പകരം വെക്കാനില്ലാത്ത ശബ്ദ സൗകുമാര്യത്തിന് ഉടമയാണ് മലയാളികളുടെ സ്വന്തം ദാസേട്ടന്. ദാസേട്ടന്റെ കീര്‍ത്തി ഇന്ത്യയിലുടനീളം ചെന്നെത്തിയതാണ്. ഹിന്ദി ചലച്ചിത്രങ്ങളിലും അവിസ്മരണിയമായ ഗാനങ്ങള്‍ പാടിയെങ്കിലും പിന്നീട് തഴയപ്പെടുകയായിരുന്നു. അത്തരത്തില്‍ ദാസേട്ടന്റെ അതിമനോഹരമായ ഗാനമാണ് സലില്‍ ചൗധരിയുടെ സംഗീതത്തില്‍ വന്ന ”ഗാ മാന്‍ മേരേ ഗാ.’
ശേശുദാസിന്റെ ശബ്ദത്തിന്റെ എല്ലാ പ്രൗഢിയും പാട്ടില്‍ നിറഞ്ഞു നില്ക്കുന്നു. നിര്‍ഭാഗ്യവശാല്‍ പാട്ട് പുറത്തിറങ്ങിയില്ല. യോഗേഷ് വരികള്‍ എഴുതിയ പാട്ട് യൂട്യൂബില്‍ ഇപ്പോള്‍ ലഭ്യമാണ്. എന്നാല്‍ ഇതേ പാട്ട് നമ്മള് മലയാളികള്‍ മലയാള ഭാഷയില്‍ നേരത്തെ തന്നെ കേട്ടതാണ്. അതും യേശുദാസിന്റെ തന്നെ ശബ്ദമാധുര്യത്തില്‍.
സ്വപ്നം എന്ന സിനിമയിലെ ‘മാനേ മാനേ നീ കേട്ടോ’ എന്ന ഗാനത്തിന്റെ ട്യൂണ്‍ തന്നെയാണ് ഹിന്ദിയിലെ ‘ഗാ മാന്‍ മേരേ ഗാ’ എന്ന ഗാനത്തിനും. എന്നാല്‍ ഈ ട്യൂണിന്റെ ശരിയായ പിറവി ബംഗാളിയിലാണ്. തരുണ്‍ ബാനര്‍ജി എന്ന പ്രശസ്ത ഗായകന് പാടിയ ‘ആര് ദേരി നെയ് ആമി’യാണ് ആ ഗാനം. സലില്‍ ചൗധരി തന്നെ രചന നടത്തിയ ഈ ഗാനം അക്കാലത്ത് ബംഗാളിയില്‍ ജനപ്രിയമായിരുന്നു. അതിന് ശേഷമാണ് മലയാളത്തിലേക്കും ഹിന്ദിയിലേക്കും ഈ ട്യൂണിനെ കൂട്ടി കൊണ്ട് വന്നത്. മൂന്ന് പതിപ്പുകളിലും താരതമ്യം ചെയ്യുമ്പോള്‍ പുറത്തിറങ്ങാത്ത ഹിന്ദി പതിപ്പ് ഒരു പടി മുന്നില്‍ നില്ക്കുന്നു. ട്യൂണുകള്‍ ഒരുപോലെ ഇരിക്കുമ്പോഴും ഓര്‍ക്കസ്ട്രേഷനില്‍ കാര്യമായ വ്യത്യസ്തത കൊണ്ടുവരാന്‍ സലില്‍ ദായിക്ക് കഴിഞ്ഞിട്ടുണ്ട്.
മറ്റുള്ള ഭാഷകളില്‍ ഉപയോഗിച്ച നിരവധി ട്യൂണുകള്‍ സലില്‍ ചൗധരി മലയാളത്തില്‍ ഇതുപോലെ പുനരവതരിപ്പിച്ചിട്ടുണ്ട്. എയര്‍ ഹോസ്റ്റസ് എന്ന ചിത്രത്തിലെ ഒന്നാനാം കുന്നിന്മേല് എന്ന ഗാനം ബംഗാളിയില്‍ കുട്ടികള്‍ക്കുള്ള പാട്ടാകുമ്പോള്‍ കേരളത്തില്‍ ഒരു ഫോക്ക് സോങ്ങിന്റെ ഭാവമാണുള്ളത്. അതെ മാതൃക പിന്തുടര്‍ന്ന മറ്റൊരു ഗാനമാണ് ചുവന്ന സന്ധ്യകളിലെ പറന്നു പോയി നീ അകലെ. ഭാഷാഭേദമന്യേ പാട്ടുകള്‍ എല്ലാം ഹിറ്റുകളായി തീര്‍ന്നു.
‘മാനേ മാനേ നീ കേട്ടോ’ എന്ന ഗാനം നിരവധി പ്രത്യേകതകള്‍ ഉള്ളതാണ്. ദുഃഖ ഗാനങ്ങളിലെ ഒരു ഫാസ്റ്റ് നമ്പറാണ് ഈ ഗാനം. തങ്ങളുടെ സുരഭില കാലഘട്ടത്തെ കുറിച്ച് ഓര്‍ത്ത് കൊണ്ട് നായികയെ തേടി അലയുന്ന നായകന്റെ പാട്ടിന് ഡ്രംസിന്റെ ബീറ്റ് അന്നേവരെ മലയാള ഗാനശാഖ കേള്‍ക്കാത്തതാണ്. ശോകമൂകമായി വരികള്‍ക്കൊപ്പം നേര്‍ത്ത സ്ട്രിംഗ് ഇന്‍സ്ട്രമെന്റ്സ് മാത്രം കേട്ടു ശീലിച്ച മലയാളിക്ക് അന്നിതൊരു നവ്യാനുഭൂതിയാണ്. മലയാള ചലച്ചിത്ര ഗാനങ്ങളുടെ നാള് വഴിയില്‍ സലീല്‍ ചൗധരിയുടെ സ്വാധീനം കൃത്യമായി ഈ ഗാനം അടയാളപ്പെടുത്തുന്നു.
പില്ക്കാലത്ത് പ്രസിദ്ധി നേടിയ ഒ.എന്‍.വി – സലില്‍ ചൗധരി കൂട്ടുകെട്ടിന്റെ ആരംഭം സ്വപ്നം എന്ന ചിത്രത്തിലൂടെയാണ്. സാങ്കേതിക കാരണങ്ങളാല്‍ സിനിമാലോകത്ത് നിന്ന് വിട്ടു നില്‍ക്കുകയും, ബാലമുരളി എന്ന പേരില്‍ പാട്ടുകള്‍ എഴുതുകയും ചെയ്ത ഒ.എന്‍.വിയുടെ തിരിച്ച് വരവ് കൂടി ഈ ഗാനം രേഖപ്പെടുത്തുന്നു. ചിത്രത്തിലെ മറ്റു പാട്ടുകളും വളരെയധികം ശ്രദ്ധ നേടിയിരുന്നു.
Recent Comments