മീന, മനോജ് കെ. ജയന്, ശ്രീകാന്ത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ആനന്ദപുരം ഡയറീസ്. ‘ഇടം’ എന്ന ചിത്രത്തിനു ശേഷം ജയ ജോസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഷൂട്ടിങ്ങ് പൂര്‍ത്തിയായ സിനിമ ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. കാന്‍ ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംവിധായകന് ജയ ജോസ് രാജ് ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നു.
കോളേജിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത് എന്ന് കേട്ടു. ഏതു തരത്തിലുള്ള സിനിമയാണ് ആനന്ദപുരം ഡയറീസ്?
ആനന്ദപുരത്തുള്ള ഒരു ലോ കോളേജിലെ സംഭവങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. 20 വര്‍ഷത്തിന് ശേഷം ലോ കോളേജില്‍ മീന അവതരിപ്പിക്കുന്ന കഥാപാത്രം മുടങ്ങി പോയ പഠനം പൂര്‍ത്തിയാക്കാന്‍ വരുന്നതും തുടര്‍ന്ന് കോളേജിലെ പ്രശ്നങ്ങള്‍ നിയമപരമായി നേരിടുന്നതുമാണ് ഇതിവൃത്തം. കോളേജിന്റെയും കുടുംബബന്ധങ്ങളുടെയും വക്കീല്‍ ജോലിയുടെയെല്ലാം കഥ പറയുന്ന ഒരു സിനിമയാണ് ആനന്ദപുരം ഡയറീസ്.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മീനയാണല്ലോ. എങ്ങനെയാണ് മീനയിലേക്ക് എത്തിപ്പെട്ടത്?
ഭര്‍ത്താവിന്റെ മരണശേഷം മീന ആദ്യമായിട്ട് അഭിനയിക്കുന്നത് ഈ ചിത്രത്തിലാണ്. യുവാക്കളുമായി ഇടപഴകേണ്ട ഒരു കഥാപാത്രമാണ്. ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിയുന്ന നടി എന്ന നിലയിലാണ് മീനയിലേക്ക് എത്തി ചേരുന്നത്. ഞങ്ങള്‍ ചെന്നൈയില്‍ പോയാണ് മീനയോട് കഥ പറയുന്നത്. ശക്തമായ ഒരു കഥാപാത്രത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്ന അവര്‍, കഥ കേട്ട് ചെയ്യാം എന്ന് സമ്മതിച്ചു. തമിഴിലും മലയാളത്തിലുമായിട്ടാണ് ചിത്രം എടുത്തിരിക്കുന്നത്. രണ്ട് ഭാഷാ ചിത്രങ്ങള്‍ക്കും യോജിച്ച അഭിനേത്രി എന്ന നിലയിലാണ് മീനയെ കാസ്റ്റ് ചെയ്തത്.
ഷൂട്ടിംഗ് ലൊക്കേഷന്‍ എവിടെയായിരുന്നു?
തൊണ്ണൂറ് ശതമാനവും വയനാട്ടിസാലായിരുന്നു. ലക്കിടി, ബത്തേരി തുടങ്ങിയ സ്ഥലങ്ങള്‍.
പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ എത്രത്തോളം പൂര്‍ത്തിയായി?
ഫസ്റ്റ് കട്ട് കഴിഞ്ഞു. ഡബ്ബിങ്ങ് നാളെ മുതല്‍ തുടങ്ങും.
ചിത്രത്തില്‍ അഞ്ച് പാട്ടുകളാണുള്ളത്. സംഗീത പ്രാധാന്യമുള്ള ചിത്രമാണോ?
4 പാട്ടുകള്‍ ഷാന്‍ റഹ്മാനും ഒരു പാട്ട് ആല്‍ബര്‍ട്ട് വിജയനുമാണ് ഒരുക്കിയിരിക്കുന്നത്. കഥയുമായി ബന്ധപ്പെട്ടു കിടക്കുന്ന പാട്ടുകളാണ് എല്ലാം. സംഗീത പ്രധാന്യം ഉണ്ട്. അതോടൊപ്പം കഥയ്ക്കും പ്രാധാന്യമുണ്ട്. കഥ ആവശ്യപ്പെടുന്ന പാട്ടുകളാണ് ഇവ.
പ്രേക്ഷകര്‍ ചിത്രത്തെ എങ്ങനെ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ?
തീര്‍ച്ചയായും പ്രേക്ഷകര്‍ക്ക് ചിത്രം ഇഷ്ടപ്പെടും. മധ്യവയസ്കരില്‍ ഒരു നൊസ്റ്റാള്‍ജിയ ഉണ്ടാക്കാനും, യുവാക്കള്‍ക്ക് റിലേറ്റ് ചെയ്യാനും സാധിക്കുന്ന തരത്തിലുള്ള കഥയാണ് ഇത്. അതുകൊണ്ട് പ്രേക്ഷകര്‍ നല്ല രീതിയില്‍ ചിത്രത്തെ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.
നീല്‍ പ്രൊഡക്ഷന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ശശി ഗോപാലന് നായരാണ് കഥയെഴുതി നിര്‍മ്മിക്കുന്നത്. സജിത്ത് പുരുഷനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. റഫീഖ് അഹമ്മദ്, മനു മഞ്ജിത് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്, ആല്‍ബര്‍ട്ട് വിജയന് എന്നിവര്‍ സംഗീതം പകരുന്നു. പ്രൊഡക്ഷന്‍ കണ്ട്രോളര് വിനോദ് മംഗലത്ത്. അപ്പു ഭട്ടതിരിയും ഷായിജാസും ചേര്‍ന്നാണ് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത്.
Recent Comments