ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയിലേക്ക് (ഐ.എഫ്.എഫ്.കെ) അയച്ച സിനിമ കണ്ടുപോലും നോക്കാതെ ജൂറി ഒഴിവാക്കിയതായി ആരോപണം. ഇത് സാധൂകരിക്കുന്ന തെളിവുകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകരായ ഷിജു ബാലഗോപാലനും അനില്‍ തോമസും. ഷിജുവിന്റെ ‘എറാനും’ അനില്തോമസിന്റെ ‘ഇതുവരെ’യുമാണ് ജൂറി തിരസ്ക്കരിച്ചുവെന്ന് ഇരുവരും ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് വിശദമായ ഫെയ്സ് ബുക്ക് പോസ്റ്റുകളും അവര്‍ പുറത്തിറക്കിയിരുന്നു.
സിനിമകളുടെ വിമിയോ ലിങ്ക് പരിശോധിച്ചതില്‍ നിന്നും മനസ്സിലാക്കുന്നത് ജൂറി ഈ സിനിമ ഒരു സെക്കന്റ് പോലും പ്ലേ ചെയ്തിട്ടില്ല എന്നാണ്. ആരോപണങ്ങള്‍ക്ക് മറുപടി എന്ന രീതിയില്‍ ജൂറി ചെയര്മാന് വി.എം. വിനു പറഞ്ഞത് സിനിമകളുടെ ബഫറിങ്ങ് ഒഴിവാക്കാന്‍ ഡൗണ്‍ലോഡ് ചെയ്തു കണ്ടുവെന്നാണ്. എറാന്‍ സിനിമയുടെ ഡൗണ്‍ലോഡ് ഓപ്ഷന് ആക്ടിവേറ്റഡായിരുന്നെങ്കിലും ചിത്രം ഡൗണ്‍ലോഡ് ചെയ്ത് കണ്ടിട്ടില്ലെന്നും വിമിയോ അനലിറ്റിക്സ് വ്യക്തമാക്കുന്നു. ഡൗണ്‍ലോഡ് ചെയ്യുകയാണെങ്കില്‍ തന്നെ ഗുരുതരമായൊരു വീഴ്ചയാണ് ഐ.എഫ്.എഫ്.കെയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. നിര്‍മാതാവിന്റെ അനുവാദമില്ലാതെ ഡൗണ്‍ലോഡ് ചെയ്യുന്നത് നിയമപരമായി കുറ്റകരമാണ്.
എങ്ങനെ നോക്കിയാലും ഐ.എഫ്.എഫ്.കെ സുതാര്യമായ വിലയിരുത്തലല്ല നടത്തിയത് എന്ന് തെളിവുകള്‍ തീര്‍ച്ചപ്പെടുത്തുന്നു. തിരസ്കരിച്ച ചിത്രങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുതിര്‍ന്ന സംവിധായകരും രംഗത്ത് വന്നിട്ടുണ്ട്. അനില്‍ തോമസിനെ അനുകൂലിച്ച് സംവിധായകന് വിനയന് ജൂറി ചെയര്‍മാനായ വി.എം. വിനുവിനോട് സഹതാപമാണ് ഉള്ളതെന്ന് ഫെയ്സ്ബുക്കില്‍ കുറിച്ചു. സംവിധായകന് ഡോ. ബിജുവും പ്രതിഷേധിച്ച് രംഗത്ത് വന്നിട്ടുണ്ട്. മഴ നനയാതിരിക്കാന്‍ പോലും ഐ.എഫ്.എഫ്.കെയുടെ തിയറ്ററുകളില്‍ കയറാത്ത ആളാണ് ചെയര്മാന് എന്നും വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്.
ചെയര്‍മാനായ വി.എം. വിനുവിന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവുകള്‍ക്ക് ചലച്ചിത്ര അക്കാദമി കൂടി ഉത്തരവാദിയാണ്. ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തുമായുള്ള സൗഹൃദമാണോ ഐ.എഫ്.എഫ്.കെയുടെ ജൂറി ചെയര്മാന് വേണ്ട യോഗ്യത എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും സമാനമായ രീതിയില്‍ അലങ്കോലപ്പെട്ടതാണെന്നതും കൂട്ടിവായിക്കേണ്ടതാണ്.
ചെറിയ സിനിമകളോട് കാണിക്കുന്ന അവഗണന മാത്രമല്ല അപ്രീതി ഉള്ളവരെ ഒഴിവാക്കുന്ന അക്കാദമിയുടെ നീക്കങ്ങള്‍ ന്യായികരിക്കാന്‍ സാധിക്കുന്നതല്ല. ജൂറിയുടെ ഈ ഉച്ചനീചത്വം സാംസ്കാരിക വകുപ്പിനും തീരാകളങ്കമാണ്. പുഴുക്കുത്തേറ്റ ചലച്ചിത്ര അക്കാദമിയില്‍ ഇനി വിശ്വാസം അര്‍പ്പിക്കാനാവില്ല എന്നാണ് വിനയനടക്കമുള്ള സംവിധായകര്‍ ചൂണ്ടിക്കാട്ടുന്നത്. അക്കാദമിയുടെ നിഷ്ക്രിയത്വമാണ് കാര്യങ്ങള്‍ ഇത്രത്തോളം വഷളാക്കിയത്. തിമിരം ബാധിച്ച ഐ.എഫ്.എഫ്.കെ പൂര്‍ണ്ണമായി അന്ധതയില്‍ അകപ്പെടുന്നതിന് മുമ്പ് അടിയന്തിരമായ ഒരു ശസ്ത്രക്രിയ നടത്താന്‍ സാംസ്കാരിക വകുപ്പ് ബാധ്യസ്ഥരാണ്.
Recent Comments