ശരീരവും ശാരീരവും ഒത്ത വില്ലന്‍. അഭ്രപാളികളില്‍ കുണ്ടറ ജോണി എന്ന നടനെ പ്രേക്ഷകര്‍ ഓര്‍മിക്കുന്നത് ഈ വില്ലന്‍ വേഷങ്ങളിലൂടെയാണ്. വില്ലന്‍ വേഷങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഒരു കാലത്ത് കുണ്ടറ ജോണി. യാതൊരു കലാപാരമ്പര്യവും അവകാശപ്പെടാനില്ലാതെ സിനിമയിലെത്തിയ അദ്ദേഹം ജീവിതത്തില്‍നിന്ന് മടങ്ങുന്നത് മലയാള സിനിമ പ്രേക്ഷകര്‍ക്ക് ഓര്‍മിക്കാന്‍ നൂറുകണക്കിന് വില്ലന്‍ വേഷങ്ങള്‍ നല്‍കിയാണ്.
നിര്മാതാവിനോടുള്ള പരിചയം വഴി ‘നിത്യവസന്തം’ എന്ന ചിത്രത്തിലായിരുന്നു അരങ്ങേറ്റം. ആകെ രണ്ടു സീനുകള്‍. ചെന്നൈയിലായിരുന്നു ഷൂട്ടിങ്. അതിനുശേഷം ‘അഗ്നിപര്‍വതം’ എന്ന സിനിമയിലേക്ക് വിളിവന്നു. പിന്നാലെ ‘കഴുകന്’ എന്ന ജയന് ചിത്രത്തിലേക്കും വിളിച്ചു. അതില്‍ ജയനുമായി രണ്ടു ഫൈറ്റുണ്ടായിരുന്നു. അതാണു വഴിത്തിരിവായത്.
പ്രകടനം ഇഷ്ടപ്പെട്ടതോടെ വില്ലന്‍വേഷങ്ങളിലേക്ക് വാതില്‍ തുറന്നു. ഫുട്ബോളില്‍ ഗോള്‍കീപ്പറായിരുന്ന ജോണിക്ക് സംഘട്ടന രംഗങ്ങളില്‍ വീഴാനും ഡൈവ് ചെയ്യാനുമൊന്നും ബുദ്ധിമുട്ടുണ്ടായില്ല. മറിച്ച് പ്രകടനം മെച്ചപ്പെടുത്താന്‍ അത് സഹായകരവുമായി. ഐ.വി. ശശിയുടെ മുപ്പതോളം സിനിമകള്‍ ചെയ്തു. പതിയെപ്പതിയെ സ്ഥിരം വില്ലനായി. ആദ്യമൊക്കെ എന്തു ക്രൂരതയും ചെയ്യാന്‍ ജോണി തയാറായിരുന്നു. എന്നാല്‍, വിവാഹത്തിനു ശേഷം റേപ്പ് സീനുകള്‍ ചെയ്യേണ്ടെന്നു തീരുമാനിച്ചു. ആ തീരുമാനം മരണം വരെ മാറ്റിയില്ല.
കിരീടത്തിലെ പരമേശ്വരന് ജോണിയുടെ കരിയറില്‍ ഏറെ ശ്രദ്ധ നേടിയ കഥാപാത്രമാണ്. തിരുവനന്തപുരം മ്യൂസിയത്തോട് ചേര്‍ന്ന് മൃഗാവശിഷ്ടങ്ങള്‍ തള്ളുന്ന, കാട് കയറിയ സ്ഥലത്തായിരുന്നു മോഹന്‍ലാലിന്റെ സേതുമാധവനും ജോണിയുടെ പരമേശ്വരനും തമ്മിലുള്ള സംഘട്ടന രംഗം. ലൊക്കേഷന്റെ ഭംഗിയും നിഗൂഢതയും കൊണ്ടാണ് സിബി മലയില്‍ ആ സ്ഥലം തെരഞ്ഞെടുത്തത്. എന്നാല്‍ ഇറച്ചി വേസ്റ്റ് തള്ളുന്ന സ്ഥലമാണെന്ന് ചിത്രീകരണം തുടങ്ങിയ ശേഷമാണ് മനസിലായത്. എന്ത് പറയുന്നുവെന്ന് സിബി മോഹന്‍ലാലിനോടും മോഹന്‍ലാല്‍ ജോണിയോടും ചോദിച്ചു. തനിക്ക് കുഴപ്പമില്ലെങ്കില്‍ എനിക്കും കുഴപ്പമില്ലെന്ന് മോഹന്‍ലാലിനോട് ജോണിയുടെ മറുപടി. അഴുക്കില്‍ കിടന്ന് ഉരുണ്ട തങ്ങള്‍ പിന്നീട് ഡെറ്റോളിലാണ് കുളിച്ചതെന്നും ജോണി പറഞ്ഞിട്ടുണ്ട്.
കിരീടത്തിന്റെ തമിഴ്, തെലുങ്ക് റീമേക്കുകളിലും ഇതേ വേഷം ചെയ്തത് കുണ്ടറ ജോണി തന്നെ ആയിരുന്നു. ഒരുവേള ജോണിയെക്കൊണ്ട് കീരിക്കാടന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാലോയെന്ന് സിബി മലയില്‍ ആലോചിച്ചതാണ്. എന്നാല്‍ പരമേശ്വരനായി ജോണിയുടെ ചില സീനുകള്‍ അതിനകം എടുത്തിരുന്നതുകൊണ്ടും അതിലെ അദ്ദേഹത്തിന്റെ പ്രകടനം ബോധ്യമായതിനാലും സിബി അത് വേണ്ടെന്നുവച്ചു. കിരീടത്തില്‍ കൈയൂക്കിന്റെ ബലത്തില്‍ വിശ്വസിക്കുന്ന നിഷ്ഠൂരനെങ്കില്‍ ചെങ്കോലിലെത്തുമ്പോള്‍ അയാള്‍ പഴയകാല ജീവിതത്തിന്റെ നിരര്‍ഥകതയെക്കുറിച്ച് ഓര്‍ക്കുന്നയാളാണ്. ചെങ്കോല്‍ സിനിമയിലെ ജോണിയുടെ അഭിനയം നിരൂപക പ്രശംസ നേടിയിരുന്നു.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാന്‍ ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ തന്റെ സിനിമ, ജീവിത അനുഭവങ്ങള്‍ കുണ്ടറ ജോണി പങ്കുവെച്ചിരുന്നു. ഗുണ്ടയായും പ്രതിനായകന്റെ സുഹൃത്തായും പൊലീസായും അരങ്ങില്‍ വാണു നീണ്ടനാള്‍. സിനിമകള്‍ കൂടാതെ ചില സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ഫാസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. കൊല്ലത്തെ കല-കായിക-സാംസ്കാരിക ഇടങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു. കോളേജ് അദ്ധ്യാപിക കൂടിയായിരുന്ന സ്റ്റെല്ലയാണ് ഭാര്യ. ആസ്റ്റജ് ജോണി, ആഷിമ ജോണി എന്നിവര്‍ മക്കളാണ്.
കാന്‍ ചാനലുമായി നടത്തിയ അഭിമുഖം കാണാം:
Recent Comments