സര്‍പ്പകാവുകളുടെ മണം മുറ്റി നില്ക്കുന്ന രാഘവപ്പറമ്പില്‍നിന്ന് ഉദയം കൊണ്ട ഒരു കവി. മന്വന്തരങ്ങളെ കവിത കൊണ്ട് ഭ്രമിപ്പിച്ച വയലാര്‍ രാമവര്‍മ്മ ഓര്‍മ്മയായിട്ട് 48 വര്‍ഷം. വര്‍ഷങ്ങള്‍ക്ക് ഇപ്പറവും വയലാറിനെ ഓര്‍ക്കാന്‍ കാര്യങ്ങള്‍ ഏറെയാണ്. ആ ഓര്‍മ്മകളിലേക്ക്, കവിയിലേക്ക്, കവിയുടെ കവിതയിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാം.
തൊള്ളായിരത്തിയമ്പതുകളുടെ പ്രാരംഭത്തില്‍ തന്നെ പ്രശസ്തനായിത്തീര്‍ന്ന വയലാര്‍ അതേ ദശകത്തിന്റെ മദ്ധ്യ ഘട്ടത്തോടു കൂടിയാണ് ഗാന രചനയാരംഭിചത്. നാടകങ്ങളില്‍ ഏതാണ്ട് ഇരുനൂറിനു മേല്‍ പാട്ടുകള്‍, അനേകം കവിതകള്‍ ഇവയ്ക്ക് പുറമേ നിണമാര്‍ന്ന വിപ്ലവ സ്വപ്നങ്ങള്‍ക്കു കാവ്യസൗരഭ്യത്തിന്റെ കരുത്തും ശേഷിയും നല്കിയ കവിയായി മാറി. അങ്ങനെ വയലാര്‍ ഈ നാടിന്റെ ഗാനമായി, ജ്വാലയായി, ലഹരിയായി, ഉന്മാദമായി.
‘സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തേയും’
എന്ന ഈരടിലൂടെ വയലാര്‍ എന്ന കവിയെ ആര്‍ക്കും തൊട്ട് നോക്കുവാന്‍ കഴിയും. കവിയുടെ കൈയ്യൊപ്പ് അത്രയധികം വ്യക്തം.
1957 ല്‍ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടന ചടങ്ങിന് അവതരിപ്പിക്കുവാന്‍ വേണ്ടിയാണ് അദ്ദേഹം ‘ബലികുടീരങ്ങളെ…’ എന്ന ഗാനം രചിച്ചത്. നൂറുനൂറു ചില്ലകളില്‍ ഗ്രീഷ്മ പുഷ്പങ്ങള്‍ വിടര്‍ത്തി നില്ക്കുന്ന ഒരു പൂവാക പോലെയാണ് ബലികുടീരങ്ങളെ എന്ന ഗാനം. തന്നെ തപിപ്പിക്കുന്ന വേനലിനോട് അത് സ്വന്തം അസ്തിത്വാഭിമാനം വിളംബരം ചെയ്യുന്നു.
നാടക ഗാനങ്ങളില്‍നിന്ന് ചലച്ചിത്ര ഗാനരചനയിലേക്ക് വന്നപ്പോള്‍ വീണ്ടുമൊരു വഴിത്തിരിവായി. 1956 ല്‍ കൂടപ്പിറപ്പ് എന്ന സിനിമയ്ക്കു വേണ്ടി ഗാനങ്ങളെഴുതി തന്റെ സിനിമാജീവിതം തുടങ്ങിയ വയലാര്‍ 250 ലേറെ ചിത്രങ്ങള്‍ക്കുവേണ്ടി 1300 ഓളം ഗാനങ്ങള്‍ രചിച്ചു. വിരല്‍ത്തുമ്പ് തൊട്ടാലുടനെ പൊട്ടിവിടരുന്ന പൂമൊട്ടുകളെ അനുസ്മരിപ്പിക്കുന്ന ഭാവപ്രകാശനമാണ് വയലാര്‍ ഗാനങ്ങളിലുള്ളത്. സന്ന്യാസിനിയിലെ ‘രാത്രി പകലിനോട് എന്ന പോലെ’ എന്ന വരികള്‍ ഇത് അടയാളപ്പെടുത്തുന്നു.
വിളികളിലൂടെയാണ് വയലാര്‍ പല പാട്ടുകളും തുടങ്ങുന്നത്. ചക്രവര്‍ത്തിനി, സന്യാസിനി, സുമംഗലി തുടങ്ങിയ നിരവധി ഗാനങ്ങള്‍ ഇതിന് ഉദാഹരണമാണ്. സാധാരണ രീതിയില്‍ കേട്ടാല്‍ അശ്ലീലം എന്ന് തോന്നിപ്പിക്കുന്ന വരികളെ രചനാവൈഭവം കൊണ്ട് വയലാര്‍ കുസൃതിയാക്കി മാറ്റാറുണ്ട്. നാളീകലോചനേ ഗാനത്തിലെ ‘ശ്രീമംഗലേ നിന്റെ താരുണ്യവനത്തില് കാമുകന് കടന്നതിനാലോ’ എന്ന വരികള്‍ ഇതിന്റെ അങ്ങേയറ്റമാണ്. കുറച്ചും കൂടി നേര്‍പ്പിച്ച വകഭേദമാണ് ‘താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയില്‍’ എന്ന ഗാനം. കവിതയുടെ ആത്മാവിലേക്ക് സംഗീതത്തെ കടത്തി വിടുകയും ഗാനങ്ങളുടെ ഹൃദയത്തിലേക്ക് കവിതയെ ആവാഹിക്കുകയും ചെയ്തു അദ്ദേഹം.
വയലാറിന്റെ പാട്ടുകളില്‍ പ്രേമം ഒരു മാംസനിബദ്ധമായ ഒരു മാദകവികാരമാണ്. സുമംഗലി എന്ന ഗാനത്തിലെ ‘നിറഞ്ഞമാറിലെ ആദ്യനഖക്ഷതം മറയ്ക്കുവാനേ കഴിയൂ’ എന്ന വരികള്‍ ഇത് ഓര്‍മ്മപ്പെടുത്തുന്നു. പദം, അര്‍ത്ഥം, ഭാവം എന്നീ തലങ്ങള്‍ക്ക് പുറമെ സംസ്കാരം എന്ന നാലാമതൊരു തലത്തിലേക്ക് ഗാനങ്ങള്‍ എത്തുന്നു. സന്ന്യാസിനിയിലെയും ചക്രവര്ത്തിനിയിലെയും ഓരോ വാക്കുകളിലും ആ സംസ്കാരം നിഴലിക്കുന്നു. ‘കാവി ചുറ്റിയ സന്ധ്യയ്ക്കു പിന്നിലെ കറുത്തവാവുകളേ’ (ഈശ്വരന് ഹിന്ദുവല്ല) എന്ന് പാടാനുള്ള കവിയുടെ നട്ടെല്ലും ഈ സംസ്കാരത്തിന്റെ ഭാഗമാണ്.
‘വസുന്ധരേ… വസുന്ധരേ..
മതിയാകും വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ?’
ജീവിച്ചു മതിവരാത്ത നിമിഷത്തില്‍ മരണത്തിന്റെ മടിയില്‍ തലചായ്ക്കാന്‍ വിധിക്കപ്പെട്ട മനുഷ്യരായ മനുഷ്യരുടെ മുഴുവന്‍ ശബ്ദവും ഈ വരികളിലുണ്ട്. ഒടുവില്‍ അതുപോലെ തന്നെ വയലാര്‍ യാത്ര പറഞ്ഞപ്പോള്‍ കരയാനറിയാത്ത ദൈവങ്ങളും കരയാന്‍ മാത്രം പഠിച്ച മനുഷ്യരും കണ്ണീരൊഴുക്കി. വയലാര്‍ എന്ന ഗന്ധര്വന് മലയാളത്തിന്റെ നിസ്തുല സൗന്ദര്യമായി നിലനില്ക്കുന്നു. ഏതോ പുഴയുടെ പുളിനങ്ങളില്‍ ആയിരം പാദസരങ്ങളുടെ ഗാനനിര്‍ഝരി ഇന്നും കേള്‍ക്കുന്നു.
Recent Comments