ഒരു സംവിധായകനെ സംബന്ധിച്ച് സ്വപ്ന തുല്യമായ ഒന്നാണ് ആദ്യ സിനിമ. പക്ഷേ ആ സ്വപ്നം പൊലിഞ്ഞു പോയാലോ ? അങ്ങനെ ആദ്യ സിനിമ പാതിവഴിയില്‍ മുടങ്ങി പോയവര്‍ പിന്നീട് പ്രശസ്ത സംവിധായകരായിട്ടുണ്ട് . ആദ്യത്തെ ശ്രമം പരാജയപ്പെട്ടാല്‍ നിര്‍ഭാഗ്യം എന്ന് മുദ്ര കുത്തുന്ന സിനിമ ലോകത്താേട് വിജയങ്ങള്‍ കൊണ്ട് മറുപടി പറഞ്ഞു . അത്തരം ചില സംവിധായകരുടെ മുടങ്ങി പോയ ചിത്രങ്ങള്‍ ഏതാണെന്ന് നോക്കാം .
സത്യന് അന്തിക്കാട്
കലാമണ്ഡലത്തെ പശ്ചാത്തലമാക്കി ചമയം എന്ന സിനിമയായിരുന്നു സത്യന് അന്തിക്കാടിന്റെ ആദ്യ സിനിമ ആകേണ്ടിയിരുന്നത്. ജോണ്‍ പോളായിരുന്നു തിരക്കഥ. ചിത്രീകരണം തുടങ്ങിയിരുന്നെങ്കിലും പ്രധാന നടന് വരാത്തത് കാരണം ഷൂട്ടിങ്ങ് നിന്നു പോയി. അടുത്ത ദിവസങ്ങളില്‍ ചിത്രത്തിന്റെ നിര്‍മാതാവ് കൊല്ലപ്പെടുകയും ചെയ്തു. സുകുമാരന്‍ നായകനായ കുറുക്കന്റെ കല്യാണമാണ് സത്യന് അന്തിക്കാടിന്റെ റിലീസായ ആദ്യ ചിത്രം.
ഷാജി കൈലാസ്
ഷാജി കൈലാസ് ആദ്യം സംവിധാനം ചെയ്യാനിരുന്നത് മുട്ടത്ത് വര്‍ക്കിയുടെ കഥയായ ഒരു കുടയും കുഞ്ഞി പെങ്ങളുമായിരുന്നു. ബിജു പ്രഭാകര്‍ ഐ എ എസ് ആയിരുന്നു ആ ചിത്രത്തിന്റെ അന്നത്തെ പ്രൊഡ്യൂസര്‍. റഹ്മാന് നായകനാകുന്ന ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷത്തിലെത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. ബിച്ചു തിരുമല ജെറി അമല്‍ദേവ് ടീമിന്റെ പാട്ടുകള്‍ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് സാങ്കേതിക കാരണങ്ങളാല്‍ ചിത്രം ഉപേക്ഷിക്കേണ്ടി വന്നു. പില്ക്കാലത്ത് ന്യൂസ് ഷാജി കൈലാസിന്റെ ആദ്യ ചിത്രമായി മാറി.
രാജീവ് അഞ്ചല്‍
കലാസംവിധായകനായിരുന്ന രാജീവ് അഞ്ചല്‍ ആദ്യമായി സംവിധാനം ചെയ്യാനിരുന്ന സിനിമയാണ് ആസ്ട്രേലിയ. ഫോര്‍മുല 1 റേസ് ഡ്രൈവറായ മോഹന്‍ലാലിന് അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റതിനെക്കുറിച്ചായിരുന്നു ചിത്രം. റേസിംഗ് രംഗങ്ങള്‍ ഷൂട്ട് ചെയ്തിരുന്നെങ്കിലും പൊള്ളല്‍ ഏല്ക്കുന്നതിലെ അഭിപ്രായ വ്യത്യാസം കാരണം പാതിവഴിയില്‍ ചിത്രം ഉപേക്ഷിച്ചു. പിന്നീട് ഇതേ ടീമിന്റെ തന്നെ ബട്ടര്‍ഫ്ലൈസ് എന്ന ചിത്രത്തിലൂടെയാണ് രാജീവ് അഞ്ചല്‍ സംവിധായകനായത്.
രഞ്ജി പണിക്കര്‍
നരന് എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ സംവിധായകന്റെ തൊപ്പി അണിയാനാണ് രഞ്ജി പണിക്കര്‍ ആഗ്രഹിച്ചത്. ചിത്രത്തില്‍ മോഹന്‍ലാല്‍ പോലീസ് ഉദ്യോഗസ്ഥനായിരുന്നു. പക്ഷേ ചിത്രം നടന്നില്ല. രഞ്ജി പണിക്കരുടെ അനുമതിയോടെ പിന്നീട് ഈ പേര് ജോഷി മോഹന്‍ലാല്‍ ചിത്രത്തിനിടുകയായിരുന്നു. ശേഷം വന്ന ഭരത് ചന്ദ്രന് IPS ആണ് രഞ്ജിയുടെ ആദ്യ സംവിധാന സംരംഭം.
നഹാസ് ഹിദായത്ത്
അന്റണി വര്‍ഗീസ് നായകനായ ആരവം എന്ന ചിത്രമാണ് നഹാസിന്റെ ആദ്യ ചിത്രമാകേണ്ടിയിരുന്നത്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ കോവിഡ് കാരണം നിര്‍ത്തി വെച്ച ശേഷം ചിത്രം നിന്നു പോയി. പിന്നീട് RDX ലൂടെയാണ് നഹാസ് സംവിധായകനായി അരങ്ങേറുന്നത്.
Recent Comments