മലയാളത്തിലെ എണ്ണം പറഞ്ഞ തിരക്കഥാകൃത്തുകളില്‍ ഒരാളാണ് എ.കെ. സാജന്. മികച്ചൊരു സംവിധായകനും. ധ്രുവം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും അതിനുമുമ്പേ അദ്ദേഹം തിരക്കഥകള്‍ എഴുതി. മറ്റു പേരുകളിലായിരുന്നുവെന്ന് മാത്രം. ധ്രുവത്തിലെ ആരാചാരുടെ കഥാപാത്രത്തിനായി താന്‍ ആദ്യം സമീപിച്ചത് മുരളിയെയാണെന്ന് കാന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ എ.കെ. സാജന് വെളിപ്പെടുത്തുന്നു.
‘സ്വന്തമായി തിരക്കഥ എഴുതണം എന്ന ആഗ്രഹത്തില്‍ നിന്നാണ് ആരാച്ചാരുടെ കഥ ചിന്തിച്ചു തുടങ്ങിയത്. കൊടിയ കുറ്റവാളിക്ക് സ്വയം ശിക്ഷ നടപ്പാക്കുന്ന നിസ്സാരക്കാരനായ ആരാചാരുടെ ജീവിതമായിരുന്നു കഥാതന്തു. അടുത്ത സുഹൃത്തായ ഭാവചിത്ര ജയകുമാറിനോട് കഥ പറഞ്ഞു. മുരളിയെ ആരാച്ചാരാക്കാം എന്ന് പറഞ്ഞത് ജയകുമാറാണ്.’ സാജന് തുടര്‍ന്നു.
‘കഥ കേട്ട മുരളിയേട്ടന് കെട്ടിപിടിച്ചു കൊണ്ടാണ് ചിത്രം ചെയ്യാം എന്ന് പറഞ്ഞത്. പക്ഷേ ഭാവചിത്ര ജയകുമാറിന്റെ സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ട് പോയില്ല. അക്കാലത്താണ് സുരേഷ് ബാലാജി മോഹന്‍ലാലിനെ വെച്ച് ചെയ്യാന്‍ പറ്റിയ കഥകള്‍ അന്വേഷിക്കുന്നതായി കേള്‍ക്കുന്നത്. അങ്ങനെ ഊട്ടിയില്‍ ഡയറക്ടര്‍ കമലിനൊപ്പം ചെന്ന് ലാലേട്ടനോട് കഥ പറഞ്ഞു. ഇത്രയും ഡാര്‍ക്കായ ഒരു കഥ ചെയ്യാന്‍ മോഹന്‍ലാല്‍ താല്പര്യം കാട്ടിയില്ല.’
‘ഊട്ടിയില്‍ നിന്ന് തിരിച്ചു വരുന്ന വഴി കഥ പൊളിച്ച് എഴുതാന്‍ തീരുമാനിച്ചു. മുന്‍ നിര നായകന്മാര്ക്ക് ആരാചാര്‍ വേഷം ചേരില്ല എന്ന തിരിച്ചറിവാണ് അതിന് പ്രചോദനമായത്. അങ്ങനെയാണ് ഫ്യൂഡല്‍ ബാക്ക് ഗ്രൗണ്ടില്‍ കഥ മാറ്റിയെഴുതുന്നത്.’
‘ആയിടെയാണ് എസ്.എന്‍. സ്വാമി അരോമ മണിക്കുവേണ്ടി എന്റെ കഥ ആവശ്യപ്പെടുന്നത്. ആദ്യം ഞാനതിന് തയ്യാറായില്ലെങ്കിലും സ്വാമിയുടെ ഉപദേശം മാറി ചിന്തിപ്പിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. അങ്ങനെയാണ് സ്വാമിക്കൊപ്പം ചേര്‍ന്ന് ധ്രുവത്തിന്റെ തിരക്കഥയില്‍ ഞാന്‍ പങ്കാളിയാകുന്നത്.’
‘ജോഷിസാറിനെ കണ്ട് കഥ പറഞ്ഞു. അദ്ദേഹം പറഞ്ഞിട്ടാണ് ഞാനും സ്വാമിയും ചേര്‍ന്ന് ധ്രുവത്തിന്റെ വണ്‍ലൈന്‍ ഉണ്ടാക്കിയത്. ലീനിയര്‍ ഓഡറിലാണ് കഥ എഴുതിയത്. പക്ഷേ അത് പൊളിച്ചെഴുതിയത് ജോഷിസാറാണ്. പകരം ഫ്ളാഷ് ബാക്കുകളിലൂടെ കഥ പറയാന്‍ നിര്‍ദ്ദേശിച്ചു. ഈ മാറ്റങ്ങള്‍ക്ക് ശേഷമായിരുന്നു ഇന്ന് കാണുന്ന ധ്രുവത്തിന്റെ തിരക്കഥയിലേക്ക് എത്തി ചേര്‍ന്നത്.’ അഭിമുഖത്തില്‍ സാജന് പറഞ്ഞു.
കരുത്തുറ്റ നരസിംഹ മന്നാഡിയാര്‍ എന്ന നായക കഥാപാത്രമായി മമ്മൂട്ടിയും ധ്രുവത്തില്‍ തിളങ്ങി. മലയാളത്തിലെ എക്കാലത്തെയും മികച്ച മാസ് ചിത്രങ്ങളിലൊന്നായി ധ്രുവം ഇന്നും പ്രേക്ഷക ഹൃദയങ്ങളില്‍ നിലകൊള്ളുന്നു. മോഹന്‍ലാലും മുരളിയുമെല്ലാം പരിഗണിക്കപ്പെട്ട ആരാച്ചാര്‍ വേഷം ധ്രുവത്തില്‍ അഭിനയിച്ചത് ടി.ജി. രവിയായിരുന്നു.
അഭിമുഖം കാണാം:
Recent Comments