മലയാളത്തില്‍ ചലച്ചിത്ര ഗാനങ്ങള്‍ എങ്ങനെ വേണം എന്നതിന് മുന്മാതൃകകള് ഇല്ലാതിരുന്ന കാലത്ത് വന്ന് മലയാള സിനിമാ ഗാനങ്ങള്‍ക്ക് സ്വന്തമായി ഒരു ശൈലി കെട്ടിപ്പടുക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച ഒരാളാണ് എം.എസ് ബാബുരാജ്. ഉത്തരേന്ത്യന്‍ സംഗീതത്തിന്റെ ഭാവങ്ങള്‍ മലയാളിത്തം ഒട്ടുമേ ചോരാതെ വരികളില്‍ ചാലിച്ച് ചേര്‍ക്കാന്‍ കഴിഞ്ഞതാണ് അദ്ദേഹത്തെ സംഗീതപ്രേമികള്‍ക്ക് പ്രിയപ്പെട്ടവനാക്കുന്നത്. ബാബുരാജ് അരങ്ങുവാഴുന്ന കാലത്ത് തന്നെ ഗാനരചനയില്‍ തന്റെതായ സ്ഥാനം നേടിയെടുത്തയാളാണ് ഒ.എന്‍.വി. പക്ഷേ അദ്ഭുതം എന്നു പറയട്ടെ, എന്തുകൊണ്ടാേ ഈ പ്രതിഭകള്‍ അധികം സിനിമകള്‍ക്ക് വേണ്ടി ഒന്നിച്ചിട്ടില്ല.
കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നാം. ആദ്യ കാലങ്ങളില്‍ പേരെടുത്തിട്ടില്ലാത്ത ചില നാടകസമിതികള്‍ക്ക് വേണ്ടി പാട്ടുണ്ടാക്കിയിട്ടുണ്ടെങ്കിലും അവരുടെ സ്ഥിരം സഖ്യങ്ങള്‍ പോലെ പ്രശസ്തി നേടിയില്ല. മൂന്നേ മൂന്നു പടങ്ങളിലേ പാട്ടുകള്‍ക്ക് വേണ്ടിയാണ് ഒഎന്‍വി- ബാബുരാജ് സഖ്യം ഒന്നിച്ചിട്ടുള്ളത്. സൃഷ്ടി, കറുത്ത രാത്രികള്‍, ഭാര്യമാരെ സൂക്ഷിക്കുക എന്നിവയാണ് ആ ചിത്രങ്ങള്‍.
ഇത് തനിക്ക് ഒരു വലിയ നഷ്ടമാണെന്നാണ് ഒ.എന്‍.വി പറഞ്ഞിട്ടുള്ളത്. ഒ.എന്‍.വിയേക്കാളേറെ മലയാളികളുടെ നഷ്ടമായാണ് ഇതിനെ രേഖപ്പെടുത്താന്‍ കഴിയുന്നത്. ഇവര്‍ ഒരുമിച്ചുള്ള ഫോട്ടോകളും വിരളമാണ്. അത്തരത്തിലുള്ള ഒരു അപൂര്‍വ ചിത്രമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. എന്നാല്‍ ഏത് സന്ദര്‍ഭത്തില്‍ എടുത്ത ചിത്രമാണ് ഇത് എന്ന് വ്യക്തമല്ല. സിനിമ ഗാനങ്ങളില്‍ ഏറ്റവും ശ്രദ്ധ നേടിയത് ‘സൃഷ്ടി’യിലെ സൃഷ്ടിതന്‍ സൗന്ദര്യമുന്തിരിച്ചാറിനായ എന്ന ഗാനമാണ്.
‘സൃഷ്ടിതന്‍ സൗന്ദര്യമുന്തിരിച്ചാറിനായ് കൈക്കുമ്പിള്‍ നീട്ടുന്നു നിങ്ങള്‍, വേദനയില്‍ സര്ഗവേദനയില് എന്റെ ചേതന വീണെരിയുന്നൂ, സൃഷ്ടിതന്‍ വേദനയാരറിയുന്നൂ…’ എന്ന പല്ലവി എഴുതിയത് കണ്ട് ‘അല്ല മാഷേ, ഇത് നമ്മളെ പറ്റിയാണല്ലോ’ എന്നായിരുന്നു ബാബുരാജിന്റെ മറുപടി. പച്ചവെള്ളത്തെ മുന്തിരിച്ചാറാക്കുന്ന പോലെയാണ് ബാബുരാജ് കവിതയെ ചിട്ടപ്പെടുത്തുന്നത് എന്നാണ് ഈ ഗാനം കേട്ടതിന് ശേഷം ഒ.എന്‍.വി പറഞ്ഞത്.
‘സമര്‍പ്പണം’ എന്ന പേരില്‍ ചിത്രീകരണം തുടങ്ങി, ഒടുവില്‍ ‘ഭാര്യയെ ആവശ്യമുണ്ട്’ എന്ന പേരില്‍ റിലീസായ പടത്തിലാണ് ഒഎന്‍വിയും ബാബുരാജും അവസാനം ഒന്നിച്ചത്. ആ പടത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുമ്പോള്‍ ക്ഷീണിതനായിരുന്നു ബാബുരാജ്. വാതരോഗം അദ്ദേഹത്തിന്റെ വിരലുകളെ കാര്യമായി ബാധിച്ചിരുന്നു. പാടാനും പ്രയാസം നേരിട്ടിട്ടും അതിമനോഹരമായ മൂന്നു പാട്ടുകള്‍ക്ക് സംഗീതം നല്കി. പിന്നീട് അധികനാള്‍ ആ പ്രതിഭ ജീവിച്ചിരുന്നില്ല, മരണത്തിന്റെ സംഗീതത്തിലേക്ക് അദ്ദേഹം ലയിച്ച് ചേര്‍ന്നു. ഒഎന്‍വി – ബാബുരാജ് ടീമിന്റെ പാട്ടുകള്‍ കേള്‍ക്കാന്‍ അത്രമാത്രമേ മലയാളികള്‍ക്ക് ഭാഗ്യമുണ്ടായുള്ളൂ എന്ന് വേണം കരുതാന്‍.
Recent Comments