന്‍ഡിങ്ങായി മാറി. ട്രെന്‍ഡിങ്ങായ റീലുകളില്‍ പഴയൊരു ഗാനം ഇടം പിടിച്ചു. വെറുതെ ഒരു ഭാര്യയിലെ ‘ചിങ്ങപൈങ്കിളി’ എന്ന ഗാനം. രണ്ടു കാലഘട്ടങ്ങളിലായി സെന്‍സേഷനായി മാറിയ രണ്ടു ഗാനങ്ങളുടെയും ശില്പി ഒരാള്‍ തന്നെ. പാട്ടുകള്‍ ഹിറ്റായിട്ടും ശ്രദ്ധിക്കപ്പെടാതെ പോയ ശ്യാം ധര്മ്മന് എന്ന സംഗീതഞ്ജന്‍.
ഒന്‍പതു വര്‍ഷത്തോളം ശാസ്ത്രീയ സംഗീതം അഭ്യസിച്ച ശ്യാം ആല്‍ബങ്ങളിലൂടെയാണ് തുടക്കം കുറിച്ചത്. ചെമ്പകമേ എന്ന ആല്‍ബത്തിലെ ഫ്രാങ്കോ പാടിയ സുന്ദരിയേ വാ, ചെമ്പകമേ എന്നീ പാട്ടുകള്‍ ചാനലുകള്‍ നിര്‍ത്താതെ പ്രക്ഷേപണം ചെയ്ത് കൊണ്ടിരുന്നു. മൊഞ്ചാണു നീയെന്‍ സാജിദ, മിഴിനീര് തുടങ്ങിയ ആല്‍ബങ്ങളിലെ ഗാനങ്ങളും ഹിറ്റായിരുന്നു.
ആല്‍ബമാണ് ശ്യാമിനു സിനിമയിലേക്കുള്ള വഴി തുറന്നത്. അക്കു അക്ബര്‍ സംവിധാനം ചെയ്ത വെറുതെ ഒരു ഭാര്യ എന്ന സിനിമയിലെ ഗാനങ്ങളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ചിത്രീകരിക്കപ്പെട്ട രണ്ട് ഗാനങ്ങളും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടി. ടൈറ്റില്‍ സോങ്ങായ ഓംകാരം ശംഖില്‍ എന്ന ഗാനം ആലപിച്ചത് ഉണ്ണി മേനോനായിരുന്നു.
സംഗീത സംവിധാനം നിര്‍വഹിച്ചതിനു പുറമേ മഞ്ഞില്‍ കുളിക്കും രാവേറെയായ് എന്ന ഗാനം അദ്ദേഹം ആലപിക്കുകയുമുണ്ടായി. നായകനായ ജയറാമുമായുള്ള ശ്യാമിന്റെ ശബ്ദ സാദൃശ്യവും ഗാനത്തിന് ഗുണകരമായി. പക്ഷേ ഇതേ കാരണങ്ങള്‍ കൊണ്ട് തന്നെ ആ ഗാനം ജയറാം ആലപിച്ചതാണ് എന്ന് പലരും തെറ്റിദ്ധരിച്ചു. പടത്തില്‍ നര്‍മ്മമായി ആവിഷ്കരിച്ചത് കാരണം ഗാനത്തിലെ ചേഞ്ച് ഓവറുകള്‍ ശ്രദ്ധിക്കപ്പെടാതെ പോയി.
ഇതേ സിനിമയിലെ ‘ചിങ്ങപൈങ്കിളി’ എന്ന ഗാനമാണ് ഇപ്പോള്‍ റീലുകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. പൂര്‍ണ്ണമായി ചിത്രത്തില്‍ ഇല്ലെങ്കിലും പശ്ചാത്തല സംഗീതമായി ചില ഭാഗങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. വയലാര്‍ ശരത് ചന്ദ്രവര്മ്മയുടെതാണ് വരികള്‍. റൊമാന്റിക്ക് സ്വപ്നങ്ങളുടെ ഉണര്‍ത്ത് പാട്ടായാണ് യുവാക്കള്‍ ഇന്ന് ഗാനത്തിന്റെ തുടക്ക ഭാഗത്തെ സമീപിക്കുന്നത്. അക്കു അക്ബറിന്റെ തന്നെ കാണാക്കണ്മണിയിലെ സുജാത പാടിയ മുത്തേ മുത്തേ എന്ന ഗാനവും സ്വീകരിക്കപ്പെട്ടതാണ്.
കേരളോത്സവം, സൈജു കുറുപ്പ് നായകനായ ജൂബിലി തുടങ്ങിയ ചിത്രങ്ങളിലും ശ്യാം പ്രവര്‍ത്തിച്ചിട്ടുണ്ട്. മധുപാലിന്റെ തലപ്പാവ് എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ശ്യാം ധര്‍മ്മനാണ് നിര്‍വഹിച്ചത്. പക്ഷേ സിനിമ മേഘലയുടെ വിസ്മൃതിയില്‍ ശ്യാം ധര്മ്മന് എന്ന പേര് മറഞ്ഞ് പോയി. പില്ക്കാലത്ത് സീരിയലുകളുടെ സംഗീത വിഭാഗത്തിലും ശ്യാം പ്രവര്‍ത്തിച്ചിട്ടുണ്ടായിരുന്നു.
2008-ല്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടെങ്കിലും ശ്യാം ധര്മ്മന് എന്ന പേര് ലൈംലൈറ്റിലേയ്ക്ക് വരാതെ പോയത് ദുബായിലെ ഒരു മ്യൂസിക്കല്‍ കമ്പനിയില്‍ എട്ടുവര്‍ഷം ജോലി ചെയ്ത കാരണത്താലായിരുന്നു. നിലവില്‍ പതിനൊന്ന് സിനിമകളുടെ മ്യൂസിക് കമ്പോസിംഗിലാണ് ശ്യാം ധര്മ്മന്. രണ്ട് സിനിമകള്‍ ഇതിനോടകം പൂര്‍ത്തിയായി.
Recent Comments