ടൊവിനോ തോമസ് നായകനാകുന്ന നടികര്‍ തിലകത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ ചിത്രത്തിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് ശിവാജി ഗണേശന്റെ ആരാധക സംഘടന. താരസംഘടനയായ അമ്മയ്ക്ക് അയച്ച കത്തിലാണ് ‘നടികര്‍ തിലകം ശിവാജി സമൂഗനല പേരവൈ’
എന്ന സംഘടന ചിത്രത്തിന്റെ പേര് മാറ്റുവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നടികര്‍ തിലകം എന്നത് അവര്‍ക്ക് ഒരു പേര് മാത്രമല്ല, ജീവശ്വാസമാണെന്ന് അവര്‍ കത്തില്‍ കുറിക്കുന്നു.
‘നടികര്‍ തിലകം’ എന്ന പേര് ഒരു മലയാള സിനിമക്ക് നല്‍കുന്നത് ശിവാജി ഗണേശന് ആരാധകര്‍ക്കും തമിഴ് സിനിമയെ സ്നേഹിക്കുന്ന ലോകമെമ്പാടുമുള്ളവര്‍ക്കും ഏറെ വേദന ജനിപ്പിക്കുന്നതാണ്. അദ്ദേഹത്തിന്റെ പേര് ഒരു കോമഡി സിനിമക്ക് നല്‍കുന്നതിലൂടെ ഞങ്ങള്‍ ഹൃദയംകൊണ്ട് ആരാധിക്കുന്ന ആ നടന്റെ പേരിനെ മനഃപൂര്‍വം അവഹേളിക്കുകയാണ്. ഒത്തൊരുമയോടെ പോകുന്ന തമിഴ്-മലയാളം സിനിമ മേഖലയുടെ ബന്ധത്തില്‍ വിള്ളല്‍ ഉണ്ടാക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ തന്നെ നടികര്‍ തിലകം എന്ന പേര് ഉപയോഗിക്കുവാന്‍ അനുവദിക്കരുത്.’ അവര്‍ കത്തില്‍ പറയുന്നു.
മിന്നല്‍ മുരളി, തല്ലുമാല, അജയന്റെ രണ്ടാം മോഷണം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ടൊവിനോ നായകനാകുന്ന ചിത്രമാണ് നടികര്‍ തിലകം. ഭാവനയാണ് ചിത്രത്തില്‍ നായികയാകുന്നത്. ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
സംഘടനയുടെ ആവശ്യത്തോട് ‘നടികര്‍ തിലകം’ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അനുകൂലമായോ പ്രതികൂലമായോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Recent Comments