നിരവധി പേരെ സ്വതന്ത്ര ഛായാഗ്രാഹകനാക്കിയ സംവിധായകനാണ് എ.കെ. സാജന്. സ്റ്റോപ്പ് വയലന്‍സിലൂടെ ജിബു ജേക്കബിനെയും അസുരവിത്തിലൂടെ വിഷ്ണു നാരായണനെയും പുതിയ നിയമത്തിലൂടെ റോബി വര്‍ഗീസിനെയും (കണ്ണൂര്‍ സക്വാഡ് സംവിധായകന്) മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത് സാജനാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സാജന്റെ സന്തത സഹചാരിയായിരുന്നു പ്രശസ്ത സംവിധായകനും സിനിമാട്ടോഗ്രാഫറായ അമല്‍ നീരദ്. തന്റെ സിനിമയില്‍ അമലിനെ ഛായാഗ്രാഹകനാക്കിയശേഷം തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങളെക്കുറിച്ച് കാന്‍ ചാനലുമായി പങ്കുവയ്ക്കുകയാണ് സാജന്.
‘കല്‍ക്കട്ട ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് പഠനം കഴിഞ്ഞ് അമല്‍ നാട്ടില്‍ വന്ന സമയം. കല്‍ക്കട്ട പശ്ചാത്തലമാക്കി കേരള കൗമുദിയില്‍ മാധവിക്കുട്ടിയും കെ എല്‍ മോഹനവര്‍മ്മയും എഴുതിയ അമാവാസി എന്ന നോവലിലെ പടങ്ങള്‍ അമലിന്റെയായിരുന്നു. കല്‍ക്കട്ടയെ വളരെ ഗ്രേഷേഡില് കാണിക്കുന്ന ആ പടങ്ങളിലൂടെയാണ് ഞാന്‍ അമലിനെ ശ്രദ്ധിക്കുന്നത്. ഓമനക്കുട്ടന് സാറാണ് മകനാണെന്ന് പറഞ്ഞ് അമലിനെ എനിക്ക് പരിചയപ്പെടുത്തുന്നത്. അമലിന് അന്ന് സിനിമയില്‍ അത്ര പരിചയമൊന്നുമില്ല. അമല്‍ ഒരു നാണം കുണുങ്ങിയാണ്. അയാള്‍ എല്ലാ ദിവസവും എന്റെ വീട്ടില്‍ വരും. വൈകുന്നേരം വരെ സിനിമകള്‍ ചര്‍ച്ച ചെയ്യും. വൈകാതെ അടുത്ത പടത്തില്‍ അമലിനെ ക്യാമറമാനായി ഞാന്‍ തീരുമാനിച്ചു . ‘
‘ആ ചിത്രത്തിലെ നായകനായി നിശ്ചയിച്ചിരുന്ന നടന് അഡ്വാന്‍സ് കൊടുക്കാന്‍ ചെന്നപ്പോള്‍ ക്യാമറ ചെയ്യുന്നത് അമലാണ് എന്ന് ഞാന്‍ പറഞ്ഞു. ഛായാഗ്രാഹകനായി അമല്‍ വേണ്ടെന്ന് ആ നടന് നിര്‍ബന്ധം പിടിച്ചു. എന്നുമാത്രമല്ല മറ്റൊരു ഛായാഗ്രാഹകനെ നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍ അമലില്ലാതെ പടം ചെയ്യില്ലെന്ന് ഞാനും പറഞ്ഞു.’
‘ഇതേ പ്രൊജക്ട് സംസാരിക്കാനായി ഞങ്ങള്‍ സുരേഷ് ഗോപിയുടെ അടുക്കല്‍ എത്തി. അന്ന് അദ്ദേഹം രാജസേനന്റെ ഒരു ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ആ സെറ്റില്‍ പോയാണ് സുരേഷിനെ കണ്ടത്. സുരേഷിനോട് അമലിന്റെ കാര്യം പറഞ്ഞു. അയാള്‍ ആരാണ് എന്ന് പോലും ചോദിക്കാതെ സുരേഷ് ഓക്കെ പറഞ്ഞു. പിന്നീട് പല പ്രശ്നങ്ങള്‍കൊണ്ടും ആ സിനിമയും നടന്നില്ല.’ എകെ സാജന് തുടര്‍ന്നു.
‘പിന്നെയാണ് തേനീച്ച എന്നൊരു സിനിമയിലേക്ക് ഞങ്ങള്‍ എത്തുന്നത്. ബിജുമേനോനെയും ശ്വേതാ മേനോനെയുമാണ് ചിത്രത്തിലെ പ്രധാന താരങ്ങളായി കാസ്റ്റ് ചെയ്തത്. കണ്ണൂര്‍ തളിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ പോയി ലൊക്കേഷന്‍ കണ്ടതും അമലായിരുന്നു. അന്ന് അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടു. തട്ടുകടയില്‍ നിന്നാണ് ഭക്ഷണംപോലും കഴിച്ചിരുന്നത്. നിര്‍മ്മാതാക്കളുടെ സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം ആ പ്രോജക്ടും മുടങ്ങിപ്പോകുകയായിരുന്നു.’
‘അപ്പോഴേക്കും ജെയിംസ് എന്ന സിനിമയുടെ ഭാഗമായി അമല്‍ മുംബൈയിലേയ്ക്ക് പോയി. മലയാള സിനിമയില്‍ അനിശ്ചിതത്വങ്ങള്‍ ഏറെയാണെന്നും ഹിന്ദിയില്‍ അനന്തസാദ്ധ്യതയുണ്ടെന്നും ഞാന്‍ അമലിനോട് പറഞ്ഞു. ഹിന്ദി വര്‍ക്ക് കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമാണ് അമല്‍ ബിഗ് ബി സംവിധാനം ചെയ്തത്. പിന്നീടുള്ളത് അമലിന്റെ വളര്‍ച്ചയുടെ ചരിത്രം.’ സാജന് പറഞ്ഞു.
അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം കാണാം:
Recent Comments