ഏറെ ജനശ്രദ്ധനേടിയ ‘യുവം’ എന്ന ചിത്രത്തിനുശേഷം പിങ്കു പീറ്റര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘റാണി ചിത്തിര മാര്‍ത്താണ്ഡ’. ഒക്ടോബര്‍ 27ന് ചിത്രം തിയറ്ററുകളിലെത്തും. കോട്ടയം നസീറും ‘കെട്ട്യോളാണ് എന്റെ മാലാഖ’യിലൂടെ ശ്രദ്ധേിക്കപ്പെട്ട ജോസ് കുട്ടിയും പ്രധാന വേഷത്തിലെത്തുന്നു. ഒട്ടേറെ വെബ്സീരീസുകളിലൂടെ ശ്രദ്ധ നേടിയ കീര്‍ത്തന ശ്രീകുമാറാണ് നായിക.
‘ഭയാനകം’, ‘ശബ്ദിക്കുന്ന കലപ്പ’ എന്നീ സിനിമകള്‍ക്ക് ക്യാമറയൊരുക്കി രണ്ട് തവണ ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ നിഖില്‍ എസ് പ്രവീണ്‍ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. കാന്‍ ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംവിധായകന് പിങ്കു പീറ്റര്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നു .
റാണി ചിത്തിര മാര്‍ത്താണ്ഡ എന്ന വ്യത്യസ്തമായ പേരിന് ചിത്രവുമായുള്ള ബന്ധം?
രണ്ട് രീതിയിലാണ് പേരിന് ചിത്രവുമായി ബന്ധം. ഒന്ന് കഥ നടക്കുന്ന സ്ഥലമായ കാവലത്തും പരിസര പ്രദേശത്തുമുള്ള മൂന്ന് കായലുകളുടെ പേരുകളാണ് റാണി, ചിത്തിര, മാര്‍ത്താണ്ഡ എന്നിവ. ജോസഫ് മുരിക്കന്‍ എന്ന കായല്‍ രാജാവാണ് ഈ കായലുകളെല്ലാം ഉണ്ടാക്കിയത്. കഥയിലേക്ക് വരുമ്പോള്‍ സ്വന്തമായി കുറെ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്ന 25 വയസ്സ്കാരനായ ആന്‍സണിന്റെ ജീവിതമാണ്. സ്വന്തമായി കായലുകള്‍ ഉണ്ടാക്കിയ ഒരു സ്ഥലത്ത് കഥ പറയുമ്പോള്‍ അതിനോട് ചേര്‍ന്ന പേര് എന്ന ചിന്തയില്‍ നിന്നാണ് റാണി ചിത്തിര മാര്ത്താണ്ഡയിലേക്ക് എത്തുന്നത്.
‘യുവ’ത്തില്‍ നിന്ന് റാണി ചിത്തിര മാര്ത്താണ്ഡയിലേക്ക് വരുമ്പോള്‍ ട്രീറ്റ്മെന്റിലുള്ള മാറ്റങ്ങള്‍?
രണ്ടും രണ്ട് ജോണറാണ്. ‘യുവം’ ഒരു സോഷ്യല്‍ ഡ്രാമയായിരുന്നു. ഇത് ഒരു ഫീല്‍ ഗുഡ് ഫാമിലി ഡ്രാമയാണ്. കാവാലത്തുള്ള ആന്‍സണ്‍ എന്ന ചെറുപ്പക്കാരന്റെ ജീവിതമാണ് ഈ ചിത്രം. കഥയ്ക്ക് അനുയോജ്യമായ രീതിയിലുള്ള മേക്കിങ്ങാണ് കൊടുത്തിരിക്കുന്നത്.
കുട്ടനാട്ടില്‍ ഷൂട്ട് ചെയ്ത ഭയാനകത്തിനാണല്ലൊ ഛായാഗ്രാഹകന്‍ നിഖില്‍ ദേശീയ അവാര്‍ഡ് നേടിയത്. റാണി ചിത്തിര മാര്ത്താണ്ഡയില് നിഖിലിന്റെ സ്ഥലവുമായുള്ള പരിചയ സമ്പത്ത് ഉപകാരപ്പെട്ടോ?
എവിടെ വേണമെങ്കിലും പ്ലേസ് ചെയ്യാവുന്ന അച്ഛന് മകന് കഥയാണിത്. എഴുതുമ്പോള്‍ പാലാ കാത്തിരപ്പള്ളി ഭാഗമായിരുന്നു എന്റെ മനസ്സില്‍. പിന്നെ നിഖിലാണ് പറഞ്ഞത് കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ കഥ പറയാം എന്ന്. ഇനിയും എക്സ്പ്ളോര്‍ ചെയ്യാനുള്ള സ്ഥലമാണ് കുട്ടനാട്. കായലൊക്കെ പശ്ചാത്തലത്തില്‍ വരുമ്പോള്‍ കേരളത്തിന്റെതായ ഒരു ഫീല്‍ കഥയില്‍ കൊണ്ട് വരാന്‍ കഴിയും. നിഖിലിന്റെ പ്രേരണയിലാണ് കുട്ടനാട് ഉറപ്പിച്ചത്.
കഥയില്‍ കുട്ടനാടിന് അനുസരിച്ച് മാറ്റങ്ങള്‍ വന്നോ?
തീര്‍ച്ചയായും . ഞങ്ങള്‍ ലൊക്കേഷന്‍ കാണാന്‍ പോയത് ജങ്കാറിലാണ് . അതൊന്നും പാലായില്‍ ഇല്ലല്ലോ . അതുകൊണ്ട് തിരക്കഥ മുഴുവന്‍ അതിനനുസരിച്ച് മാറ്റേണ്ടി വന്നു . സ്വന്തമായി വള്ളം ഓടിക്കുന്നവരാണ് കുട്ടനാടിലുളളവര് . വളളം ഓടിക്കാന്‍ പഠിക്കാന്‍ നായകനായ ജോസ് കുട്ടിയെ നാലഞ്ച് ദിവസം പ്രീ പ്രൊഡക്ഷന്റെ ഭാഗമായി കുട്ടനാട്ടില്‍ വിട്ടിരുന്നു .
കോട്ടയം നസീര്‍ കേന്ദ്ര കഥാപാത്രമാകുമ്പോള്‍?
അച്ഛന് മകന് ബന്ധത്തിലുള്ള വിള്ളലുകള്‍ ചിത്രത്തിന്റെ പ്രധാന പ്രമേയമാണ്. ആ അച്ഛന് കഥാപാത്രം ഗംഭീരമായി നസീര്‍ ഇക്ക ചെയ്തിട്ടുണ്ട്. സ്ക്രിപ്റ്റ് വായിച്ച് ഷൂട്ടിന് റെഡിയായി ഇരിക്കുമ്പോഴാണ് നസീര്‍ ഇക്കയക്ക് ഹാര്‍ട്ട് അറ്റാക്ക് വരുന്നത്. നസീര്‍ ഇക്കയെ നമ്മള് ഈ കഥാപാത്രമായി അപ്പോഴേക്കും കണ്ടു കഴിഞ്ഞിരുന്നു. ഡോക്ടറോട് അദ്ദേഹം ആദ്യം ചോദിച്ചത് എനിക്ക് എന്ന് ഷൂട്ടിങ്ങിന് പോകാം പറ്റുമെന്നാണ്. നമ്മള് അദ്ദേഹത്തിന്റെ സൗകര്യത്തിന് അനുസരിച്ച് ഷൂട്ടിങ്ങ് പ്ലാന്‍ ചെയ്യുകയായിരുന്നു. 15 ദിവസം വിശ്രമം പറഞ്ഞിടത്ത് നിന്ന് പത്ത് ദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹം ഷൂട്ടിന് വന്നു. അത്രയും ഡെഡിക്കേഷനോട് കൂടിയാണ് നസീര്‍ ഇക്ക കഥാപാത്രത്തെ സമീപിച്ചത്. ജോസ് കുട്ടിയുടെയും നസീര്‍ ഇക്കയുടെയും കെമിസ്ട്രി നന്നായി ചിത്രത്തില്‍ വര്‍ക്ക് ഔട്ട് ആയിട്ടുണ്ട്.
ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍?
ഇത് ഒരു ഫീല്‍ ഗുഡ് മൂവിയാണ്. പോസ്റ്ററിലും സോങ്ങിലുമൊക്കെ കാണുന്നതാണ് ചിത്രത്തിന്റെ ഒരു മൂഡ്. അത് ഇഷ്ടപ്പെടുന്നവര്‍ക്ക് തീര്‍ച്ചയായും ചിത്രവും ഇഷ്ടപ്പെടും.
വൈശാഖ് വിജയന്, അഭിഷേക് രവീന്ദ്രന്, ഷിന്‍സ് ഷാന്‍, കിരണ്‍ പിതാംബരന്, അബു വളയംകുളം തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഗ്രാമി അവാര്‍ഡുകള്‍ക്കര്‍ഹമായ ‘വിന്‍ഡ്സ് ഓഫ് സംസാര’, ‘ഡിവൈന്‍ ടൈഡ്സ്’ എന്നീ ആല്‍ബങ്ങളുടെ കണ്ടക്ടര്‍, സ്ട്രിംഗ് അറേഞ്ചര്‍, സോളോ വയലിനിസ്റ്, കോറല്‍ അറേഞ്ചര്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ച മനോജ് ജോര്‍ജ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്.
Recent Comments